രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം, അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലെ മാനക്കേട്, മോഡിയുടെ പരാജയപ്പെട്ട കശ്മീര്‍ നയം കപട ദേശീയതയാല്‍ മറച്ചുപിടിക്കപ്പെടരുത്. കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണവും സി.ആര്‍.പിഫ് ഉദ്യോഗസ്ഥരുടെ മരണവും സാധാരണ ഇന്ത്യക്കാരന്റെ മനസിനെ വേദനിപ്പിക്കുന്നതായിരുന്നു.
എന്നാല്‍, നിര്‍ഭാഗ്യകരമായ ഈ സംഭവത്തെയും, തീവ്രവാദ ആക്രമണങ്ങള്‍ക്കെതിരെയുള്ള രോഷത്തെയും തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ടാക്കി മാറ്റാനാണ് നരേന്ദ്ര മോഡി പരിശ്രമിക്കുന്നത്. ഇത് കുറെയൊക്കെ ഫലവത്തായി എന്നാണ് അഭിപ്രായ സര്‍വ്വെകള്‍ ചൂണ്ടിക്കാണിക്കുന്നത്. മാറിമാറി വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇന്ത്യയെ പ്രതികരണ ശേഷിയില്ലാത്ത ഒരു മൃദുരാഷ്ട്രമാക്കി മാറ്റിയെന്നും ഇന്ത്യക്കുവേണ്ടി തിരിച്ചടിക്കാനുള്ള ശേഷിയും ‘ആണത്ത’വും നെഞ്ചളവുമുള്ള ഒരേയൊരാള്‍ മോഡി മാത്രമാണെന്നുമാണ് ഈ പ്രചരണത്തിന്റെ സത്ത.
എന്തായാലും ബി.ജെ.പി കശ്മീര്‍ ഒരു പ്രചരണ വിഷയമാക്കിക്കഴിഞ്ഞു. ഈ നീക്കത്തെ വസ്തുനിഷ്ടമായി നേരിടുന്ന എല്ലാവരെയും പാകിസ്താന്‍ ചാരന്മാര്‍ എന്ന് മുദ്രകുത്താന്‍ ഒരുപറ്റം പോരാളികളെ ഒരുക്കിനിര്‍ത്തിയിട്ടാണ് ഈ പ്രചരണം. എന്നാല്‍ രാജ്യം വീണ്ടും ഒരു തെരെഞ്ഞെടുപ്പിലേക്കടുക്കുമ്പോള്‍ ഈ സര്‍ക്കാരിന്റെ കശ്മീര്‍ സംബന്ധിച്ച നയവും, അത് രാജ്യത്തിന് അകത്തും പുറത്തുമുണ്ടാക്കിയ പ്രതിഫലനങ്ങളും ജനം വിലയിരുത്തേണ്ടതുണ്ട്. അതിന് സഹായകരമാകുന്ന വിധത്തില്‍ പൊതുമണ്ഡലത്തിലുള്ള സമീപകാല വിവരങ്ങള്‍ ഒരു ഓര്‍മ്മപ്പെടുത്തലിനായി ക്രോഡീകരിക്കുക മാത്രമാണിവിടെ.
യഥാര്‍ത്ഥത്തില്‍ ഇന്ത്യ പാകിസ്താനോടുള്ള ബന്ധത്തിലും വിഘടനവാദത്തെ നേരിടുന്നതിലും ഏതെങ്കിലും കാലത്ത് ഒരു മൃദു സമീപനം പുലര്‍ത്തി എന്ന് പറയാനാകില്ല. ബംഗ്ലാദേശ് യുദ്ധം എന്തായിരുന്നുവെന്നതും അന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകളെ ഇന്ത്യ എങ്ങനെയാണ് അവഗണിച്ചത് എന്നതും ഒരുദാഹരണം മാത്രം. അക്കാലത്ത് ഇന്ദിരാ ഗാന്ധി സംഘ്പരിവാറിന് ദുര്‍ഗയായിരുന്നു. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറുള്‍പ്പെടെ പഞ്ചാബിലെ ഖാലിസ്ഥാന്‍ വാദത്തെ നേരിട്ട രീതിയും ഒരിക്കലും ഒരു മൃദു രാഷ്ട്രത്തിന്റെതായിരുന്നില്ല. ഇപ്പോള്‍ പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കുണ്ടായ ഗുരുതരമായ പ്രതിരോധ വീഴ്ചയും മറച്ചുവക്കപ്പെടേണ്ടതല്ല.
മോഡി സര്‍ക്കാരിന്റെ കാലത്തുണ്ടായ പ്രതിരോധ വീഴ്ച എതിരാളികള്‍ മാത്രം പ്രചരിപ്പിക്കുന്നതല്ല. ബി.ജെ.പി നേതാവായ ബിസി ഖണ്ഡൂരിയുടെ നേതൃത്വത്തിലുള്ള 31 പാര്‍ലമെന്റ് അംഗങ്ങള്‍ അടങ്ങുന്ന കമ്മറ്റിയും പിന്നീട് മുരളി മനേഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ 11 ബിജെപി എംപിമാര്‍ അടങ്ങുന്ന പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മറ്റിയും പ്രതിരോധ മന്ത്രാലയത്തിന്റെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. തന്റെ മന്ത്രിസഭയിലെ വകുപ്പിന്റെ പേര് പ്രതിരോധ മന്ത്രാലയം എന്നാണെന്നും, അല്ലാതെ പ്രത്യാക്രമണ മന്ത്രാലയം എന്നല്ല എന്നും പ്രധാനമന്ത്രി മറക്കുന്നു.
ഹിസ്ബുള്‍ മുജാഹുദീന്‍, ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് ഈ മൂന്ന് സംഘടനകള്‍ക്കും വ്യത്യസ്ത സ്വഭാവങ്ങളുണ്ട് എന്ന് അവരുടെ മുന്‍കാല ചെയ്തികള്‍ വ്യക്തമാക്കുന്നു. ഇതില്‍ പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജെയ്‌ഷെ മുഹമ്മദ്, പര്‍വ്വേസ് മുഷ്‌റഫ് പാകിസ്താന്റെ പ്രധാനമന്ത്രിയായിരിക്കെ മൂന്നുതവണ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ച സംഘടനയാണ്. പുല്‍വാമയ്ക്ക് തിരിച്ചടി നല്‍കുകയാണ് ലക്ഷ്യമെങ്കില്‍ പാകിസ്താനെ ആക്രമിച്ചതുകൊണ്ടുമാത്രം നോവുന്ന സംഘടനയല്ല ജെയ്‌ഷെ മുഹമ്മദ്. ഇരുരാജ്യങ്ങളിലുമായി പടര്‍ന്നുകിടക്കുന്ന വിഘടന വാദികളുടെ സംഘടനയാണ് അത്.
ആദില്‍ അഹ്മദ് ദര്‍
പുല്‍വാമയിലെ ദാരുണമായ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചതും ഉപകരണമായതും ഒരു കശ്മീരി യുവാവാണ് എന്നത് മറക്കരുത്. ആനന്ദ്‌നാഗ് മണ്ഡലത്തില്‍ നടക്കേണ്ടിയിരുന്ന ഉപതെരഞ്ഞെടുപ്പ് നടത്താനായില്ല എന്നതും ശ്രീനഗര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം 7.1 മാത്രമായിരുന്നെന്നതും തെളിയിക്കുന്നത് കശ്മീരിലെ പ്രശ്‌നം ഒറ്റപ്പെട്ട, വഴിതെറ്റിയ ചില യുവാക്കളുടെ മാത്രം പ്രശ്‌നമല്ല എന്നാണ്. തൊണ്ണൂറുകളുടെ അവസാനം മുതല്‍ ക്രമാനുഗതമായി കുറഞ്ഞുവന്ന കശ്മീര്‍ താഴ്വരയിലെ ആക്രമണങ്ങളും മരണങ്ങളും ഈ സര്‍ക്കാരിന്റെ കാലത്ത് തിരിച്ചുവരികയും പാരമ്യത്തിലെത്തുകയും ചെയ്തു. അതിലേക്ക് നയിച്ചകാരണങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണ്.
മോഡി സര്‍ക്കാരിന്റെ കശ്മീര്‍ നയം നോട്ടുനിരോധനത്തേക്കാള്‍ വലിയ പരാജയമായിരുന്നു. രാജ്യത്ത് ആഭ്യന്തര സംഘര്‍ഷത്തിനും അന്താരാഷ്ട്ര തലത്തില്‍ കടുത്ത അപമാനത്തിനുമാണ് ഈ നയം കാരണമായത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ചര്‍ച്ച ചെയ്യാതെയുള്ള കശ്മീര്‍ ചര്‍ച്ചകളെല്ലാം അപൂര്‍ണവും സ്വയം ന്യായീകരിക്കാന്‍ മാത്രമുദ്ദേശിച്ചുള്ളതുമാണ്. ജമ്മു കശ്മീര്‍ എന്ന സംസ്ഥാനത്തിന് മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത സ്വയംഭരണാധികാരം നല്‍കുന്ന വകുപ്പാണിത്. ഈ വകുപ്പ് ഭരണ ഘടനയില്‍ ഉള്‍പ്പെടുത്തിയതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. എന്നാല്‍ ഭരണഘടനയെത്തന്നെ അംഗീകരിക്കാത്തവര്‍ക്ക് ഇതൊന്നും പരിശോധിക്കേണ്ട ബാധ്യതയില്ല. ഹിന്ദുത്വ രാജ്യത്തിനായി മുറവിളി കൂട്ടുന്നവരുടെയും അഭിപ്രായം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണം എന്നായിരുന്നു.
2014ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രികയില്‍ ജമ്മു കശ്മീരിനെ പൂര്‍ണമായും ഇന്ത്യയില്‍ ‘ലയിപ്പിക്കും’ എന്ന് പറഞ്ഞിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചപ്പോള്‍ സമീപനം അയഞ്ഞു. ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച് ചര്‍ച്ചയാകാം എന്ന നയം മോഡി സ്വീകരിച്ചു. കശ്മീരിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം കശ്മീര്‍ സന്ദര്‍ശിച്ചു. ഹര്‍ത്താലിന് സമാനമായ അന്തരീക്ഷമൊരുക്കിയാണ് കശ്മീര്‍ അദ്ദേഹത്തെ വരവേറ്റത്. എന്നാല്‍ മോഡി അതിലൊന്നും പ്രകോപിതനായില്ല. 2014ല്‍ തന്നെ ദീപാവലി സമയത്ത് അദ്ദേഹം വീണ്ടും കശ്മീര്‍ സന്ദര്‍ശിക്കുകയും 80,000 കോടി രൂപയുടെ പ്രളയ സഹായം പ്രഖ്യാപിക്കുകയും ചെയ്തു. പ്രധാനമന്ത്രി എന്ന നിലയില്‍ ഗൃഹപാഠം ചെയ്തതിന്റെ ഈ സൂചനകള്‍ തീര്‍ച്ചയായും സ്വാഗതാര്‍ഹമായിരുന്നു.
2014 ഡിസംബറില്‍ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഫ്തി മുഹമ്മദ് സെയ്ദിന്റെ പി.ഡി.പിയുമായി ബി.ജെ.പി കൈകോര്‍ത്ത് സംസ്ഥാന ഭരണത്തില്‍ പങ്കാളിയായി. സ്വതന്ത്ര കശ്മീരിനുവേണ്ടി വാദിക്കുന്നവരുമായി ബന്ധം പുലര്‍ത്തുകയും ഏതാണ്ട് മൃദുവിഘടനവാദി പാര്‍ട്ടിയെന്ന് അറിയപ്പെടുകയും ചെയ്യുന്ന പി.ഡി.പിയുമായുള്ള ബന്ധം ബി.ജെ.പിയിലെ ഒരു വിഭാഗത്തിന് അന്നേ ദഹിക്കുന്നുണ്ടായിരുന്നില്ല.
ഇപ്പോള്‍ കോണ്‍ഗ്രസും മുസ്ലീംലീഗുമായി കേരളത്തിലുള്ള ബന്ധം ദേശീയ തലത്തില്‍ മഹാ അപരാധമായി ചിത്രീകരിക്കുന്നവരാണ് ബിജെപിക്കാര്‍. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗിന്റെ പ്രാഗ്രൂപമായ മുസ്ലീംലീഗിന് ഇന്ത്യാ വിഭജനത്തിലുള്ള പങ്ക് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഇത് ചെയ്യുന്നത്. എന്നാല്‍ ഈ വര്‍ത്തമാന കാലത്ത്, വിഘടന വാദത്തോട് മൃദു സമീപനം പുലര്‍ത്തുന്ന പിഡിപിയുമായി ഭരണം പങ്കിട്ട ബിജെപിക്ക് ഈ വാദമുന്നയിക്കാന്‍ ഒരു ജാള്യവുമില്ല. പി.ഡി.പി-ബി.ജെ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മുഫ്തി മുഹമ്മദ് സെയ്ദ് തന്റെ പ്രസംഗത്തിലുടനീളം കശ്മീരില്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിച്ച പാകിസ്താന് നന്ദി പറയുകയായിരുന്നു.
ജനങ്ങളെ വിശ്വാസത്തിലെടുക്കുക എന്ന കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യ ശ്രമിച്ചുവന്ന സമീപനം നീണ്ടുനിന്നില്ല. 2015ല്‍ 11 ഭീകരവാദികളുടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെടുകയും 2016ല്‍ ബുര്‍ഹാന്‍ വാനി എന്ന വിഘടനവാദ നേതാവ് കൊല്ലപ്പെടുകയുമുണ്ടായി. ഓപ്പറേഷന്‍ ഓള്‍ഔട്ട് എന്ന പേരില്‍ നടത്തിയ സൈനിക നടപടിയുടെ ഭാഗമായി 2017ല്‍ 213ഉം 2018ല്‍ 215ഉം പേര്‍ കൊല്ലപ്പെട്ടു. സൈനിക നടപടികളുടെ ഇടയില്‍ സാധാരണ ജനങ്ങള്‍ പെട്ടാല്‍ അവരും തീവ്രവാദികളായി എണ്ണപ്പെടുമെന്ന് ആര്‍മി തലവന്‍ ബിപിന്‍ റാവത്ത് പ്രസ്താവിച്ചു.
2017 ഏപ്രിലില്‍ സൈനിക ഓഫീസറായ ലീതുള്‍ ഗൊഗോയ് ഒരു സാധാരണ പൗരനെ തന്റെ ജീപ്പിന്റെ ബോണറ്റിനുമുന്നില്‍ കെട്ടിവച്ചുകൊണ്ട് വാഹനമോടിച്ചു. കല്ലെറിയുന്നവരെ തടയാനാണിത് ചെയ്തത്. ഈ സൈനിക ഉദ്യോഗസ്ഥന്‍ തന്റെ ഔദ്യോഗിക വേഷത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ചാണ് ഇത് ചെയ്തത്. ഇത് കശ്മീരിനെ മാത്രമല്ല, നമ്മുടെ രാഷ്ട്രത്തിന്റെ മൂല്യങ്ങളില്‍ അഭിമാനിച്ചിരുന്ന എല്ലാവരെയും വേദനിപ്പിച്ചു. മുറിവില്‍ ഉപ്പ് തേച്ചുകൊണ്ട് ഈ സൈനിക ഉദ്യോഗസ്ഥനെ സൈന്യം ഇതിന്റെ പേരില്‍ ബഹുമാന പത്രം നല്‍കി. അന്ന് പ്രതിരോധ മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയും ഗൊഗോയിയെ അഭിനന്ദിച്ചു.
ഇത്തരം ക്രൂരതകളും മര്‍ക്കട മുഷ്ടിയും വിപരീത ഫലമാണുണ്ടാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തിരിച്ചറിഞ്ഞു. വീണ്ടും നയം മാറ്റി. 2017 ഒക്ടോബറില്‍ ദിനേശ്വര്‍ ശര്‍മ്മ എന്ന കേരള കേഡറിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനെ മധ്യസ്ഥനായി നിയമിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസൃതം റംസാനോട് അനുബന്ധിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും കല്ലേറ് കേസില്‍ പ്രതികളായവരില്‍ ആദ്യമായി കുറ്റം ചെയ്തവരെ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ ഇദ്ദേഹം സംഭാഷണങ്ങള്‍ക്ക് കളമൊരുക്കുന്ന അതേ സമയത്തുതന്നെ എന്‍ഐഎ ഹൂറിയത്ത് നേതാക്കളെ അറസ്റ്റ് ചെയ്യാനാരംഭിച്ചു. അതോടെ ദിനേശ്വര്‍ ശര്‍മ്മ വെറും കാഴ്ചക്കാരനായി മാറി. തന്നെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് ചുമതലപ്പെടുത്തിയ അതേ സര്‍ക്കാര്‍ മറ്റൊരു ഏജന്‍സിയെ ഉപയോഗിച്ച് അതിനുള്ള സാഹചര്യം ഇല്ലാതാക്കുന്നത് മനസിലാക്കി അദ്ദേഹം നിശബ്ദനായി.
2018 ജനുവരിയില്‍ ജമ്മുവിലെ കത്വാ ജില്ലയില്‍ എട്ടുവയസ് മാത്രം പ്രായമുള്ള മുസ്ലീം പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. പ്രതികളെല്ലാം ഹിന്ദു മതത്തില്‍പെട്ടവരായിരുന്നു. ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ പ്രതികള്‍ക്ക് അനുകൂലമായി ഹിന്ദുറാലികള്‍ സംഘടിപ്പിക്കപ്പെട്ടു. ജമ്മുവിനെ കാവിവല്‍ക്കരിക്കാനുള്ള ബിജെപി ശ്രമത്തിന്റെ പാരമ്യമായിരുന്നു ഇത്. ജമ്മുവും കശ്മീരും തമ്മിലുള്ള വിടവ് വര്‍ദ്ധിപ്പിക്കുന്ന നടപടികളാണ് തുടര്‍ന്ന് കണ്ടത്.
ഉപമുഖ്യമന്ത്രിയായിരുന്ന നിര്‍മല്‍ സിങിനെ മാറ്റി കത്വാ സംഭവത്തെ ന്യായീകരിക്കുന്ന കവീന്ദര്‍ ഗുപ്തയെ തല്‍സ്ഥാനത്ത് നിയമിച്ചു. രാജ്യത്തുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് ഹിന്ദു ഏക്താ റാലിയില്‍ പങ്കെടുത്ത രണ്ട് മന്ത്രിമാരെ പുറത്താക്കിയെങ്കിലും പാര്‍ട്ടിയിലെ ആഭ്യന്തര യുദ്ധത്തില്‍ ഹിന്ദുത്വ ലോബി മേല്‍ക്കൈ നേടുകയും ബാക്കി എട്ട് മന്ത്രിമാര്‍ക്കൂടി രാജിവക്കുകയും ചെയ്തു. പിഡിപിക്കും സഖ്യം തുടരാവുന്ന അവസ്ഥയായിരുന്നില്ല. അങ്ങനെ ആ വിചിത്ര ബന്ധം അവസാനിച്ചു.
2018ലെ സ്വാതന്ത്രദിന സന്ദേശത്തില്‍ നരേന്ദ്രമോഡി പറഞ്ഞത് കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനാവുക വെടിയുണ്ടകള്‍കൊണ്ടും പീഡനമുറകള്‍കൊണ്ടുമല്ല, മറിച്ച് കശ്മീരികളെ ആലിംഗനം ചെയ്തുകൊണ്ടാണ് എന്നാണ്. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷവും കശ്മീര്‍ കലാപത്തെ വഷളാക്കിയതിന്റെ കുറ്റസമ്മതമായിരുന്നു ഈ പ്രഖ്യാപനം.
ദിനേശ്വര്‍ ശര്‍മ്മ
എന്തായാലും വീണ്ടുമുണ്ടായ ഈ മനംമാറ്റം മധ്യസ്ഥ ചര്‍ച്ച പുനരാരംഭിക്കാനുള്ള തീരുമാനത്തിലെത്തിച്ചു. സര്‍ക്കാര്‍ നിയോഗിച്ച ദിനേശ്വര്‍ ശര്‍മ്മ തല്‍സ്ഥാനത്ത് തുടരുകയുമാണ്. എന്നാല്‍ നോര്‍വീജിയന്‍ മുന്‍ പ്രധാനമന്ത്രി ജെല്‍ മാഗ്നേ ബോണ്‍ഡേവിക് മധ്യസ്ഥനായി എവിടെനിന്നോ പ്രത്യക്ഷപ്പെട്ടു. ഹുറിയത്ത് ഉള്‍പ്പെടെയുള്ള വിഘടനവാദ സംഘടനകളുമായി അദ്ദേഹം കശ്മീരില്‍ ചര്‍ച്ച നടത്തി. ഇതിന് ചുക്കാന്‍ പിടിച്ചതാകട്ടെ, ശ്രീ ശ്രീ രവിശങ്കറും. പ്രതിരോധ മന്ത്രാലയത്തിനോ വിദേശകാര്യ മന്ത്രാലയത്തിനോ ഇതേക്കുറിച്ച് ഔദ്യോഗിക അറിവൊന്നുമുണ്ടായിരുന്നില്ല. വിസിറ്റിങ് വിസയില്‍ വരുന്ന വിദേശ പൗരന്മാര്‍ മതപ്രഭാഷണം നടത്തിയാല്‍പോലും അറസ്റ്റ് ചെയ്യപ്പെടുന്ന രാജ്യത്താണ് ഇത് നടക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച ഔദ്യോഗിക മധ്യസ്ഥന്‍ വീട്ടിലിരിക്കുന്നു. രവിശങ്കര്‍ കൊണ്ടുവന്ന മധ്യസ്ഥര്‍ ചര്‍ച്ചകള്‍ നയിക്കുന്നു.
ചര്‍ച്ചകള്‍ക്കുശേഷം ബോണ്‍ഡേവിക് മാധ്യമങ്ങളോട് പറഞ്ഞത് കശ്മീര്‍ വിഷയം മൂന്ന് കക്ഷികള്‍ ഉള്‍പ്പെടുന്ന ചര്‍ച്ചയില്‍ പരിഹരിക്കാമെന്നാണ്: ഇന്ത്യ, കശ്മീര്‍, പാകിസ്താന്‍ നേതാക്കള്‍. എന്നാല്‍ നയം വീണ്ടും മാറുകയും ശക്തമായ സൈനിക നടപടികള്‍ ഇന്ത്യ താഴ്വരയില്‍ ആരംഭിക്കുകയും ചെയ്തു. സെപ്തംബര്‍, നവംബര്‍ മാസങ്ങളിലായി ഇത് മൂര്‍ച്ഛിച്ചു. ഉറിയില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു. ഒടുവില്‍ പുല്‍വാമ സംഭവവുമുണ്ടായി.
ചുരുക്കത്തില്‍, കശ്മീര്‍ വിഷയം സംബന്ധിച്ച് ബിജെപിക്കും സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും സ്ഥായിയായ ഒരു നയവും ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിന് കടുംപിടുത്തക്കാരായ ഹിന്ദുത്വ ലോബി അനുവദിച്ചില്ല എന്നുകരുതിയാലും തെറ്റില്ല. പക്ഷേ, അതീവ പ്രാധാന്യ വിഷയങ്ങള്‍ രവിശങ്കര്‍മാര്‍ക്ക് വിട്ടുകൊടുത്തതിന് അദ്ദേഹം രാജ്യത്തോട് മറുപടി പറയേണ്ടതുണ്ട്.
കവീന്ദര്‍ ഗുപ്ത
കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാലകളില്‍ പഠിച്ചുവരുന്ന കശ്മീരി യുവാക്കളുടെ എണ്ണത്തല്‍ വര്‍ധനവുണ്ടാകുന്നുണ്ട്. ഇത് വളരെ ബോധപൂര്‍വമായ ഒരു നയത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഈ തീവ്ര ഹിന്ദുത്വ ശക്തികള്‍ അവിടെയും അവരെ ആക്രമിക്കുന്ന നിലയാണ് ഉണ്ടായത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.
അന്താരാഷ്ട്ര സമൂഹത്തിന് മുമ്പിലും ഇന്ത്യ നാണംകെടുന്ന രീതിയിലാണ് കശ്മീര്‍ വിഷയം ഈ സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. കശ്മീര്‍ ഒരു ആഭ്യന്തര പ്രശ്‌നമാണെന്നും അതില്‍ അന്താരാഷ്ട്ര സമൂഹവും രാജ്യങ്ങളും ഇടപെടേണ്ടതില്ല എന്നുമായിരുന്നു ഏറക്കുറെ ഇന്ത്യയുടെ നയം. എന്നാല്‍, മോഡി സര്‍ക്കാര്‍ ഈ വിഷയത്തെ കൂടുതല്‍ അന്താരാഷ്ട്രവല്‍ക്കരിച്ചു. 2017 ഡിസംബറില്‍ ആറ് രാജ്യങ്ങള്‍ (അഫ്ഗാനിസ്താന്‍, ചൈന, ഇറാന്‍, റഷ്യ, ടര്‍ക്കി, പാകിസ്താന്‍) കശ്മീര്‍ വിഷയത്തിന് സമാധാനപരമായ പരിഹാരം വേണമെന്ന് പ്രമേയം പാസാക്കി.
2018 ജൂണില്‍ ഐക്യരാഷ്ട്ര സഭയുടെ 49 പേജുള്ള റിപ്പോര്‍ട്ട്, ഇന്ത്യയുടെയും പാകിസ്താന്റെയും നിയന്ത്രണത്തിലുള്ള കശ്മീരില്‍ നടക്കുന്ന കൊടിയ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലും അന്വേഷണവും ആവശ്യപ്പെടുന്നുണ്ട്. കാര്യങ്ങള്‍ ഇത്രയും വഷളായത് ചരിത്രത്തില്‍ ആദ്യമായാണ്. ഒരു ആക്രമ രഹിത സ്വാതന്ത്ര്യ സമരത്തിലൂടെ ലോക ജനതയുടെ മുമ്പില്‍ മൂല്യാധിഷ്ഠിത രാജ്യമായി ജ്വലിച്ചുനിന്നിരുന്ന ഇന്ത്യ ഇന്ന് പാകിസ്താനൊപ്പം മനുഷ്യാവകാശ ലംഘനം നടത്തുന്ന രാജ്യമായി വിലയിരുത്തപ്പെടുന്നു. ഇത് ഒരേസമയം ഭരണപരാജയവും നയന്ത്ര പരാജയവും കൂടിയാണ്.
പുല്‍വാമയ്ക്ക് തിരിച്ചടി നല്‍കി എന്നവകാശപ്പെട്ടുകൊണ്ട് അതിന്റെ പേരില്‍ കപട ദേശീയത വിറ്റഴിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതെല്ലാം ഓര്‍ക്കണം. കശ്മീരിനെ തിരികെ രൂക്ഷ കലാപത്തിലേക്കും സൈനികരെ യുദ്ധ ഭൂമിയിലേക്കും അയച്ച തെറ്റായ നയങ്ങളുടെയും നയമില്ലായ്മകളുടെയും അഞ്ചുവര്‍ഷം. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇല്ലാതാവുന്നതിന് പകരം അത് പതിന്മടങ്ങ് വര്‍ദ്ധിച്ചു. കശ്മീര്‍ പ്രശ്‌നം കൂടുതല്‍ അന്താരാഷ്ട്രവല്‍ക്കരിക്കപ്പെട്ട വിഷയമാവുകയും ചെയ്തു. ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ടും സര്‍ക്കാര്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകത്തോട് വിളിച്ചുപറയുന്നു. ഈ മാനക്കേടെല്ലാം കപട ദേശീയതകൊണ്ട് മറയ്ക്കാനുള്ള ശ്രമം അനുവദിച്ചുകൂടാ.
കപട ദേശീയതയുടെ ഭാഗമായി പുതിയ ചിഹ്നങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിജെപി. നമ്മള്‍-നിങ്ങള്‍ എന്ന് വേര്‍തിരിക്കാവുന്ന ചിഹ്നങ്ങള്‍ക്കായുള്ള പരതലിന് ഇന്ത്യയോളം പഴക്കമുണ്ട്. I Too Had A Dream എന്ന തന്റെ ആത്മകഥയില്‍ ഗോള്‍വാള്‍ക്കറുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ വര്‍ഗീസ് കുര്യന്‍ പശുഹത്യക്കെതിരെ താന്‍ നിലകൊളളുന്നതിന്റെ കാരണം ഗോള്‍വാള്‍ക്കര്‍ വിവരിച്ചത് രേഖപ്പെടുത്തിയിട്ടുണ്ട്. പശു തനിക്ക് താന്‍ വിഭാവനം ചെയ്യുന്ന ഭാരതത്തെ ഏകോപിപ്പിക്കാന്‍ ഒരു ചിഹ്നം മാത്രമാണെന്നും അല്ലാതെ പശുഹത്യയെ എതിര്‍ക്കുന്നതിന് മതപരമായ കാരണങ്ങള്‍ ഒന്നുമില്ലെന്നും ഗോവാള്‍ക്കര്‍ വ്യക്തമാക്കുന്നു. ഇന്ന് പശു ഏത് രീതിയിലാണ് സ്പര്‍ദ ഉണ്ടാക്കുന്നതെന്ന് നമുക്കറിയാം. പക്ഷേ, അതിന്റെ മറുവശത്ത് കുറേപ്പേരെ അത് ഏകോപിപ്പിക്കുന്നുമുണ്ട്. ഒരു ആദര്‍ശവും മുന്നോട്ടുവയ്ക്കാനില്ലെങ്കില്‍ പിന്നെ ഏകോപനത്തിന് ഇത്തരം കാപട്യങ്ങള്‍ സ്വീകരിക്കുകയേ തരമുള്ളൂ.
ഗോള്‍വാള്‍ക്കര്‍
വാജ്‌പേയ്ക്കുപോലും അനഭിമതനായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഇന്ന് ഗാന്ധിജിക്ക് സമശീര്‍ഷനായി വാഴ്ത്തപ്പെടുന്നു. ഗാന്ധിജിയുടെ കൊലപാതകത്തിന് ശേഷം ആര്‍എസ്എസ് നിരോധിക്കണമെന്ന് നിലപാടെടുത്ത സര്‍ദാര്‍ പട്ടേല്‍ എന്ന കോണ്‍ഗ്രസ് നേതാവിനെ റാഞ്ചാനാണ് ഇപ്പോള്‍ ശ്രമം. സ്വാതന്ത്ര്യ സമരത്തില്‍ ഒരുപങ്കും അവകാശപ്പെടാനില്ലാത്തത് എന്ന് മാത്രമല്ല അന്ന് സ്വീകരിച്ച സമീപനത്തിന് ബ്രിട്ടീഷ് ഭരണത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയവര്‍ക്ക് ദേശീയതയുടെ പേരില്‍ ജനങ്ങളെ സമീപിക്കണമെങ്കില്‍ ഇത്തരം കപട നാടകങ്ങളിലൂടെ മാത്രമേ കഴിയുകയുള്ളൂ.
ജയ് ജവാന്‍, ജയ് കിസാന്‍ എന്ന മുദ്രാവാക്യത്തില്‍നിന്ന് കിസാന്‍ ആത്മഹത്യ മുനമ്പുകള്‍ തേടിപ്പോയി. ഇപ്പോള്‍ പ്രചരിപ്പിക്കുന്ന ദേശീയതയില്‍ പാകിസ്താനിലേക്ക് തോക്കുചൂണ്ടി നില്‍ക്കുന്ന ജവാന്‍ മാത്രമേ ഉള്ളു. എന്നാല്‍, സൈന്യത്തെ ഇവര്‍ കൈകാര്യം ചെയ്ത രീതി പരിശോധിക്കാം. ലഫ് ജനറല്‍മാരായ പ്രവീണ്‍ ബക്ഷി, പിഎം ഹാരിസ്, ബിഎസ് നെജി എന്നീ മൂന്ന് സീനിയര്‍ ഉദ്യോഗസ്ഥരെ മറികടന്നുകൊണ്ടാണ് ഈ സര്‍ക്കാര്‍ ലഫ് ജനറല്‍ ബിപിന്‍ റാവത്തിനെ സൈനിക തലവനായി നിയമിച്ചത്. സ്ഥാനക്രമങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ള ഒരു ശിക്ഷണ സേനയില്‍ ഇവ അസ്വസ്തതകളുണ്ടാക്കാം. ഇതിനുമുമ്പ് ഒരിക്കല്‍ മാത്രമേ ഈ മറികടക്കല്‍ ഉണ്ടായിട്ടുള്ളു.
1983ല്‍ ഒരു ഉദ്യോഗസ്ഥനെ മാത്രം മറികടന്നതായിരുന്നു ഇത്. ലഫ് ജനറല്‍ ബിപിന്‍ റാവത്ത് ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹള്‍ പ്രദേശത്തുനിന്നുള്ള ആളാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇതേ പ്രദേശത്തുനിന്നുമാണ്. ഇതേ പ്രദേശത്തുനിന്നുള്ള അനില്‍ ഓസ്മാനയെ റോയുടെ തലപ്പത്തും നിയമിച്ചു. ഇതെല്ലാം യാദൃശ്തികമാണെങ്കില്‍ അത് വിചിത്രമായ യാദൃശ്ചികതയാണ്. എന്തുകൊണ്ടാണ് എല്ലാ പ്രധാനപ്പെട്ട സ്ഥാനങ്ങളിലും താന്‍ കൈപിടിച്ചാക്കിയ ആളുകള്‍ തന്നെ വേണെമെന്ന് പ്രധാനമന്ത്രി ശഠിക്കുന്നു. കഴിവിനോ പ്രവര്‍ത്തി പരിചയത്തിനോ സീനിയോറിറ്റിക്കോ ഒരു വിലയും കല്‍പ്പിക്കാതെയാണ് ഇത്തരം നിയമനങ്ങള്‍. ദേശത്തെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം നീക്കങ്ങളും ഏകപക്ഷീയി നടപ്പിലാക്കുന്നത് ദേശീയതയുടെ പേരിലാണ്.
രാജ്യത്തിന്റെ അഭിമാനമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കുവേണ്ടി കശാപ്പുചെയ്യുന്നതും ദേശീയതയുടെ മറവിലാണ്. സൈനിക ആവശ്യങ്ങള്‍ക്കായുള്ള വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ ഏക സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക് ലിമിറ്റഡ്(HAL) ഈ ജനുവരിയില്‍ വെളിപ്പെടുത്തിയതിന് അവര്‍ ശമ്പളം നല്‍കാനായി 1,000 കോടി വായ്പയെടുക്കുന്നു എന്നാണ്. എന്നാല്‍, കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ലാഭവിഹിതമായും മറ്റും എന്‍ഡിഎ സര്‍ക്കാര്‍ എച്ച്എഎല്ലില്‍നിന്ന് എടുത്തത് 11,000 കോടി രൂപയാണ്. എന്നുമാത്രമല്ല സര്‍ക്കാര്‍ കമ്പനിയില്‍നിന്നും രണ്ട് സുപ്രധാന പദ്ധതികള്‍ തട്ടിത്തെറിപ്പിക്കുകയും ചെയ്തു. റഷ്യയുമായി ചേര്‍ന്ന് അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ എച്ച്എഎല്ലിനെ ഒഴിവാക്കി. രണ്ടാമത്, 108 വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള റഫാല്‍ ജെറ്റ് കരാര്‍ എണ്ണം കുറച്ച് 36 വിമാനങ്ങളാക്കിയപ്പോള്‍ കരാറില്‍നിന്ന് എച്ച്എഎല്ലിനെ ഒഴിവാക്കി അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് എന്ന സ്വകാര്യ കമ്പനിയെ ഏല്‍പിച്ചു.
സര്‍ക്കാരിന്റെ കൈയിട്ടുവാരലും ഈ രണ്ട് സുപ്രധാന പദ്ധതികള്‍ ഇല്ലാതാക്കിയതും എഎച്ച്എഎല്ലിനെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. ഇത് ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷം, രാജ്യ താല്‍പര്യത്തിനെതിരും പാകിസ്താനെ സഹായിക്കുകയാണെന്നുമാണ് അരുണ്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടത്.
ചുരുക്കത്തില്‍, മുഖം നഷ്ടപ്പെട്ട മോഡി സര്‍ക്കാരിന്റെ മുഖംമൂടിയാണ് ഈ കപട ദേശീയത. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാത്തതുകൊണ്ട് ചോദ്യങ്ങള്‍ ഒഴിവാക്കാനുള്ള ഒറ്റമൂലി. ഇത് പിച്ചിചീന്തി മാത്രമേ നമുക്ക് ഭാരതത്തെ മുന്നോട്ട് നയിക്കാനാവൂ…
കടപ്പാട്: ന്യൂസ്‌റപ്റ്റ്