ആര്‍.എസ്.എസിന്റെ സഹായം ആവശ്യമായിരുന്ന കാലത്ത് നിന്ന് ബി.ജെ.പി വളർന്നു, ഇന്ന് ഞങ്ങൾ കൂടുതൽ ശക്തരാണ്: ജെ.പി. നദ്ദ
national news
ആര്‍.എസ്.എസിന്റെ സഹായം ആവശ്യമായിരുന്ന കാലത്ത് നിന്ന് ബി.ജെ.പി വളർന്നു, ഇന്ന് ഞങ്ങൾ കൂടുതൽ ശക്തരാണ്: ജെ.പി. നദ്ദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th May 2024, 7:06 pm

ന്യൂദല്‍ഹി: ആര്‍.എസ്.എസിന്റെ സഹായം ആവശ്യമായിരുന്ന കാലത്ത് നിന്ന് പാര്‍ട്ടി ഒരുപാട് വളര്‍ന്നെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് നദ്ദയുടെ പരാമര്‍ശം.

അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലഘട്ടത്തെ അപേക്ഷിച്ച് ബി.ജെ.പിക്കകത്തുള്ള ആര്‍.എസ്.എസിന്റെ സാന്നിധ്യത്തില്‍ എന്ത് മാറ്റമാണ് ഉണ്ടായതെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ബി.ജെ.പി അധ്യക്ഷന്‍. ബി.ജെ.പി ഇന്ന് കൂടുതല്‍ ശക്തി പ്രാപിച്ചെന്നും ആര്‍.എസ്.എസിന്റെ സഹായമില്ലാതെ തന്നെ ഒറ്റക്ക് പ്രവര്‍ത്തിക്കാനുള്ള ശേഷി ഇന്ന് പാര്‍ട്ടിക്ക് ഉണ്ടെന്നും ജെ.പി. നദ്ദ പറഞ്ഞു.

‘തുടക്കത്തില്‍ ഞങ്ങള്‍ ചെറിയ പാര്‍ട്ടി ആയതിനാല്‍ തന്നെ ശക്തി കുറവായിരുന്നു. എന്നാല്‍ ഇന്ന് ബി.ജെ.പി വളര്‍ന്നു. ഇന്ന് ഞങ്ങള്‍ക്ക് ഒറ്റക്ക് പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ട്. അതാണ് അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം,’ ജെ.പി. നദ്ദ പറഞ്ഞു. ആര്‍.എസ്.എസ് സാംസ്‌കാരികവും സാമൂഹികവുമായ സംഘടനയാണെന്നും ബി.ജെ.പി ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിക്ക് ആര്‍.എസ്.എസിന്റെ പിന്തുണ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘ആര്‍.എസ്.എസ് ഒരു പ്രത്യയശാസ്ത്ര സംഘടനയാണ്. ഞങ്ങള്‍ ഞങ്ങളുടെതായ കടമകള്‍ ഒറ്റക്കാണ് ചെയ്യുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അത് തന്നെയാണ് ചെയ്യേണ്ടത്,’ജെ.പി. നദ്ദ പറഞ്ഞു. മഥുരയിലെയും വാരാണസിയിലെയും തര്‍ക്ക സ്ഥലങ്ങളില്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കാന്‍ ബി.ജെ.പിക്ക് ഉടന്‍ പദ്ധതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസ് ആശയങ്ങളില്‍ നിന്ന് നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ അകലുന്നതായി ആര്‍.എസ്.എസ് അനുഭാവികളില്‍ നിന്ന് അടുത്തിടെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

യു.പിയിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ആര്‍.എസ്.എസ് വിട്ടു നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പാര്‍ട്ടി തലത്തില്‍ ഉണ്ടായ അസ്വസ്ഥതയാണ് പ്രവര്‍ത്തനത്തെ ബാധിച്ചതെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പറഞ്ഞതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരുപാട് കാലമായി ബി.ജെ.പിക്കൊപ്പം നിന്നിട്ടും യാതൊരു വിധത്തിലുള്ള മെച്ചവും ഉണ്ടായില്ലെന്നും, അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും പാര്‍ട്ടി തങ്ങള്‍ക്കു വേണ്ടി ചെയ്തു തന്നില്ലെന്നുമാണ് പ്രവര്‍ത്തകര്‍ പറഞ്ഞത്.

Content Highlight: JP Nadda about BJP-RSS ties: We have grown, more capable now