Advertisement
Entertainment
ആ പരസ്യം കീറി ഞാൻ പ്രൊഡക്ഷൻ കൺട്രോളർക്ക് നൽകി, പിന്നെ എന്നെ കാണാൻ വന്ന ആളാണ് വിക്രം: ജോഷി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 31, 08:51 am
Friday, 31st May 2024, 2:21 pm

മലയാള സിനിമയിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന സംവിധായകനാണ് ജോഷി. ജയൻ മുതൽ ജോജു വരെയുള്ള മലയാള സിനിമയിലെ നായകൻമാരെ വെച്ച് സിനിമയെടുത്തിട്ടുള്ള അദ്ദേഹം മലയാളത്തിലെ കോമേഴ്‌ഷ്യൽ സിനിമകളുടെ തലതൊട്ടപ്പനാണ്.

മലയാളത്തിലെ വമ്പൻ വിജയ ചിത്രമായ ഒരു മൾട്ടിസ്റ്റാർ സിനിമയായിരുന്നു ധ്രുവം. ട്വിന്റി ട്വിന്റി, ക്രിസ്ത്യൻ ബ്രദർസ് തുടങ്ങിയ മൾട്ടിസ്റ്റാർ ചിത്രങ്ങളും ഒരുക്കിയതും ജോഷി ആയിരുന്നു. മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവരായിരുന്നു ധ്രുവത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഇന്ന് തമിഴിലെ സൂപ്പർ സ്റ്റാറായ ചിയാൻ വിക്രവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ഒരു വിമാന യാത്രയിലാണ് താൻ വിക്രത്തിന്റെ ഫോട്ടോ ആദ്യമായി കാണുന്നതെന്നും ഒരു മാഗസിനിലെ പരസ്യ ചിത്രത്തിലെ മോഡൽ ആയിരുന്നു വിക്രമെന്നും ജോഷി പറയുന്നു. താൻ ആ ഫോട്ടോ പ്രൊഡക്ഷൻ കൺട്രോളറെ ഏല്പിച്ചെന്നും അങ്ങനെയാണ് വിക്രം തന്നെ കാണാൻ വരുന്നതെന്നും ജോഷി പറഞ്ഞു. വനിത മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനൊരിക്കൽ തിരുവനന്തപുരത്തു നിന്നു ചെന്നൈയിലേക്കു പോവുകയായിരുന്നു. ധ്രുവം സിനിമയുടെ ചർച്ചകൾ നടക്കുന്ന സമയം. വിമാനത്തിൽ വച്ച് ഒരു മാഗസിൻ കണ്ടു. അതിലൊരു പരസ്യത്തിൽ കണ്ട മോഡലാണ് വിക്രം. ധ്രുവത്തിൽ ഭദ്രൻ എന്ന കഥാപാത്രത്തിന് പറ്റിയ ആളാണല്ലോ എന്നു തോന്നി.

വിക്രം അഭിനയിക്കുന്ന ആളാണെന്നോ സിനിമയിൽ താത്പര്യം ഉള്ള ആളാണെന്നോ ഒന്നും അറിഞ്ഞുകൂടാ. ഞാൻ ആ പരസ്യം കീറിയെടുത്ത് പ്രൊഡക്‌ഷൻ കൺട്രോളറെ ഏൽപ്പിച്ചു. രണ്ടുമൂന്നു ദിവസത്തിനകം വിക്രം എന്നെ കാണാൻ വന്നു.

അങ്ങനെയാണ് ധ്രുവം എന്ന സിനിമയിൽ ഭദ്രനായി വിക്രം എത്തുന്നത്,’ജോഷി പറയുന്നു.

 

 

Content Highlight: Joshy Talk About Casting Of Dhruvam Movie And Vikram