kerala new
കെണിയെ ഏണിവെച്ചു പിടിക്കുകയായിരുന്നു ആത്മകഥാകാരന്‍; ചെളി വാരിയെറിഞ്ഞ രണ്ടു പ്രതികരണങ്ങള്‍ക്കപ്പുറം പുതുതായി ഒന്നും വെളിപ്പെട്ടിട്ടില്ല: അരുണ്‍ കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Feb 05, 06:26 pm
Saturday, 5th February 2022, 11:56 pm

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ വെളിപ്പെടുത്തലുമായി സ്വര്‍ണക്കടത്ത് കേസിലെ കുറ്റാരോപിതയായ സ്വപ്ന സുരേഷ് രംഗത്തെത്തിയതിനു പിന്നാലെ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍.

എം. ശിവശങ്കറിന്റെ പുസ്‌കത്തിലെ ചില ഭാഗങ്ങള്‍ പങ്കുവെച്ചായിരുന്നു അരുണ്‍ കുമാറിന്റെ പ്രതികരണം. കെണിയെ ഏണിവെച്ചു പിടിക്കുകയായിരുന്നു ആത്മകഥാകാരനെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അരുണ്‍ കുമാറിന്റെ പ്രതികരണം.

സ്വകാര്യ ബന്ധത്തിലെ വിള്ളലില്‍ പരസ്പരം ചെളി വാരിയെറിഞ്ഞ രണ്ടു പ്രതികരണങ്ങള്‍ എന്നതിനപ്പുറം ഈ രണ്ട് പ്രതികരണങ്ങളിലും ഈ കേസിലെ രാഷ്ട്രീയ അധികാര ദുര്‍വിനിയോഗം(കോണ്‍സുല്‍ ജനറല്‍ ഓഫീസപ്പുറം) സൂചിപ്പിക്കുന്ന ഒന്നും പുതുതായി വെളിപ്പെടുത്തപ്പെട്ടില്ലെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു.

അരുണ്‍ കുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ആത്മകഥയുടെ ആദ്യ ഭാഗത്ത് കയ്യടക്കത്തോടെ, അത്രമേല്‍ കരുതലോടെ തികച്ചും വ്യക്തിപരമായ ബന്ധത്തെ മുറിവേല്‍പ്പിക്കാതെ ശിവശങ്കര്‍ എഴുതിയത് ഇങ്ങനെ:

‘സ്വപ്നയെക്കുറിച്ചും അവരോടും കുടുംബത്തോടുമുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങളാണ്. അവരുടെ തികച്ചും വ്യക്തിനിഷ്ഠമായ കുറേയേറെ വസ്തുതകളും വിശദമാക്കാതെ പറയാനാകാത്ത കാര്യങ്ങളാണവ. അതൊരു പുസ്തകത്തിലോ പൊതുവേദിയിലോ പറയണോ എന്നു തീരുമാനിക്കാനുള്ള അധികാരവും ഇനി അങ്ങനെ വേണമെങ്കില്‍ അതിന്റെ ആദ്യാവകാശവും അവരുടേതാണ്,’

ഈ ഉറപ്പ് ആദ്യം ലംഘിച്ചതും ആഴമേറിയ സ്വകാര്യതയിലെ പങ്കാളിയെന്ന നിലയില്‍ ശിവശങ്കര്‍ ഒരിക്കലും പറയാന്‍ പാടില്ലന്ന് സ്വപ്ന കരുതിയ ഭാഗം ഇതായിരുന്നു.

‘വഴിയില്‍ കിടന്ന തേങ്ങ എടുത്ത് ഗണപതിക്ക് അടിക്കുന്നത് പോലെ. ഇത്തരമൊരു ചതി സ്വപ്ന തന്നോട് ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.’

കെണിയെ ഏണിവെച്ചു പിടിക്കുകയായിരുന്നു ആത്മകഥാകാരന്‍.
സ്വകാര്യ ബന്ധത്തിലെ വിള്ളലില്‍ പരസ്പരം ചെളി വാരിയെറിഞ്ഞ രണ്ടു പ്രതികരണങ്ങള്‍ എന്നതിനപ്പുറം ഈ രണ്ട് പ്രതികരണങ്ങളിലും ഈ കേസിലെ രാഷ്ട്രീയ അധികാര ദുര്‍വിനിയോഗം(കോണ്‍സുല്‍ ജനറല്‍ ഓഫീസപ്പുറം) സൂചിപ്പിക്കുന്ന ഒന്നും പുതുതായി വെളിപ്പെടുത്തപ്പെട്ടില്ല.

രണ്ടാമത്തെ ചതിപ്രയോഗം ഇല്ലായിരുന്നെങ്കില്‍ സ്വപ്ന പ്രതികരിക്കുമായിരുന്നോ എന്നും സംശയമുണ്ട്.
ഒരു നിഗൂഢമായ കറക്കു കമ്പനിയിലെ(കോണ്‍സുലര്‍ ജനറല്‍ ,ഫൈസല്‍ഫാരിദ്, സരിത് , സന്ദീപ്, സ്വപ്ന, ശിവശങ്കര്‍) അംഗമല്ലാതിരുന്നെങ്കില്‍ സ്വപ്ന സുരേഷിന്റെ പക്വതയും ധൈര്യവും, ഇന്റഗ്രിറ്റിയും, ജീവിതവും ഒരു മോട്ടിവേഷന്‍ കഥയായേനെ.

ആ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ വെയിലത്തുണ്ട്. ആര് ആര്‍ക്ക് എങ്ങനെ എത്ര തവണ?
എങ്ങനെയെന്നും എത്രയെന്നും ബോധ്യമായി. പക്ഷെ ആര്‍ക്ക്, ആര്? അവര്‍ എവിടെ ?