Advertisement
Football
ആരാണ് ഗോട്ട്? മനസുതുറന്ന് യര്‍ഗന്‍ ക്ലോപ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jul 02, 04:48 pm
Sunday, 2nd July 2023, 10:18 pm

ഫുട്‌ബോളില്‍ ഡീഗോ മറഡോണ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റൊണാള്‍ഡോ നസാരിയോ, റൊണാള്‍ഡീഞ്ഞോ, സിനദിന്‍ സിദാന്‍, നെയ്മര്‍, കിലിയന്‍ എംബാപ്പെ തുടങ്ങിയ താരങ്ങളോട് അടുത്തിടപഴകാന്‍ ലിവര്‍പൂള്‍ കോച്ചായ യര്‍ഗന്‍ ക്ലോപ്പിന് അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച താരം ഇവരൊന്നുമല്ലെന്നും അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയാണ് എക്കാലത്തെയും മികച്ച കളിക്കാരനെന്നും അദ്ദേഹം പറഞ്ഞു.

നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നയാളാണ് മെസിയെന്നും അദ്ദേഹത്തിന്റെ ടീം അംഗങ്ങളും മികച്ച കളിക്കാരായത് കൊണ്ടാണ് അര്‍ജന്റീനക്ക് നിരവധി ചാമ്പ്യന്‍ഷിപ്പുകള്‍ നേടാനായതെന്നും ക്ലോപ്പ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘അര്‍ജന്റീനക്ക് നേരത്തെ പല ഫൈനലുകളും നഷ്ടമായിട്ടുണ്ടായിരുന്നു. അവര്‍ക്ക് മുമ്പ് ഭാഗ്യമില്ലാത്ത നാളുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാലിപ്പോള്‍ ലയണല്‍ മെസിയെന്ന ഫുട്‌ബോളര്‍ അതെല്ലാം മാറ്റിമറിച്ചിരിക്കുകയാണ്.

ഈ പ്രായത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ഒരു ഫുട്‌ബോളര്‍ക്ക് എത്ര ഹൈ ലെവലില്‍ വേണമെങ്കിലും കളിക്കാനാകുമെന്നതിന്റെ സൂചനയാണ്. അദ്ദേഹത്തെ കളത്തില്‍ ഇങ്ങനെ കാണുന്നതില്‍ ഒത്തിരി സന്തോഷം തോന്നുന്നു,’ ക്ലോപ്പ് പറഞ്ഞു.

അതേസമയം, ഈ സീസണിന്റെ അവസാനത്തോടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍മെസി ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ് അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്യന്‍ ലീഗില്‍ നിന്ന് ബ്രേക്ക് എടുത്ത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിക്കൊപ്പം എം.എല്‍.എസ് കളിക്കാനാണ് പദ്ധതിയിട്ടത്.

1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്.

ജൂലൈ 16നാണ് ഇന്റര്‍ മിയാമി മെസിയെ ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കിയതോടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്റര്‍ മിയാമി മെസിയെ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ പ്രചാരം നേടാനാണ് പദ്ധതിയിടുന്നത്. അതിനാല്‍ വലിയ രീതിയില്‍ ഇതിഹാസത്തെ പ്രെസന്റ് ചെയ്യാനാണ് ഇന്റര്‍ മിയാമിയുടെ തീരുമാനം.

Content Highlights: Jurgen Klopp about Lionel Messi