ഭരണഘടനാ ബന്ധിതമായ ഒരു മതേതര ജനാധിപത്യരാജ്യം എന്ന നിലയില്‍ ഇന്ത്യയുടെ നിലിനില്‍പിന് അത്യന്തം നിര്‍ണ്ണായകമായ ജനവിധിയാകും ഈ പൊതുതെരഞ്ഞെടുപ്പ്. മോദി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച ഇന്ത്യ എന്ന ആശയത്തെ എങ്ങനെ ഇല്ലാതാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു. ‘മോദി ഓഡിറ്റ്’ ലേഖന പരമ്പര ഒന്നാം ഭാഗം.
ആര് രാജ്യം ഭരിക്കുമെന്ന് നിശ്ചയിക്കാനുള്ള, പ്രധാനപ്പെട്ട ഒരു പൊതുതെരഞ്ഞെടുപ്പാണ് രാഷ്ട്രം നേരിടാന്‍ പോകുന്നത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി പുറത്തുപോകുന്ന നരേന്ദ്ര മോദി മറ്റൊരു അധികാരകാലത്തിന് വേണ്ടി പിന്തുണ തേടുന്നു. ദേശീയതയും രാജ്യസുരക്ഷയുമാണ് ഇത്രയും നാള്‍ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി ബി.ജെ.പി ഉയര്‍ത്തിക്കാട്ടിയിരുന്നത്. വോട്ടിങ് ദിനം അടുക്കുംതോറും ആര്‍.എസ്.എസിന്റെ രാഷ്ട്രീയ ഉപകരണമായ പാര്‍ട്ടി യഥാര്‍ത്ഥ സ്വഭാവം പ്രകടിപ്പിക്കുന്നതാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഭൂരിപക്ഷമായ ഹിന്ദുവിശ്വാസികളെ മാത്രം അഭിസംബോധന ചെയ്ത് സംസാരിച്ചു. വാര്‍ധയിലെ പ്രസംഗത്തില്‍ 13 തവണയാണ് മോദി ‘ഹിന്ദു’ എന്ന വാക്ക് ഉപയോഗിച്ചത്. ഹിന്ദുഭീകരത എന്ന വാക്ക് അവതരിപ്പിച്ച് രാജ്യത്തെ ദശലക്ഷക്കണക്കിന് ഹിന്ദുക്കളെ കോണ്‍ഗ്രസ് അധിക്ഷേപിച്ചെന്നും ഹിന്ദുഭൂരിപക്ഷ മേഖലയില്‍ നിന്നും രാഹുല്‍ ഗാന്ധി ന്യൂനപക്ഷ മേഖലയിലേക്ക് ഒളിച്ചോടിയെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
സംഝോത എക്സ്പ്രസ് സ്ഫോടനത്തില്‍ പ്രതികളെ വെറുതെ വിട്ട കോടതിവിധി ഹിന്ദുത്വ ഭീകരത ആരോപണങ്ങള്‍ക്കെതിരെയുള്ള ക്ലീന്‍ ചിറ്റ് ആയി ചൂണ്ടിക്കാണിച്ചും മോദി പരോക്ഷ പ്രസ്താവന നടത്തി. മതേതര രാഷ്ട്രമെന്ന് ഭരണഘടനയില്‍ വിശേഷണമുള്ള രാജ്യത്തെ പ്രധാനമന്ത്രി പരസ്യമായി ഭൂരിപക്ഷ പ്രീണനം നടത്തുന്നതിലെ വൈരുദ്ധ്യം നമ്മെ അത്ഭുതപ്പെടുത്തുന്നില്ല. അരുന്ധതി റോയിയുടെ വാക്കുകള്‍ കടമെടുത്താല്‍ ‘മോദി 1925 (ആര്‍.എസ്.എസ് സ്ഥാപിതമായ വര്‍ഷം) മുതല്‍ വന്നുകൊണ്ടേയിരിക്കുന്ന ഒരു വ്യവസ്ഥയാണ്’. ആര്‍.എസ്.എസിന്റെ, ബി.ജെ.പിയുടെ, മോദിയുടെ രാഷ്ട്രീയം ലക്ഷ്യമിടുന്നത് ഒരു ഭൂരിപക്ഷാധികാര രാജ്യമാണ്.
ഓരോ പൗരനും ഏതെങ്കിലും മതം പിന്തുടരാനും പ്രചരിപ്പിക്കാനും അല്ലെങ്കില്‍ ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുമുള്ള മൗലിക അവകാശം നല്‍കുന്ന ഭരണഘടനയാണ് നമുക്കുള്ളത്. അങ്ങനെയാണ് ഇന്ത്യയെ നിര്‍മ്മിച്ചിരിക്കുന്നത്. ഭരണഘടനയ്ക്ക് അന്തിമരൂപം നല്‍കാനുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ദൈവത്തെ പരാമര്‍ശിക്കുന്ന നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു. ”വ്യത്യസ്ത ജനവിഭാഗങ്ങളിലെ വ്യത്യസ്ത മതവിശ്വാസികള്‍ വ്യത്യസ്ത പേരിട്ടുവിളിക്കുന്ന സര്‍വ്വശക്തനായ പ്രപഞ്ചനാഥന്റെ കൃപയാല്‍” എന്ന വാചകം ഭരണഘടനയില്‍ ഉള്‍പ്പെടുത്തി ഭേദഗതി നടത്തണമെന്നാവശ്യപ്പെട്ട് എച്ച്.വി കാമത്ത് രംഗത്തെത്തി.
ഈ ഭേദഗതി പോലും ഭരണഘടനാ സമിതി (6841) വോട്ടിനിട്ട് തള്ളുകയാണുണ്ടായത്. ഭരണഘടനയിലെ മതേതര വീക്ഷണത്തോട് കടുത്ത എതിര്‍പ്പാണ് ഹിന്ദുത്വ ശക്തികള്‍ പ്രകടിപ്പിച്ചിരുന്നത്. ഇന്ത്യ ഭൂരിപക്ഷത്തിന് പ്രാമുഖ്യമുള്ള രാജ്യമായിരിക്കണമെന്നായിരുന്നു ഹിന്ദുത്വ ശക്തികളുടെ വാദം. ഇന്ത്യന്‍ മതേതരത്വവും രാജ്യത്തിന്റെ ആത്മാവായ ഭരണഘടനയേയും അട്ടിമറിക്കാന്‍ അരനൂറ്റാണ്ടിലധികമായി ശ്രമിക്കുന്ന ഹിന്ദുത്വം എന്താണ്?
‘നാം അല്ലെങ്കില്‍ നമ്മുടെ രാഷ്ട്രത്വം നിര്‍വ്വചിക്കപ്പെടുന്നു’ എന്ന പുസ്തകത്തില്‍ ആര്‍.എസ്.എസ് സൈദ്ധാകനായ ഗോള്‍വാള്‍ക്കര്‍ ഹിന്ദുത്വത്തെക്കുറിച്ച് സ്പഷ്ടമായി വിശദീകരിക്കുന്നുണ്ട് – ”പഴയ രാജ്യങ്ങള്‍ എങ്ങനെയാണ് അവരുടെ ന്യൂനപക്ഷ പ്രശ്നങ്ങള്‍ പരിഹരിച്ചതെന്ന് നാം ഓര്‍ത്തിരിക്കേണ്ടതാണ്. അവര്‍ തങ്ങളുടെ രാഷ്ട്രീയ വ്യവസ്ഥയില്‍ ഏതെങ്കിലും വ്യത്യസ്ത വിഭാഗങ്ങളെ ഏറ്റെടുക്കുന്നില്ല. കുടിയേറ്റക്കാര്‍ ജനസംഖ്യയിലെ മുഖ്യ ജനസഞ്ചയമായ ‘ദേശീയ വംശവുമായി’ സ്വാഭാവികമായി ഉള്‍ച്ചേരുകയാണ് വേണ്ടത്, ദേശീയ വംശത്തിന്റെ സംസ്‌കാരവും ഭാഷയും ദത്തെടുത്തും അഭിലാഷങ്ങള്‍ പങ്കുവെച്ചും, തങ്ങളുടെ ഭിന്ന അസ്തിത്വത്തെക്കുറിച്ചുള്ള ബോധ്യം ഉപേക്ഷിച്ചും അവരുടെ വിദേശജന്മം മറന്നും. അവര്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ ദേശത്തെ എല്ലാ നിയമങ്ങളും സമ്പ്രദായങ്ങള്‍ക്കും വിധേയരായി ദേശത്തിന്റെ സഹനത്തെ ആശ്രയിച്ച്, പ്രത്യേക സംരക്ഷണത്തിന് അര്‍ഹതയില്ലാതെ, ഏതെങ്കിലും തരത്തിലുള്ള മുന്‍ഗണനയോ അവകാശങ്ങളോ തീരെയില്ലാതെ വെറും അന്യരായി ജീവിക്കും.
അന്യ വിഭാഗക്കാര്‍ക്ക് മുന്നില്‍ രണ്ട് മാര്‍ഗ്ഗങ്ങള്‍ മാത്രമാണുള്ളത്. ദേശീയ വംശത്തോട് ചേരുകയും അതിന്റെ സംസ്‌കാരം ദത്തെടുക്കുകയും ചെയ്യുക. അല്ലെങ്കില്‍ ദേശീയ വംശം അനുവദിക്കുന്നിടത്തോളം കാലം അവരുടെ കരുണയില്‍ കഴിയുക, എന്നിട്ട് ദേശീയവംശത്തിന്റെ സ്വന്തം ഇച്ഛയ്ക്ക് അനുസരിച്ച് രാജ്യം വിട്ടുപോകുക. ഇത് മാത്രമാണ് ന്യൂനപക്ഷവിഭാഗങ്ങള്‍ മൂലമുള്ള പ്രശ്നത്തിലെ ശാശ്വതമായ ദര്‍ശനം. അത് മാത്രമാണ് യുക്തിപരവും കൃത്യവുമായ ഏക പരിഹാരം. അത് മാത്രമാണ് ദേശീയ ജീവിതത്തെ അസ്വാരസ്യങ്ങളില്ലാതെ ആരോഗ്യകരമായി നിലനിര്‍ത്തുന്നത്. രാഷ്ട്രീയ ദേഹത്ത് അര്‍ബുദം വളര്‍ന്നുവരാതെ, ഒരു രാജ്യത്തിനകത്ത് മറ്റൊരു രാജ്യം സൃഷ്ടിക്കപ്പെടാതെ ഒരു ദേശത്തെ സുരക്ഷിതമായി നിലനിര്‍ത്തുന്നതും അത് മാത്രമാണ്. വിവേകമുളള, പഴയ രാജ്യങ്ങളുടെ അനുഭവത്തിലൂടെ പ്രമാണീകരിക്കപ്പെട്ട ഈ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ ഹിന്ദുസ്ഥാനിലെ അന്യ വംശജര്‍ ഹിന്ദു സംസ്‌കാരവും ഭാഷയുമാണ് ദത്തെടുക്കേണ്ടത്, ഹിന്ദുമതത്തെ ബഹുമാനിക്കാനും ആദരവോടെ മുറുകെ പിടിക്കാനും അവര്‍ പഠിക്കണം, ഹിന്ദു രാഷ്ട്രത്തിലെ ഹിന്ദു വംശത്തേയും സംസ്‌കാരത്തേയും മഹത്വപ്പെടുത്തല്‍ അല്ലാതെ മറ്റൊരു ആശയത്തേയും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. ഹിന്ദു വംശത്തില്‍ ലയിക്കാന്‍ അവര്‍ തങ്ങളുടെ ഭിന്ന അസ്തിത്വം നിര്‍ബന്ധമായും ഉപേക്ഷിക്കണം. അല്ലാത്ത പക്ഷം, ഹിന്ദു രാഷ്ട്രത്തിന് പൂര്‍ണ്ണമായും വിധേയപ്പെട്ട്, ഒന്നും അവകാശപ്പെടാതെ, യാതൊരു പരിഗണനകളും അര്‍ഹിക്കാതെ, ഒരു മുന്‍ഗണനാ പരിചരണങ്ങളും ലഭിക്കാതെ, പൗരന്‍മാര്‍ക്കുള്ള അവകാശങ്ങള്‍ പോലും ഇല്ലാതെ രാജ്യത്ത് തുടരാം. അവര്‍ക്ക് മറ്റൊരു മാര്‍ഗവും സ്വീകരിക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടാകരുത്. നാം ഒരു പുരാതന രാജ്യമാണ്. പഴയ രാജ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതുപോലെയും ചെയ്യേണ്ടതുപോലെയും നമ്മുടെ രാജ്യത്ത് ജീവിക്കാന്‍ തീരുമാനിച്ച അന്യവംശജരെ കൈകാര്യം ചെയ്യാം.’‘ (പേജുകള്‍ 47-48)
സ്വാതന്ത്ര്യദിനത്തിന്റെ തലേ ദിവസമായ 1947 ഓഗസ്റ്റ് 14ന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ഇങ്ങനെ എഡിറ്റോറിയലെഴുതി- ”ദേശീയതയേക്കുറിച്ചുള്ള തെറ്റായ ധാരണകളാല്‍ നാം ഇനിയും സ്വാധീനിക്കപ്പെട്ടുകൂടാ. ഹിന്ദുസ്ഥാനില്‍ ഹിന്ദുക്കള്‍ മാത്രം രാജ്യം രൂപീകരിക്കുമെന്നും രാജ്യത്തിന്റെ ഘടന സുരക്ഷിതവും ദൃഢവുമായ ആ അടിത്തറയില്‍ നിര്‍മ്മിക്കുമെന്നുമുള്ള ലളിതമായ വസ്തുത ഉടന്‍ അംഗീകരിച്ചാല്‍ ഇപ്പോഴത്തെ മാനസിക ആശയക്കുഴപ്പങ്ങളും ഇപ്പോഴത്തേയും നാളത്തേയും പ്രശ്‌നങ്ങളും വലിയ രീതിയില്‍ ഇല്ലാതാക്കാനാകും. രാജ്യം ഉറപ്പായും നിര്‍മ്മിക്കപ്പെടേണ്ടത് ഹിന്ദുക്കളാലും ഹിന്ദു ആചാരങ്ങളാലും ഹിന്ദു സംസ്‌കാരത്താലും ഹിന്ദു ആശയങ്ങളാലും ഹിന്ദു അഭിലാഷങ്ങളാലും ആയിരിക്കണം.”
ആരെങ്കിലും ഹിന്ദുത്വത്തിനെതിരെ സംസാരിച്ചാല്‍ അവരോട് ഇന്ത്യ വിടാനും പാകിസ്താനില്‍ പോകാനും ഗോള്‍വാള്‍ക്കറേയും ആര്‍.എസ്.എസിനേയും പിന്തുടരുന്നവര്‍ ആക്രോശിക്കുന്നത് സ്വാഭാവികമാണ്. അവരുടെ ‘ഏകീകൃത സിവില്‍ കോഡ്’ ഭൂരിപക്ഷത്തിന്റേതായ ഒരു മതത്തെ മാത്രം അംഗീകരിക്കുന്നതാണ്. അതുകൊണ്ടാണ് അവര്‍ മുത്തലാഖ് വിഷയത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി നിലവിളിയ്ക്കുന്നതും സമത്വം ശബരിമലയിലെത്തുമ്പോള്‍ പ്രതിഷേധിക്കുന്നതും.
ഗോ രക്ഷാ സംഘങ്ങള്‍, സദാചാര ഗുണ്ടാ സംഘങ്ങള്‍, ‘ദേശീയ’ പ്രചരണക്കാര്‍ ഇവരെല്ലാം ഈ സേനയില്‍ പെട്ടവരാണ്. ഈ സംഘങ്ങള്‍ തെരുവ് കൈയടക്കുന്നത് സര്‍ക്കാരിന്റെ ആശീര്‍വാദത്തിലുമാണ്. തങ്ങളുടെ രാജ്യത്തെ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രം വരുന്ന വിഭാഗത്തില്‍ പെട്ട ഇരകള്‍ക്കൊപ്പം നില്‍ക്കുകയും ഹിജാബ് ധരിക്കുകയും ചെയ്ത ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും തന്റെ അനുയായികള്‍ മുസ്‌ലീങ്ങള്‍ക്കെതിരെ നടത്തുന്ന എല്ലാ അതിക്രമങ്ങളും കുറച്ചുകാട്ടുകയും മൗനം പാലിക്കുകയും ചെയ്യുന്ന നമ്മുടെ പ്രധാനമന്ത്രിയും തമ്മിലുള്ള വ്യത്യാസം ഏറെ കാര്യങ്ങള്‍ പറഞ്ഞുതരുന്നുണ്ട്.
ഗോള്‍വാക്കര്‍
ഭൂരിപക്ഷ പ്രാമുഖ്യമുള്ള രാജ്യമായി ഇന്ത്യയെ പുനസംഘടിപ്പിക്കാന്‍ ഉന്നമിടുന്ന ഈ കൂട്ടര്‍ ഇപ്പോള്‍ വീണ്ടും സംഘടിക്കുകയാണ്. ജാതി, മത, വര്‍ഗഭേദമില്ലാതെ എല്ലാ പൗരന്‍മാരേയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയുടെ ഭരണഘടന. അതാണ് നമ്മുടെ ദേശീയത. ഭൂരിപക്ഷാധികാര രാജ്യത്തിന് വേണ്ടി വാദിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ദേശവിരുദ്ധര്‍. ഭരണഘടനയോടുള്ള കൂറാണ് രാജ്യസ്നേഹം അറിയാനുള്ള ലിറ്റ്മസ് ടെസ്റ്റ്.
‘ഹിന്ദു’ എന്നതുകൊണ്ട് തങ്ങള്‍ ഒരു പ്രത്യേക മതത്തെയല്ല ഉദ്ദേശിക്കുന്നതെന്നും രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു സംസ്‌കാരത്തേക്കുറിച്ചാണെന്നും ബി.ജെ.പിയുടെ വക്താക്കള്‍ നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നു. അതിലൂടെ അവര്‍ ദേശീയതയുടെ പേറ്റന്റും അവകാശപ്പെടുന്നു. ‘ദേശീയത’ എന്ന വില്‍പന സാധ്യതയുള്ള ഒരു പദമുപയോഗിച്ച് തങ്ങളുടെ പക്ഷപാത രാഷ്ട്രീയം വില്‍ക്കുക മാത്രമാണ് ആര്‍.എസ്.എസും മറ്റ് ഹിന്ദുത്വ സംഘടനകളും ചെയ്യുന്നത്. ഇന്നത്തെ ഇന്ത്യയ്ക്ക് വേണ്ടി – ഈ രാജ്യത്തിന് വേണ്ടി ഈ സംഘടനകള്‍ എന്നെങ്കിലും നിലകൊണ്ടതായി ചരിത്രത്തില്‍ ഇല്ല.
നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയ്ക്കും എല്ലാ പ്രതീകങ്ങള്‍ക്കും എതിരെ വാദിക്കുകയും പ്രവര്‍ത്തിക്കുകയുമാണ് അവര്‍ ചെയ്തത്. ഹിന്ദുരാഷ്ട്രം മാത്രമാണ് അവരുടെ ലക്ഷ്യം. അതും ഹിന്ദുക്കള്‍ക്കും അവരിലെ ഉപരിവര്‍ഗത്തില്‍ പെട്ടവര്‍ക്കും വേണ്ടി മാത്രമായുള്ള ഒരു രാജ്യം. മുസ്‌ലീകള്‍, ക്രിസ്ത്യാനികള്‍, ദക്ഷിണേന്ത്യയിലെ കറുത്തവര്‍ഗക്കാര്‍ എന്നിവരെല്ലാം അവരുടെ കണ്ണില്‍ ഹീനരും അവര്‍ക്ക് വേണ്ടാത്ത, ദോഷം പിടിച്ചവരുമാണ്.
ഈ രാജ്യത്തിന്റെ ദൃഷ്ടാന്തങ്ങളായ എല്ലാറ്റിനുമെതിരെ അവര്‍ പ്രവര്‍ത്തിച്ചതിനും തുരങ്കം വെച്ചതിനും ചരിത്രം സാക്ഷിയാണ്. അത് സ്വാതന്ത്ര്യ സമരമാകട്ടെ നമ്മുടെ ഭരണഘടനയാകട്ടെ ദേശീയ പതാകയാകട്ടെ ദേശീയ ഗാനമാകട്ടെ, എന്തിന് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ കാര്യത്തില്‍ പോലും അവര്‍ ചെയ്തത് അതാണ്.
സ്വാതന്ത്ര്യപോരാട്ടത്തെ തള്ളിപ്പറയല്‍
”മതത്തേയും സംസ്‌കാരത്തേയും നിര്‍വചിച്ചുകൊണ്ടുള്ള രാജ്യ സ്വാതന്ത്ര്യത്തേക്കുറിച്ചാണ് നാം പ്രതിജ്ഞ ചെയ്തിരുന്നതെന്ന് ഓര്‍ക്കണം. ബ്രിട്ടീഷുകാരുടെ വിട്ടുപോക്കില്‍ അതിനേക്കുറിച്ച് ഒരു പരാമര്‍ശവും ഇല്ല.” :- ശ്രീ ഗുരുജി സമഗ്ര ദര്‍ശന്‍, വാല്യം നാല്
ദേശീയ പതാകയെ തള്ളിപ്പറയല്‍
”ഇത് അങ്ങേയറ്റം അസംബന്ധമാണ്. പതാക രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഒരേയൊരു രാജ്യമേയുള്ളൂ, അത് ഹിന്ദു രാജ്യമായ ഹിന്ദുസ്ഥാനാണ്. പതാക പ്രതീകമാകേണ്ടത് ആ ഹിന്ദുരാജ്യത്തിന് മാത്രമാണ്.” :-ഓര്‍ഗനൈസര്‍, ജൂലൈ 17 1947
”വിധി തന്ന ഭാഗ്യം കൊണ്ട് അധികാരത്തിലെത്തിയവര്‍ നമ്മുടെ കൈയില്‍ ത്രിവര്‍ണ പതാക ഏല്‍പിച്ചേക്കും. പക്ഷെ അതൊരിക്കലും ഹിന്ദുക്കള്‍ സ്വന്തമാക്കുകയോ ആദരിക്കുകയോ ചെയ്യില്ല.” :-ഓര്‍ഗനൈസര്‍, ജൂലൈ 17 1947
ഭരണഘടനയെ തള്ളിപ്പറയല്‍
”സ്പാര്‍ട്ടയിലെ ലൈകര്‍ഗസിനും പേര്‍ഷ്യയിലെ സോളനും ഒരുപാട് മുന്നേ എഴുതപ്പെട്ടതാണ് മനുവിന്റെ നിയമങ്ങള്‍. മനുസ്മൃതിയില്‍ പ്രതിപാദിച്ചിരിക്കുന്ന നിയമങ്ങള്‍ ഇന്നും ലോകത്തിന് ആദരവുണ്ടാക്കുന്നു. സ്വാഭാവികമായ അനുസരണയേക്കുറിച്ചും ചിട്ടയേക്കുറിച്ചും മനുവിന്റെ നിയമങ്ങള്‍ വ്യക്തമാക്കുന്നു.” :-ഓര്‍ഗനൈസര്‍, നവംബര്‍, 30 1949
ദേശീയ ഗാനത്തെ തള്ളിപ്പറയല്‍
”ഭരണഘടന പ്രകാരം നിശ്ചയിക്കപ്പെട്ട ദേശീയ ഗാനമാണത്. യഥാര്‍ത്ഥ അര്‍ത്ഥമാണ് ആരെങ്കിലും കണക്കിലെടുക്കുന്നതെങ്കില്‍ വന്ദേമാതരം ആണ് ദേശീയ ഗാനം. വന്ദേമാതരത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്ന വികാരം രാജ്യത്തിന്റെ സ്വഭാവവും ശൈലിയും വ്യക്തമാക്കുന്നു.” :- ഭയ്യാജി ജോഷി, ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി, ഏപ്രില്‍ 2018
ഭഗത് സിംഗ് ഉള്‍പ്പെടെയുള്ള രക്തസാക്ഷികളെ തള്ളിപ്പറയല്‍
”ഇത്തരം ആളുകളെ മാതൃകാ പുരുഷന്‍മാരായി സമൂഹം ഉയര്‍ത്തിപ്പിടിക്കുന്നില്ല. നാം അവരുടെ രക്തസാക്ഷിത്വത്തെ, മനുഷ്യന്‍ കാംഷിക്കേണ്ടതായ മഹത്വത്തിന്റെ ഉന്നതിയായി കരുതുന്നില്ല. എല്ലാറ്റിനുമുപരിയായി, അവരുടെ ലക്ഷ്യം നേടുന്നതില്‍ അവര്‍ പരാജയപ്പെട്ടു. പരാജയം അവരിലുള്ള മാരക പിഴവിനെയാണ് ധ്വനിപ്പിക്കുന്നത്.” :-എം.എസ് ഗോള്‍വാള്‍ക്കര്‍, വിചാരധാര
ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കാതെ മാറിനിന്ന ആര്‍.എസ്.എസിനെ പ്രശംസിക്കുന്ന ബ്രിട്ടീഷ് ഭരണകൂടം
”സംഘം സംശയഭേദമെന്യേ നിയമംലംഘിക്കാതെ തങ്ങളെത്തന്നെ കരുതി. പ്രത്യേകിച്ച്, 1942 ഓഗസ്റ്റില്‍ പൊട്ടിപ്പുറപ്പെട്ട കുഴപ്പങ്ങളുടെ ഭാഗമാകാതെ വിട്ടുനിന്നു.” :- ബോംബെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ മെമോ, ശേഖര്‍ ബന്ദ്യോപാധ്യായയുടെ ‘പ്ലാസി മുതല്‍ വിഭജനം വരെ’ എന്ന പുസ്തകത്തില്‍ നിന്ന്.
ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങള്‍ നല്‍കിക്കൊണ്ട് ഇന്ത്യയെ മതേതര രാജ്യമാക്കുന്നതില്‍ ഹിന്ദുത്വ സംഘടനകള്‍ ഒട്ടും തൃപ്തരായിരുന്നില്ലെന്ന് മേല്‍ പ്രസ്താവനകളില്‍ കാണാം. അടുത്ത കാലത്തായി, മോദി സര്‍ക്കാരിന്റെ കാലത്ത് പ്രത്യേകിച്ചും ഈ വിദ്വേഷ പ്രചരണവും പ്രവര്‍ത്തനവും വര്‍ധിക്കുകയാണുണ്ടായത്.
1, ഘര്‍വാപസി
ഹിന്ദുത്വസംഘടനകള്‍ സംഘടിപ്പിക്കുന്ന കൂട്ട മതപരിവര്‍ത്തനം. ന്യൂനപക്ഷങ്ങളുടെ തിരിച്ചുവരവ് എന്ന വ്യാജേനയാണ് ഇവ അവതരിപ്പിക്കപ്പെടുന്നത്. മതപരിവര്‍ത്തനം തടയാനുള്ള നിയമം കൊണ്ടുവരണമെന്ന് പറയുന്ന ബി.ജെ.പി നേതാക്കളുടെ തന്നെ സമ്മതത്തോടെയും പിന്തുണയോടെയുമാണ് ഘര്‍വാപസികള്‍ നടപ്പിലാക്കുന്നതും. ഹിന്ദുത്വ സംഘടനകളില്‍ തന്നെ കൂടുതല്‍ തീവ്രസ്വഭാവം കാണിക്കുന്ന ധര്‍മ ജാഗരണ്‍ സമിതിയുടെ മേധാവി പറയുന്നത് ഇങ്ങനെ- ‘2021 ഓടെ ഇന്ത്യ ഹിന്ദു രാജ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മുസ്‌ലീംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇവിടെ നില്‍ക്കാന്‍ യാതൊരു അവകാശവും ഇല്ല.’ ‘ലയിക്കുക അല്ലെങ്കില്‍ രാജ്യം വിടുക’ എന്ന ഗോള്‍വാള്‍ക്കറുടെ ആഹ്വാനം മറ്റുവാക്കുകളില്‍ തിരിച്ചെത്തിയിരിക്കുന്നു.
2, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ശൂന്യതയില്‍ നിന്ന് കുമ്മനം രാജശേഖരനെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി നിയമിച്ചതു പോലെയാണ് യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയാകുന്നത്. ഇവ രണ്ടിലും നിയമവിരുദ്ധമായി ഒന്നുമില്ല. പക്ഷെ ഈ നിയമനങ്ങള്‍ വ്യക്തമാക്കുന്നത് സമ്പൂര്‍ണ്ണ ഭൂരിപക്ഷം ലഭിക്കുമ്പോള്‍ വെളിപ്പെടുന്ന സംഘ്പരിവാര്‍ സംവിധാനത്തെയാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയായി നിയമിക്കപ്പെട്ടതെന്ന് യോഗിയുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ കാണിച്ചു തരുന്നുണ്ട്.
3, മദ്രസകള്‍ ദേശസ്‌നേഹത്തിന്റെ തെളിവ് കാണിക്കണം
സ്വാതന്ത്ര്യദിനത്തില്‍ മദ്രസകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി അധികാരികള്‍ക്ക് അയച്ചുകൊടുക്കണമെന്നും 2017 ഓഗസ്റ്റ് മൂന്നിന് യോഗി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇത് നിര്‍ബന്ധമാക്കുന്നത് എന്തിനാണെന്ന് മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ദേശീയവാദികള്‍ ആണെന്നായിരുന്നു യോഗി സര്‍ക്കാരിന്റെ മറുപടി. മറ്റ് സ്‌കൂളുകളില്‍ അത് നിര്‍ബന്ധമാക്കാത്തതെന്ത് എന്ന ചോദ്യത്തിന് പ്രതികരണം ഇങ്ങനെ ‘ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്‌കൂളുകളില്‍ വിശ്വാസമുണ്ട്’. മതത്തിന്റെ പേരില്‍ വിവേചനം കാണിക്കില്ലെന്നും ഏതെങ്കിലും വിഭാഗത്തെ ഭയപ്പെടുത്തുകയോ ചായ്‌വ് കാണിക്കുകയോ ചെയ്യില്ലെന്നും പ്രതിജ്ഞയെടുത്ത ഒരു മുഖ്യമന്ത്രിയാണ് ഇങ്ങനെ പ്രവര്‍ത്തിച്ചത്.
4, ഗോ സംരക്ഷകരുടെ ആക്രമണവും ആള്‍ക്കൂട്ട കൊലപാതകങ്ങളും
2010നും 2017നും ഇടയില്‍ 63 ഗോ രക്ഷാ ആക്രമണങ്ങളുണ്ടായെന്ന് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014ന് ശേഷമായിരുന്നു ഇവയില്‍ ഭൂരിഭാഗവും അരങ്ങേറിയത്. 28 മനുഷ്യര്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. അവരില്‍ 24 പേരും മുസ്‌ലീംകളായിരുന്നു. നൂറുകണക്കിനാളുകള്‍ക്ക് ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പരുക്കേറ്റു. ഇത്തരം ആക്രമണങ്ങളുടെ തോത് കുതിച്ചുയരുകയും തടയാന്‍ വേണ്ടത്ര നടപടിയെടുക്കാതിരിക്കുകയും ചെയ്തപ്പോള്‍ സുപ്രീം കോടതി ഇടപെടലുണ്ടായി. പശു സംരക്ഷണ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഓരോ ജില്ലകളും മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കണമെന്ന് സുപ്രീം കോടതി 2017 സെപ്റ്റംബറില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
5, ‘നാം ഇസ്‌ലാമിനെ വേരോടെ പിഴുതെറിയുന്നതുവരെ നമുക്ക് ഭീകരവാദത്തെ ഇല്ലാതാക്കാനാവില്ല’ എന്ന് കര്‍ണാടകയില്‍ നിന്നുള്ള എംപിയായ അനന്ത്കുമാര്‍ ഹെഗ്‌ഡെ. ഇദ്ദേഹം മോദി ക്യാബിനറ്റിലെ കേന്ദ്രമന്ത്രിയായി ആദരിക്കപ്പെടുന്നു. കഴിഞ്ഞ 20 വര്‍ഷമായി താനിത് പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് അഭിമാനത്തോടെ പ്രസ്താവിക്കുന്ന അദ്ദേഹം ഈ വിദ്വേഷപ്രചരണം നിര്‍ബാധം ആവര്‍ത്തിക്കുകയും ചെയ്യുന്നു.
യോഗി ആദിത്യനാഥ്
6, ഡല്‍ഹിയില്‍ നമ്മുടെ ഭരണാധികാരികള്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്ന ഒരു പതിവുണ്ടായിരുന്നു. പ്രധാനമന്ത്രിയായിരുന്ന സമയത്ത് അടല്‍ ബിഹാരി വാജ്‌പേയിയും അത് ചെയ്തിട്ടുണ്ട്. പക്ഷെ പ്രധാനമന്ത്രി നരേന്ദ്ര മോദി അത്തരത്തിലൊരു ഇഫ്താര്‍ കൂട്ടായ്മ സംഘടിപ്പിക്കാന്‍ തയ്യാറായില്ല. അതേ മോദി സര്‍ക്കാര്‍ നേപ്പാളിലെ പശുപതി ക്ഷേത്രത്തിന് 25 കോടി രൂപയാണ് സംഭാവനയായി നല്‍കിയത്.
7, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസംഗം 2014ല്‍ ദൂരദര്‍ശന്‍ തത്സമയ സംപ്രേഷണം നടത്തി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനൊരു കാര്യം സംഭവിച്ചത്. ആര്‍.എസ്.എസിനല്ലാതെ മറ്റ് മതസംഘടനകള്‍ക്ക് ആര്‍ക്കും ഇങ്ങനൊരു അവസരം നല്‍കപ്പെട്ടിട്ടില്ല.
ഇന്ത്യക്കാരേയും ന്യൂനപക്ഷങ്ങളെയും വരുതിയിലാക്കുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല ഇത്. ഈ അജണ്ടയ്ക്കും ഗൂഢാലോചനയ്ക്കും അന്താരാഷ്ട്ര വേരുകളുണ്ട്. 2011ല്‍ 77 പേരെ കൊലപ്പെടുത്തിയ നോര്‍വീജിയന്‍ വംശീയ ഭീകരന്‍ ആന്ദ്രെ ബെഹ്റിങ് ബ്രീവിക് ഇന്ത്യയിലെ ഹിന്ദു ദേശീയ നീക്കത്തെ ലോകമെങ്ങുമുള്ള ജനാധിപത്യഭരണങ്ങളെ താഴെയിറക്കുന്നതില്‍ പങ്കാളിയാക്കാവുന്ന മുഖ്യ സഖ്യകക്ഷിയായാണ് വാഴ്ത്തുന്നത്.
‘സനാതന ധര്‍മ്മ മുന്നേറ്റങ്ങളേയും ഇന്ത്യന്‍ ദേശീയവാദികളേയും നിരുപാധികം പിന്തുണയ്ക്കണം’ എന്ന് ബ്രീവിക്ക് മാനിഫെസ്റ്റോയില്‍ തന്റെ ‘ജസ്റ്റീഷ്യര്‍ നൈറ്റ്സിനോട്’ ആഹ്വാനം ചെയ്യുന്നു. ബ്രീവിക്കിന്റെ മാനിഫെസ്റ്റോയില്‍ ഖണ്ഡം 3.158ല്‍ ‘യൂറോപ്യന്‍ മച്ചുനന്‍മാരെപ്പോലെ ഇന്ത്യന്‍ സാംസ്‌കാരിക മാര്‍ക്സിസ്റ്റുകള്‍ ഹിന്ദു ദേശീയ വാദികളെ ദ്രോഹിക്കുകയാണ്’ എന്ന് പറയുന്നുണ്ട്. ന്യൂസിലന്‍ഡ് ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്‌ലിം പള്ളികളില്‍ ഭീകരാക്രമണം നടത്തിയ ബ്രെന്‍ഡര്‍ ടറന്റിന് ബ്രീവിക് പ്രചോദനമായിരുന്നു. ബ്രീവിക്കിന്റെ ആശയങ്ങള്‍ തെറ്റല്ലെന്നും മാര്‍ഗം മാത്രമാണ് പിഴച്ചതെന്നും ബി.ജെ.പി എം.പി ബി.പി സിംഗാള്‍ പ്രസ്താവിച്ചിരുന്നു.
പെഹ്ലു ഖാനെതിരെ നടന്ന ആള്‍ക്കൂട്ട ആക്രമണം
ശ്രീലങ്കയിലും മ്യാന്‍മറിലും മുസ്‌ലിം വിരുദ്ധ പ്രവര്‍ത്തനങ്ങളും അവര്‍ക്കെതിരെയുള്ള ആക്രമണങ്ങളും വര്‍ധിച്ചുവരുന്നത് നമുക്കറിയാം. ശ്രീലങ്കയില്‍ ‘ബോധു ബാല സേന’ എന്ന ബുദ്ധിസ്റ്റ് ഗ്രൂപ്പും മ്യാന്‍മറില്‍ 969 എന്ന തീവ്ര സംഘടനയുമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ‘ബര്‍മീസ് ബിന്‍ ലാദന്‍’ എന്ന് സ്വയം വിളിക്കുന്ന അഷിന്‍ വിരാതു എന്ന ദേശീയവാദി സന്ന്യാസിയാണ് 969 ന് നേതൃത്വം നല്‍കുന്നത്. റൊഹിങ്ക്യന്‍ മുസ്‌ലീംകള്‍ക്കെതിരെയുള്ള ഹിംസകളുടെ പേരിലാണ് ഈ സംഘടന കുപ്രസിദ്ധിയാര്‍ജ്ജിച്ചത്.
ബുദ്ധിസ്റ്റ് ഭീകരവാദ സംഘടനയായ (കേള്‍ക്കുമ്പോള്‍ പദം വിചിത്രമെന്ന് തോന്നാം) ബോധു ബാല സേന തങ്ങള്‍ ‘ഹിന്ദു-ബുദ്ധിസ്റ്റ് സമാധാന മണ്ഡല’ത്തേക്കുറിച്ച് ആര്‍.എസ്.എസുമായി നടത്തിയ ഉന്നതതല ചര്‍ച്ചകളേക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവും ഇപ്പോള്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയുമായ രാം മാധവ് ഇതിനേക്കുറിച്ച് പ്രതികരിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു. ‘ബി.ബി.എസ് ശ്രദ്ധയില്‍പെടുത്തിയ വിഷയങ്ങള്‍ ഗൗരവമുള്ളതും അനുഭാവപൂര്‍വം പരിഗണിക്കേണ്ടതുമാണ്. ശ്രീലങ്കയിലെ ബുദ്ധിസ്റ്റ് ജനതയുടെ ശ്രദ്ധ നേടാന്‍ ബി.ബി.എസിന് ശേഷിയുണ്ട്’. ആര്‍.എസ്.എസ്-ബി.ജെ.പി നേതാവിന് അനുഭാവപൂര്‍വം പരിഗണിക്കേണ്ട ഗൗരവമാര്‍ന്ന വിഷയങ്ങളായി തോന്നിയത് ഏതൊക്കെയാണ്?. ‘ശ്രീലങ്കയില്‍ മുസ്‌ലിം ജനസംഖ്യ കൂടുന്നു, അവര്‍ കൂടുതല്‍ പള്ളികള്‍ നിര്‍മ്മിക്കുന്നു, അവര്‍ ഹലാല്‍ ചിക്കന്‍ ചോദിക്കുന്നു.’
ബോധു ബാല സേന
റൊഹിങ്ക്യന്‍ മുസ്‌ലീംകളുടെ വിഷയം ഈ സര്‍ക്കാര്‍ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് നമുക്കറിയാം. സുരക്ഷാ ഭീക്ഷണിയാണെന്ന് പ്രസ്താവിച്ച് മോദി ഗവണ്‍മെന്റ് അവരെ ബലമായി ഓടിച്ചുവിടാനാണ് ശ്രമിച്ചത്. ഷിക്കാഗോയിലെ പ്രസംഗത്തില്‍ സ്വാമി വിവേകാനന്ദന്‍ ഇങ്ങനെ പറഞ്ഞിരുന്നു- ‘പീഡിപ്പിക്കപ്പെട്ടവര്‍ക്കും ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നും മതങ്ങളില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ക്കും അഭയം നല്‍കിയ ഒരു രാജ്യക്കാരനാണ് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’. എന്നിട്ട് അദ്ദേഹം കേരളത്തില്‍ കുടിയേറി പാര്‍ത്ത ജൂതന്‍മാരേക്കുറിച്ച് സംസാരിച്ചു. പക്ഷെ ബോധു ബാല സേനയും 969 ഉം അടങ്ങുന്നവരോടുള്ള ഇപ്പോഴത്തെ സന്ധിചേരലുകള്‍ സംസാരിക്കുന്ന വിവേകാനന്ദന്‍ പറഞ്ഞ സഹിഷ്ണുതയേക്കുറിച്ചല്ല, വെറുപ്പിനേക്കുറിച്ച് മാത്രമാണ്. എല്ലാ ഹിന്ദുക്കളും സഹിഷ്ണുതയുള്ളവരും മതേതരരുമാണെന്ന വിവേകാനന്ദന്റെ വാക്കുകളും അവര്‍ക്ക് അപ്രസക്തമാണ്.
ഹിന്ദുത്വവാദികള്‍ പുലര്‍ത്തുന്ന ഈ വിദ്വേഷവും അപരവല്‍ക്കരണവും മത ന്യൂനപക്ഷങ്ങളോട് മാത്രമുള്ളതല്ല. അവര്‍ തങ്ങളെത്തന്നെ സുന്ദര ആകാരമുള്ള, ആര്യന്‍ ഹിന്ദുസ്ഥാന്‍ എന്ന ശ്രേഷ്ഠവംശമെന്നാണ് വിളിക്കുന്നത്. ദളിതരേയും, എന്തിനേറെ ദക്ഷിണേന്ത്യയിലെ കറുത്തവരേയും അവര്‍ കരുതുന്നത് ഹീനരായാണ്. ഇത് പുതിയ കാര്യമല്ല. ഗോള്‍വാള്‍ക്കര്‍ ഇതിനേക്കുറിച്ച് ആവര്‍ത്തിച്ച് ആഹ്വാനങ്ങള്‍ നടത്തിയിരുന്നു.
മനുസ്മൃതി ഇന്ത്യയുടെ ഭരണഘടനയാകുകയായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്. 1960 ഡിസംബര്‍ 17ന് ഗുജറാത്ത് സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ നടത്തിയ പ്രഭാഷണത്തില്‍ ഗോള്‍വാര്‍ക്കര്‍ ഇങ്ങനെ പറഞ്ഞു. ‘ഇന്ന് മൃഗങ്ങളില്‍ മാത്രമാണ് ഇനങ്ങള്‍ തമ്മിലെ സങ്കരണത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇന്നത്തെ ആധുനിക ശാസ്ത്രജ്ഞര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ പോലും മനുഷ്യരില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്താനുള്ള ധൈര്യം കാണിക്കുന്നില്ല. ഏത് ജാതിയില്‍ പെട്ട സ്ത്രീ വിവാഹിതയായാലും അവളുടെ ആദ്യ കുട്ടിയുടെ പിതാവാകേണ്ടത് ഒരു നമ്പൂതിരി ബ്രാഹ്മണനാണ് എന്നും അതിന് ശേഷം അവള്‍ ഭര്‍ത്താവില്‍ നിന്നും കുട്ടികളെ പരിഗ്രഹിക്കമെന്നുമുള്ള നിയമം ഇതിനേക്കാളൊക്കെ ധീരതയാര്‍ന്നതായിരുന്നു. ഇന്ന് ഈ പരീക്ഷണം അവിഹിതം എന്ന് വിളിക്കപ്പെട്ടേക്കും. പക്ഷെ, ആദ്യത്തെ കുട്ടിയില്‍ മാത്രം നിയന്ത്രിതമായിരുന്നതുകൊണ്ട് അത് അവിഹിതമായിരുന്നില്ല.’ ‘ഇനങ്ങളേക്കുറിച്ചും’ മുന്തിയ ഇനങ്ങളേക്കുറിച്ചും പരീക്ഷണത്തേക്കുറിച്ചും ഗോള്‍വാള്‍ക്കര്‍ നടത്തിയ പരാമര്‍ശത്തില്‍ മുറ്റി നില്‍ക്കുന്ന വംശീയത തന്നെയാണ് ഹിന്ദുത്വത്തിന്റെ കാതല്‍.
‘മുന്തിയ ഇനത്തിനായുള്ള’ ഈ പരീക്ഷണ പദ്ധതി വീണ്ടും സജീവമായിരിക്കുകയാണ്. ഗുജറാത്തില്‍ ആരംഭിച്ച് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് അത് പടര്‍ന്നുകൊണ്ടിരിക്കുന്നു. ആര്‍.എസ്.എസിന്റെ ആരോഗ്യ സംഘടനയായ ആരോഗ്യ ഭാരതി ‘ഗര്‍ഭ് വിഗ്യാന്‍ സന്‍സ്‌കാര്‍’ എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഒരു സ്ത്രീ സര്‍വ്വം തികഞ്ഞ, ‘ഇഷ്ടപ്രകാരം നിര്‍മ്മിക്കപ്പെട്ട’ ഒരു ‘ഉത്തമ സന്തതി’യെ പ്രസവിക്കാന്‍ വേണ്ടിയുള്ളതാണ് ഈ പ്രൊജക്ട്. ശ്രേഷ്ഠ ആര്യന്‍ വംശത്തെ സൃഷ്ടിച്ചെടുക്കുന്നതിന് വേണ്ടി രൂപീകരിച്ച ‘ലെബെന്‍സ്‌ബോണ്‍’ എന്ന ജര്‍മന്‍ പദ്ധതിയാണ് ഗര്‍ഭ് വിഗ്യാന്‍ സന്‍സ്‌കാറിന്റെ പ്രചോദനം.
‘ഉത്തമസന്തതികളിലൂടെ സമര്‍ത്ഥ ഭാരതം കെട്ടിപ്പടുക്കുകയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. 2020 ഓടെ ഇത്തരം ആയിരക്കണക്കിന് കുട്ടികളാണ് ഞങ്ങളുടെ ടാര്‍ഗറ്റ്’ എന്ന് പദ്ധതിയുടെ ദേശീയ കണ്‍വീനറായ ഡോ. കരിഷ്മ മോഹന്‍ദാസ് നര്‍വാണി പറയുന്നു. ‘നടപടി ക്രമങ്ങള്‍ കൃത്യമായി പിന്തുടര്‍ന്നാല്‍, പൊക്കം കുറഞ്ഞ കറുത്തവരായ ദമ്പതികള്‍ക്ക് സൗന്ദര്യമുള്ള, പൊക്കമുള്ളവരായി വളരുന്ന കുട്ടികളുണ്ടാകും’. ആരോഗ്യ ഭാരതിയുടെ മറ്റൊരു ദേശീയ കണ്‍വീനറായ ഡോ. ഹിതേഷ് ജാനിയുടെ വാക്കുകളാണിത്.
ന്യൂനപക്ഷങ്ങള്‍ ‘ദേശീയ വംശത്തോട് ചേരുകയും അതിന്റെ സംസ്‌കാരം ദത്തെടുക്കുകയും ചെയ്യേണ്ടി വരുന്ന, അല്ലെങ്കില്‍ ദേശീയ വംശം അനുവദിക്കുന്നിടത്തോളം കാലം അവരുടെ കരുണയില്‍ കഴിയുകയും, ശേഷം ദേശീയവംശത്തിന്റെ സ്വന്തം ഇച്ഛയ്ക്ക് അനുസരിച്ച് രാജ്യം വിട്ടുപോകേണ്ടിയും വരുന്ന’ ഭൂരിപക്ഷാധികാരമുള്ള ഒരു രാജ്യം. ‘ഹിന്ദുക്കളാലും ഹിന്ദു ആചാരങ്ങളാലും ഹിന്ദു സംസ്‌കാരത്താലും ഹിന്ദു ആശയങ്ങളാലും ഹിന്ദു അഭിലാഷങ്ങളാലും മാത്രം നിര്‍മ്മിക്കപ്പെടുന്ന’ രാജ്യം. ത്രിവര്‍ണപതാക കാവിയായി മാറ്റപ്പെടുകയും ദേശീയഗാനം പുനസ്ഥാപിക്കപ്പെടുകയും ഭരണഘടന പൂര്‍ണമായും തിരുത്തിയെഴുതുകയും ചെയ്യപ്പെടുന്ന ഒരു രാജ്യം. ന്യൂനപക്ഷങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ തങ്ങളുടെ രാജ്യസ്‌നേഹം വീഡിയോയിലാക്കി പ്രദര്‍ശിപ്പിക്കേണ്ടി വരുന്ന രാജ്യം. മൃഗങ്ങള്‍ക്ക് പോലും മതം കല്‍പിക്കുകയും മനുഷ്യരേക്കാള്‍ പരിഗണന ലഭിക്കുകയും ചെയ്യുന്ന രാജ്യം. കൃത്രിമമായ ബീജസങ്കലനത്തിലൂടെ കറുത്തവരും പൊക്കം കുറഞ്ഞവരുമായവരെ കൃത്രിമ ബീജസങ്കലനത്തിലൂടെ ‘സൗന്ദര്യമുള്ളവരും’ പൊക്കമുള്ളവരുമാക്കുന്ന രാജ്യം. ഇതാണ് ഹിന്ദുത്വ ശക്തികള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. സഹിഷ്ണുതയുള്ള, മതേതര ഹിന്ദുമതവുമായും അതിലെ വിശ്വാസികളുമായും ഇതിന് ബന്ധമില്ല.
ഈ ഹിന്ദുത്വ ശക്തികള്‍ ഭൂരിപക്ഷാധികാരത്തിനും അനിയന്ത്രിതമായ അധികാരത്തിനും വേണ്ടി ഹിന്ദൂയിസത്തെ അട്ടിമറിക്കുകയും വില്‍പനച്ചരക്കായി ഉപയോഗിക്കാനുള്ള മുഖംമൂടിയാക്കുകയും ചെയ്യുന്നു എന്നതാണ് വസ്തുത. ഒരു മതാധിഷ്ഠിത ഭൂരിപക്ഷാധികാര ഭരണകൂടത്തിനെതിരെ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ നിലനില്‍പിനെക്കുറിച്ചാണ് ചോദ്യമുയരുന്നത്.
കടപ്പാട്: ന്യൂസ്റപ്ട്