ജസ്റ്റിസ് കെ.എം ജോസഫ് ജൂനിയര്‍ ജഡ്ജി തന്നെ: കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തം
national news
ജസ്റ്റിസ് കെ.എം ജോസഫ് ജൂനിയര്‍ ജഡ്ജി തന്നെ: കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th August 2018, 9:37 am

ന്യൂദല്‍ഹി: ജസ്റ്റിസ് കെ.എം ജോസഫ് ജൂനിയര്‍ തന്നെയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജിയും വിനീത് ശരണും ജോസഫിനേക്കാള്‍ സീനിയര്‍മാരാണ്. സീനിയോറിറ്റി നിശ്ചയിച്ചത് രണ്ടാമത്തെ ശുപാര്‍ശ മാത്രം കണക്കിലെടുത്താണെന്നും കേന്ദ്രം അറിയിച്ചു.

അതേസമയം, ജസ്റ്റിസ് കെ.എം ജോസഫിനെ ജൂനിയര്‍ ജഡ്ജിയായി നിയമിച്ചതില്‍ ഉന്നത ജുഡീഷ്യറിയില്‍ പ്രതിഷേധം ശക്തമായി. സീനിയോറിറ്റിയില്‍ മൂന്നാമതായാണ് ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം. ജോസഫിനോട് കേന്ദ്രസര്‍ക്കാര്‍ അനീതി കാണിച്ചെന്നാണ് ജഡ്ജിമാര്‍ക്കിടയിലെ പൊതുവികാരം. ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ.

Read:  കേരളത്തിലെ ഭൂരിപക്ഷ സമൂഹം മനസ്സുവെച്ചാല്‍ ഒരു സ്ഥാപനമല്ല ഒരായിരം സ്ഥാപനം ഇവിടെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയും: കെ സുരേന്ദ്രന്‍

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫ്, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരെ സുപ്രീം കോടതിയില്‍ നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചത്.

ജോസഫിന്റെ നിയമനം സംബന്ധിച്ച് ആറു മാസത്തിലേറെയായി സുപ്രീം കോടതി കൊളീജിയവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിലനിന്ന ശീതയുദ്ധത്തിനു വിരാമമിടുന്നതായിരുന്നു നിയമന നടപടി. ജസ്റ്റിസ് ജോസഫിന്റെ പേര് കഴിഞ്ഞ ജനുവരിയിലാണ് ആദ്യം കൊളീജിയം ശുപാര്‍ശ ചെയ്തത്. ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് തള്ളി.

തുടര്‍ന്ന് ജൂലൈ 16നു ജസ്റ്റിസ് ജോസഫിന്റെ പേരു വീണ്ടും ശുപാര്‍ശ ചെയ്യാനും ഇന്ദിരാ ബാനര്‍ജിയെയും വിനീത് സരണിനെയും കൂടി ഉള്‍പ്പെടുത്താനും ദീപക് മിശ്ര അധ്യക്ഷനായ കൊളീജിയം തീരുമാനിച്ചു. ഒരു പേരു രണ്ടാമതും ശുപാര്‍ശ ചെയ്താല്‍ അതു സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണു വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍നടപടി.

സുപ്രീംകോടതി ജഡ്ജിമാരില്‍ ഇന്ദിരാ ബാനര്‍ജിക്കും വിനീത് സരണിനും ശേഷമാണ് ജോസഫിന്റെ പേരുള്ളത്. എന്നാല്‍ കെ.എം ജോസഫിന്റെ പേരിനു പിന്നാലെയാണ് ഇന്ദിര ബാനര്‍ജിയുടെയും വിനീത് ശരണിന്റെയും പേര് കൊളീജിയം ശുപാര്‍ശ ചെയ്തതെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടുന്നു. സീനിയോറിറ്റിയില്‍ ഇവര്‍ക്കു ശേഷം ജോസഫിന്റെ പേര് കേന്ദ്രം പരിഗണിച്ചതാണ് ജഡ്ജിമാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്.

Read:  ഹിന്ദു ഉണര്‍ന്നാല്‍ വര്‍ഗീയവാദിയല്ല രാജ്യസ്‌നേഹിയാണ് ഉണ്ടാകുന്നത്: അശ്വതി ജ്വാല

എന്നാല്‍, തങ്ങള്‍ ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയനുസരിച്ചാണ് തീരുമാനമെടുത്തതെന്നും അതനുസരിച്ചാണ് ജസ്റ്റിസ് ജോസഫിനെ മൂന്നാമതാക്കിയതെന്നുമാണ് സര്‍ക്കാരിന്റെ വാദം. 2016ല്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിനെതിരെ ജസ്റ്റിസ് ജോസഫ് അധ്യക്ഷനായ ബെഞ്ച് നല്‍കിയ വിധിയാണ് അദ്ദേഹത്തെ കേന്ദ്ര സര്‍ക്കാരിന് അപ്രിയനാക്കുന്നത്.

അതേസമയം, സുപ്രീം കോടതിയില്‍ പട്ടിക വിഭാഗത്തില്‍നിന്ന് ഒരാളെ നിയമിക്കേണ്ടതുണ്ടെന്ന കാരണവും ജസ്റ്റിസ് ജോസഫിന്റെ പേര് തള്ളിക്കളഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പറഞ്ഞിരുന്നു. മൂന്നു മാസത്തിനുശേഷം ജസ്റ്റിസ് ജോസഫ് ഉള്‍പ്പെടെ പുതുതായി മൂന്നു പേരെക്കൂടി നിയമിക്കാന്‍ തീരുമാനിച്ചപ്പോള്‍ പട്ടികവിഭാഗ പ്രാതിനിധ്യമെന്ന വാദം സര്‍ക്കാര്‍ മറക്കുകയായിരുന്നു.