താന്‍ ഭാഗ്യം നിറഞ്ഞയാളാണെന്ന് പറയുകയാണ് സംവിധായകന് ജൂഡ് ആന്തണി ജോസഫ്. 2018 എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം അടുത്തതായി മോഹന്‍ലാലിന്റെ പടമാണെടുക്കാന് പോകുന്നതെന്ന് പറയുകയാണ് അദ്ദേഹം. മോഹന്‍ലാലിന്റെ പടവും നിവിന്‍ പോളിയുടെ പടവുമുണ്ടെന്നും നിവിനോടൊപ്പം സിനിമ ചെയ്യുന്നത് വലിയൊരാഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.
മൂവി വേള്‍ഡ് മീഡിയക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. തന്നെ മലയാള ഇന്‍ഡസ്ട്രിയില്‍ കൊണ്ടു വന്നത് നിവിന്‍ പോളിയും വിനീത് ശ്രീനിവാസനുമാണെന്നും അദ്ദേഹം പറഞ്ഞു.
‘അടുത്ത സിനിമ എന്നത് പറയാറായിട്ടില്ല. എന്നാലും വലിയൊരാഗ്രഹമാണ്, ലാലേട്ടന്റെ പടമാണ് അടുത്തത്. ലാലേട്ടന്റെ പടമുണ്ട്. നിവിന്റെ ഒരു പടമുണ്ട്.
എന്റെ ഏറ്റവും വലിയ കൂട്ടുകാരന് നിവിനാണ്. നിവിനെ വെച്ചൊരു പടം എന്റെ വലിയ ആഗ്രഹമാണ്. നിവിന്റെ അടുത്ത് ഞാന്‍ അങ്ങോട്ട് പറഞ്ഞിട്ടുണ്ട്, എങ്ങനെയെങ്കിലും താ അളിയാ എന്ന്.
അപ്പോള്‍ നിവിന്‍ പറഞ്ഞു, ഇല്ല അളിയാ നമുക്ക് പിടിക്കാമെന്ന്. നിവിന്റെ ഒരു പടം എന്റെ ആഗ്രഹമാണ്. അതൊരു സിനിമ മാത്രമല്ല. ഇതൊരു വികാരമാണ്.
അടുത്ത സിനിമ എന്ന് പറയുന്ന സമയത്ത് സ്റ്റാറിനെ വെച്ചിട്ട് ചെയ്യണമെന്നല്ല. എനിക്ക് ഒരു ആഗ്രഹമാണ്. എന്നെ മലയാളം ഇന്‍ഡസ്ട്രിയില്‍ കൊണ്ടുവന്നത് നിവിനും വിനീതും അജുവുമൊക്കെയാണ്. അതുകൊണ്ട് അവരോട് നന്ദി കാണിക്കുക എന്ന മര്യാദയെനിക്കുണ്ട്.
അതുകൊണ്ട് ഇനിയെന്തൊക്കെ സംഭവിച്ചാലും എന്റെ ഒരു ആഗ്രഹമാണിത്. അതുപോലെ അടുത്ത സിനിമ എല്ലാവര്ക്കും ഇഷ്ടമുള്ളതായിരിക്കും. സാറാസ് എഴുതിയ അക്ഷയ് ഹരീഷാണ് അതിന്റെയും എഴുത്തുകാരന്,’ ജൂഡ് പറഞ്ഞു.
നിവിന്‍ പോളി ആദ്യം 2018ല്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അവസാനം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘നിവിന്‍ ഈ പടത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ അവനോട് ഈ കഥ പറഞ്ഞിരുന്നു. എഴുതി വന്ന സമയത്ത് അത്രയും വേണ്ടെന്ന് തോന്നി. അത് ഭയങ്കര മാസായി പോയി. കൊലമാസെന്നൊക്കെ പറയില്ലേ.
അവസാനം ഞാന്‍ അവനോട് പറഞ്ഞു, അളിയാ നീ ഇതില്‍ വേണ്ടെന്ന് പറഞ്ഞു. പക്ഷേ നിവിന്‍ എപ്പോഴും എന്നെ വിളിച്ച് ചോദിക്കുമായിരുന്നു എന്തായി, കഴിഞ്ഞോ, പടം എപ്പോള്‍ റിലീസാകുമെന്നൊക്കെ.
വിനീതിപ്പോള്‍ ഇവിടെയില്ല. അവന് വിദേശത്താണ്. എന്നാലും അവന് എപ്പോഴും വിളിക്കും. റിലീസായിട്ട് ഭയങ്കര അഭിപ്രായമാണല്ലോ എന്ന് പറയും. അതൊരു ഭാഗ്യമാണ്. നമ്മുടെ എല്ലാവരുടെയും കൂടെ നില്‍ക്കുന്നയാളുകള്‍ കൂടെ വരിക എന്ന് പറയുന്നത് ഭയങ്കര ബ്ലസ്ഡാണ്. കൂട്ടുകാരെ കിട്ടുക, സിനിമയിലുള്ള ആളുകളെലലാം ആത്മാര്‍ത്ഥതയോടെ നില്ക്കുക എന്ന് പറയുന്നത് ഭയങ്കര ഭാഗ്യമാണ്,’ ജൂഡ് പറഞ്ഞു.
content highlight: jude anthony about his next movie and friendship