ന്യൂദല്‍ഹി: ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് ശ്രദ്ധേയനായ ജഡ്ജിയായിരുന്നു ജ. ജയന്ത് പട്ടേല്‍. കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിക്കുകയായിരുന്ന പട്ടേല്‍ ഇന്നലെയാണ് തന്റെ രാജി പ്രഖ്യാപിച്ചത്.
അര്‍ഹമായ സ്ഥാനക്കയറ്റം തടഞ്ഞുവെക്കുകയും അന്യായമായി സ്ഥലം മാറ്റുകയും ചെയ്തതിനെത്തുടര്‍ന്നാണ് ജയന്ത് പട്ടേല്‍ രാജി പ്രഖ്യാപിച്ചതെന്ന് ഇന്നലെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇസ്രത് ജഹാന്‍ കേസിലെ വിധിക്കുള്ള ശിക്ഷയായിട്ടാണ് ജഡ്ജിനെതിരായ നടപടിയെന്ന് വിവിധ ബാര്‍ അസോസിയേഷനുകളും വിമര്‍ശനം ഉന്നയിച്ചിരുന്നു.
തന്റെ രാജിയുടെ പിന്നിലെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജയന്ത് പട്ടേല്‍. അലഹബാദ് ഹൈക്കോടതിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതറിഞ്ഞപ്പോള്‍ തന്നെ താന്‍ രാജിവെക്കാന്‍ തീരുമാനിച്ചിരുന്നെന്നാണ് ജയന്ത് പട്ടേല്‍ പറയുന്നത്.
“അലഹബാദ് ഹൈക്കോടതിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതറിഞ്ഞപ്പോള്‍ തന്നെ താന്‍ രാജിവെക്കാന്‍ തീരുമാനിച്ചിരുന്നു. എന്റെ രാജി ഞാന്‍ ഇന്ത്യന്‍ പ്രസിഡന്റിന് അയക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ മുതല്‍ ഞാന്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് മോചിതനായി. എന്നെ അലഹബാദിലേക്ക് മാറ്റാനുള്ള കാരണം എന്താണെന്ന് എനിക്കറിയില്ല. 16 വര്‍ഷക്കാലം ജഡ്ജിന്റെ മഹത്വം അനുസരിച്ച് തന്നെ ജോലി ചെയ്തു. പത്ത് മാസം മാത്രം അവശേഷിക്കുമ്പോള്‍ ഞാന്‍ എന്തിനാണ് മറ്റൊരിടത്തേക്ക് പോകേണ്ടത്.”
“സത്യപ്രതിജ്ഞ ചെയ്തതിനനുസരിച്ചുള്ള ജോലി തന്നെയാണ് ഈ കാലയളവില്‍ ഞാന്‍ ചെയ്തത്. ശിക്ഷിക്കുക എന്നത് അത്യന്തികമായി ദൈവത്തിന്റെ കൈയ്യിലാണ്. തികഞ്ഞ ആത്മാര്‍ത്ഥയോടെയും കൃത്യതയോടെയും തന്നെയാണ് ഞാന്‍ ജോലി ചെയ്തിരിക്കുന്നത്.”
ഇസ്രത് ജഹാന്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചതാണോ സ്ഥലമാറ്റത്തിനുള്ള കാരണം എന്ന ചോദ്യത്തോട് പ്രതികരിച്ച പട്ടേല്‍ പാര്‍ട്ടിയുടെ പേരു നോക്കി താന്‍ തീരുമാനങ്ങള്‍ എടുക്കാറില്ലെന്നായിരുന്നു പറഞ്ഞത്.
“എല്ലാ ദിവസവും തീരുമാനങ്ങള്‍ എടുക്കാറുണ്ട്. ഞങ്ങള്‍ ഒരിക്കലും കേസ് ഇതിനെക്കുറിച്ചാണോ അതിനെക്കുറിച്ചാണോ എന്നൊന്നും നോക്കാറില്ല. ഞങ്ങള്‍ ഒരിക്കലും പാര്‍ട്ടിയുടെ പേരു നോക്കി തീരുമാനങ്ങള്‍ എടുക്കാറില്ല. ഇതൊരിക്കലും അതിന് കാരണമായിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ മറ്റാരെങ്കിലും എടുത്ത തീരുമാനത്തിന് എനിക്ക് ഉത്തരം നല്‍കാനും കഴിയില്ല.” അദ്ദേഹം പറയുന്നു.