നീതി നടപ്പാക്കുന്നത് മാത്രമല്ല, പുലരുന്നുണ്ടോയെന്ന് തോന്നുകയും വേണം: സഞ്ജീവ് ഭട്ട്
national news
നീതി നടപ്പാക്കുന്നത് മാത്രമല്ല, പുലരുന്നുണ്ടോയെന്ന് തോന്നുകയും വേണം: സഞ്ജീവ് ഭട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th May 2023, 10:06 am

ന്യൂദല്‍ഹി: നീതി നടപ്പിലാക്കുന്നത് മാത്രമല്ല, പുലരുന്നുണ്ടെന്ന് ഹരജിക്കാരന് തോന്നുകയും വേണമെന്ന് ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് എം.ആര്‍.ഷാ കസ്റ്റഡി മരണക്കേസിലെ വാദം കേള്‍ക്കാതിരിക്കുന്നതാണ് ജുഡീഷ്യല്‍ ഔചിത്യമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം 1990ലെ കസ്റ്റഡി മരണക്കേസുകളില്‍ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കണമെന്ന ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതിയോട് ഭട്ട് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സഞ്ജീവ് ഭട്ടിന് വേണ്ടി അഭിഭാഷകന്‍ ദേവദത്ത് കാമത്തായിരുന്നു കോടതിയില്‍ ഹാജരായത്.

‘ ഗുജറാത്ത് ഹൈക്കോടതിയിലെ ജഡ്ജിയായിരിക്കേ ഇതേ കേസില്‍ ഭട്ടിന്റെ വിചാരണ വൈകിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഇപ്പോഴും കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഭട്ട് ശ്രമിക്കുന്ന സാഹചര്യത്തിലും വാദം കേള്‍ക്കുന്നത് വൈകിപ്പിക്കാന്‍ ശ്രമിക്കുന്നു,’ കാമത്ത് പറഞ്ഞു.

ജഡ്ജി യഥാര്‍ത്ഥത്തില്‍ പക്ഷപാതപരമായി പെരുമാറുന്നുണ്ടോ എന്നല്ല, അതിന് സാധ്യതയുണ്ടോ എന്ന് പോലും ഹരജിക്കാരന്റെ മനസില്‍ ആശങ്കയുണ്ടോ എന്നതാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജസ്റ്റിസ് ഷായുടെ ബെഞ്ചിലെ ജസ്റ്റിസ് സി.ടി. രവികുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള എസ്.എസ്.എന്‍.സി ലാവലിന്‍ കേസില്‍ നിന്ന് പിന്മാറിയിട്ടുണ്ടെന്നും കാമത്ത് പറഞ്ഞു.

എന്നാല്‍ ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗ് പരാമര്‍ശങ്ങളെ എതിര്‍ത്തു. ഭട്ടിന്റെ നിരവധി കേസുകള്‍ ജസ്റ്റിസ് ഷാ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വാദിച്ചു.

അതേസമയം ജസ്റ്റിസ് എം.ആര്‍.ഷാ സുപ്രീം കോടതിയിലെ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് പിന്മാറണമെന്നുമുള്ള ഭട്ടിന്റെ ആവശ്യവും കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ബുധനാഴ്ച പകല്‍ കേസ് പരിഗണനയിലെടുക്കവേയായിരുന്നു താന്‍ പിന്മാറണമെന്ന ഭട്ടിന്റെ ഇടക്കാല ഉത്തരവ് തള്ളുന്നതായി ഷാ അറിയിച്ചത്. തുടര്‍ന്ന് ഷായും രവികുമാറുമാണ് വാദം കേട്ടത്.

വിചാരണ കോടതി ഭട്ടിനോട് ചെയ്ത അനീതികള്‍ വ്യക്തമാക്കുന്ന രേഖകള്‍ നിരത്തുന്നതിനിടയില്‍ ഇതെല്ലാം നേരത്തെ തന്നെ ഗുജറാത്ത് ഹൈക്കോടതിയില്‍ നിരത്തിയതല്ലെയെന്ന് ഷാ ചോദിച്ചു. അന്ന് തന്നെ സാക്ഷികളെയെല്ലാം വിചാരണ കോടതി ക്രോസ് വിസ്താരം ചെയ്തതല്ലെ എന്ന് ചോദിച്ച സുപ്രീം കോടതി സാക്ഷി മൊഴികളും തെളിവുകളും വിശ്വസിക്കണോ വേണ്ടയോ എന്ന കാര്യം ഗുജറാത്ത് ഹൈക്കോടതിക്ക് വിട്ടുകൊടുക്കണമെന്നും വ്യക്തമാക്കി.

1990ലെ പ്രഭുദാസ് മാധാവ്ജി വൈഷണിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടതായിരുന്നു കേസ്. 1990 നവംബറിലാണ് അദ്ദേഹം മരണപ്പെട്ടത്. സഞ്ജീവ ഭട്ട് ജാംനഗര്‍ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായിരിക്കേയാണ് വൈഷണി മരണപ്പെട്ടത്.

ഭാരത് ബന്ദിനെതിരെ കലാപം അഴിച്ചുവിട്ടതിന്റെ പേരില്‍ വൈഷണി ഉള്‍പ്പെടെ 133 പേരെ സഞ്ജീവ് ഭട്ടിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് പത്താമത്തെ ദിവസം അയാള്‍ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് ജാംനഗറിലെ സെഷന്‍ കോടതി ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.

content highlight: Justice should not only be done, but also felt to be dawning: Sanjeev Bhatt