ഖത്തര്‍ ലോകകപ്പിലെ സെമി ഫൈനലില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീന ക്രൊയേഷ്യയെ തോല്‍പിച്ചത്. ജൂലിയന്‍ അല്‍വാരസ് ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഒരു പെനാല്‍ട്ടി ഗോളും നേടിയിരുന്നു.
മത്സരത്തിന്റെ 69ാം മിനിട്ടിലാണ് അല്‍വാരസിന്റെ രണ്ടാം ഗോള്‍ പിറന്നത്. മെസിയായിരുന്നു ഈ ഗോളിന് വഴിയൊരുക്കിയത്. ഗ്രൗണ്ടിന്റ വലതുഭാഗത്തിന്റെ പകുതിയില്‍ നിന്ന് ലഭിച്ച പന്ത് ക്രൊയേഷ്യന്‍ പ്രതിരോധ താരങ്ങളെ അനായസം മറികടന്ന് മെസി അല്‍വാരസിന് നല്‍കുകയായിരുന്നു.
സെമി ഫൈനല്‍ കണ്ട ഒരു അര്‍ജന്റൈന്‍ ആരാധകനും മറക്കാന്‍ പറ്റാത്ത ഗോളായിരുന്നു ആ മത്സരത്തിലെ അവസാന ഗോള്‍.
താനാണ് പന്ത് വലയിലെത്തിച്ചതെങ്കിലും ആ ഗോള്‍ മെസിക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞിരിക്കുകയാണ് അല്‍വാരസ്. ഗോളിന്റെ 90 ശതമാനം പങ്കാളിത്തവും മെസിയുടേതായിരുന്നെന്നും ബാക്കി 10 ശതമാനം മാത്രമാണ് തന്റേതെന്നുമാണ് അല്‍വാരസ് പറഞ്ഞത്.
‘പെനാല്‍ട്ടി ഏരിയയില്‍ ഞാന്‍ പന്ത് ലഭിക്കാന്‍ വേണ്ടി കാത്തുനില്‍ക്കുകയായിരുന്നു. മെസി അതിലെയും ഇതിലെയും ഓടിക്കൊണ്ട് അവിടെയെത്തി. നമ്മള്‍ നമ്മുടെ സഹതാരത്തെ എപ്പോഴും വിശ്വസിക്കണം, അവരുടെ പക്കല്‍ പന്തുള്ളപ്പോള്‍.
അന്നത്തെ സാഹചര്യം അങ്ങനെയായിരുന്നു.
ആ ഗോള്‍ സംഭവിക്കുമ്പോള്‍ അതിലെ 90 ശതമാനവും മെസിക്ക് അവകാശപ്പെട്ടതായിരുന്നു, 10 ശതമാനം മാത്രമാണ് എന്റ പങ്കാളിത്തം ഉണ്ടായിരുന്നത്. ഗോള്‍ പോസ്റ്റിന് പിന്നില്‍ ഞങ്ങള്‍ മെസിയെ വാരിപ്പുണരുകയായിരുന്നു. കാരണം, മെസിയുടെ ഗോളായിരുന്നു,’ അല്‍വാരസ് പറഞ്ഞു.
ഖത്തര്‍ ലോകകപ്പില്‍ ഏഴ് ഗോളുകളാണ് മെസി അക്കൗണ്ടിലാക്കിയത്. കൂടാതെ മൂന്ന് അസിസ്റ്റുകളും അദ്ദേഹത്തിന് നേടാനായി. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചതിന് മെസിക്ക് ഗോള്‍ഡന്‍ ബൂട്ടും നേടാനായിരുന്നു. അതേസമയം ഖത്തര്‍ ലോകകപ്പില്‍ അല്‍വാരസിന് നാല് ഗോളുകള്‍ നേടാനായി.