വ്യാജ അവകാശവാദങ്ങളുടെ മുദ്രകള്‍; മോഡി ഓഡിറ്റ് 05
D' Election 2019
വ്യാജ അവകാശവാദങ്ങളുടെ മുദ്രകള്‍; മോഡി ഓഡിറ്റ് 05
ജോസഫ് സി. മാത്യു
Tuesday, 16th April 2019, 7:31 pm

മോഡിയെ വികസനനായകനാക്കി ഉയര്‍ത്തിക്കാണിക്കാന്‍ ബി.ജെ.പി ചൂണ്ടിക്കാണിക്കുന്ന പദ്ധതികളുടെ, അവകാശവാദങ്ങളുടെ യാഥാര്‍ത്ഥ്യമെന്ത്? രാഷ്ട്രീയ നീരീക്ഷകന്‍ ജോസഫ് സി മാത്യുവിന്റെ ‘മോഡീ ഓഡിറ്റ്’ പരമ്പര അഞ്ചാം ഭാഗം.

വികസനത്തിന്റെ തേരാളി എന്നാണ് ബി.ജെ.പിക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാഴ്ത്തുന്നത്. ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ജനനായകന് വീണ്ടും അവസരം തേടിയാണ് അവര്‍ വരുന്നത്. അപ്പോള്‍ പിന്നെ,

എന്തുകൊണ്ട് കര്‍ഷക ആത്മഹത്യകള്‍?

എന്തുകൊണ്ട് ഗ്രാമങ്ങളില്‍ ഇത്ര ദാരിദ്ര്യം?

എന്തുകൊണ്ട് ഇത്ര തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടവും?

എന്തുകൊണ്ട് ചെറുകിട സ്ഥാപനങ്ങള്‍ പൂട്ടിപ്പോകുന്നു?

എന്തുകൊണ്ട് സ്വകാര്യ നിക്ഷേപങ്ങള്‍ ഉണ്ടാകുന്നില്ല?

എന്തുകൊണ്ട് ബി.എസ്.എന്‍.എല്‍ പോലെയുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാകുന്നു?

അപ്പോള്‍ ബി.ജെ.പിക്കാര്‍ ചില വികസന മന്ത്രങ്ങളുടെ പേരുകള്‍ പറയും :- മുദ്ര, ഉജ്ജ്വല, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങി പലതും. നമ്മള്‍ പറഞ്ഞത് നമുക്ക് ചുറ്റും കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ദുരിതങ്ങളെക്കുറിച്ചാണ്. എന്നാല്‍, അവര്‍ മറിച്ചുപറയുന്നത് ‘ബുദ്ധിയുള്ളവര്‍ക്കുമാത്രം കാണാവുന്ന’ വികസനത്തെക്കുറിച്ചാണ്. ഈ സാങ്കേതിക പദങ്ങള്‍ സൂചിപ്പിക്കുന്ന പദ്ധതിയുടെ നാളിതുവരെയുള്ള സംഭാവനകളെ നമുക്കൊന്ന് പരിശോധിക്കാം.

മുദ്ര വായ്പകള്‍

ഇന്ത്യയുടെ വികസനത്തിനുള്ള ഏറ്റവും അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നത് നമ്മുടെ ഡെമോഗ്രഫിക് ഡിവിഡന്റിനെയാണ് (ജനസംഖ്യാനുപാതം). തൊഴില്‍ എടുക്കാവുന്ന പ്രായത്തിലുള്ള ജനങ്ങളുടെ അനുപാതം ആശ്രിതരായി ജീവിക്കുന്നവരേക്കാള്‍ കൂടുമ്പോഴാണ് ഡെമോഗ്രഫിക് ഡിവിഡന്റ് ഉയരുന്നതെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ തൊഴിലെടുക്കുന്ന 15 വയസുമുതല്‍ 59 വയസുവരെയുള്ളവരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 62.5 ശതമാനമാണ്. 14 വയസില്‍ താഴെയുള്ളവര്‍ 30 ശതമാനവും, 60 വയസിന് മുകളിലുള്ളവര്‍ എട്ട് ശതമാനവും വരും.

 

2014 തെരഞ്ഞെടുപ്പ് പത്രികയില്‍ യു.പി.എ സര്‍ക്കാരിന്റെ പത്ത് വര്‍ഷം തൊഴില്‍ രഹിത വളര്‍ച്ചയാണ് ഉണ്ടായതെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സംരംഭകത്വം വളര്‍ത്തുന്നതിനും മുന്തിയ പരിഗണന നല്‍കുമെന്നും ബി.ജെ.പി പറഞ്ഞിരുന്നു. കുറഞ്ഞത് ഒരു കോടി തൊഴിലവസങ്ങള്‍ സൃഷ്ടിക്കുമെന്നും മോഡി വാഗ്ദാനം ചെയ്തു. 2018ല്‍ പുറത്തുവന്ന സെന്റര്‍ ഫോര്‍ മോണിറിറ്റിങ്ങ് ഇന്ത്യന്‍ ഇക്കോണമി (സി.എം.ഐ.ഇ) റിപ്പോര്‍ട്ട് പ്രകാരം 2018ല്‍ മാത്രം രാജ്യത്ത് നിലവിലുണ്ടായിരുന്ന ഒരു കോടി തൊഴിലവസരങ്ങള്‍ നഷ്ടമായി. 2017 ഡിസംബറിലെ കണക്കുപ്രകാരം തൊഴില്‍സേനയുടെ എണ്ണം 40 കോടി 79 ലക്ഷമായിരുന്നു. 2018 ഡിസംബറില്‍ അത് 39 കോടി 70 ലക്ഷമായി കുറഞ്ഞു. അതായത്, കൃത്യമായി പറഞ്ഞാല്‍, 2018ല്‍ മാത്രം ഒരു കോടി 9,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.

അസിം പ്രേംജി സര്‍വ്വകലാശാലയുടെ സെന്റര്‍ ഫോര്‍ സസ്റ്റെയ്നബ്ള്‍ എംപ്ലോയ്മെന്റ് റിപ്പോര്‍ട്ട് രണ്ട് പ്രധാന കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഒന്ന്, ഇപ്പോഴത്തെ തൊഴിലില്ലായ്മയുടെ തോത് കഴിഞ്ഞ 20 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്നതാണ്. രണ്ട്, ഇപ്പോഴത്തെ ദേശീയ വളര്‍ച്ചാ നിരക്ക് (ജി.ഡി.പി) പത്ത് ശതമാനം വര്‍ദ്ധിക്കുമ്പോള്‍ മാത്രമാണ് ഒരു ശതമാനം തൊഴില്‍ വര്‍ദ്ധന ഉണ്ടാകുന്നത്.

 

തൊഴിലില്ലായ്മയും തൊഴില്‍രഹിത വളര്‍ച്ചയും ബി.ജെ.പി സര്‍ക്കാര്‍ പരിഹരിച്ചത് ഇത്തരത്തിലാണ് . ഇവിടെയാണ് ബി.ജെ.പിക്കാര്‍ മുദ്ര വായ്പയെക്കുറിച്ചും സംരംഭകത്വത്തെക്കുറിച്ചും പറഞ്ഞുകൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മ സംബന്ധിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മോഡിയുടെ മറുപടി മുദ്ര വായ്പയെന്നാണ്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍, ‘വാഗ്ദാനം ചെയ്ത ഒരു കോടി തൊഴിലുകള്‍ എവിടെ?’ എന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് മോഡി നല്‍കിയ മറുപടി മുദ്രാ വായ്പ വഴി നല്‍കിയ 13 കോടിയേക്കുറിച്ചായിരുന്നു. 2017ലെ തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിലും കോടിക്കണക്കിന് ആളുകളെ സംരംഭകരാക്കിയതിന്റേയും അതിന്റെ മൂന്ന് മടങ്ങ് തൊഴിലുകള്‍ സൃഷ്ടിച്ചതിന്റേയും കണക്കാണ് പ്രധാനമന്ത്രി വിവരിച്ചത്.

എന്താണ് ഈ മുദ്ര എന്ന മാജിക്?

മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് ആന്റ് റീഫിനാന്‍സ് ഏജന്‍സി (എം.യു.ഡി.ആര്‍.എ) ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്നുതരം വായപകളാണ് നല്‍കുന്നത്. 50,000 രൂപയില്‍ താഴെയുള്ള വായ്പകള്‍ ശിശു എന്നും 50,000നും അഞ്ച് ലക്ഷത്തിനും ഇടയിലുള്ളത് കിഷോര്‍ എന്നും അതിനുമുകളില്‍ പത്ത് ലക്ഷം വരെയുള്ളത് തരുണ്‍ എന്നുമാണ് തിരിച്ചിട്ടുള്ളത്. മൂന്ന് വിഭാഗങ്ങളിലുമായി ഓരോ സാമ്പത്തിക വര്‍ഷവും കൊടുത്ത വായ്പയുടെ കണക്കുകള്‍ ഇതാണ്.

 

അതായത് മുദ്രാ വായ്പ വഴി ഒരാള്‍ക്ക് ലഭിച്ച തുക ശരാശരി 46,195 രൂപ. 93 ശതമാനം മുദ്രാ വായ്പകളും ശിശു വിഭാഗത്തില്‍ പെടുന്നതാണ് എന്ന് വിവരാവകാശ രേഖ വെളിവാക്കുന്നു. ഇവയുടെ ശരാശരി വെറും 23,300 രൂപയാണ്. എന്ത് തൊഴില്‍ സംരംഭമാണ് 23,300 രൂപകൊണ്ട് ഇന്ത്യയില്‍ ആരംഭിക്കാന്‍ കഴിയുക? 50 ചാക്ക് സിമന്റിന്റെ വില പോലുമില്ല ഇത്. ഇവിടെയാണ് ശരാശരി മൂന്ന് തൊഴില്‍ നല്‍കുന്ന സംരംഭങ്ങള്‍ 23,300 രൂപയ്ക്ക് കെട്ടിപ്പെടുത്തതായി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അഞ്ച് ലക്ഷത്തിനുമുകളില്‍ വായ്പയെടുത്തവര്‍ മൊത്തം വായ്പകളുടെ 1.3 ശതമാനം മാത്രമാണ്.

 

പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു റീഫിനാന്‍സിങ് സ്‌കീമാണ്. സര്‍ക്കാര്‍ നേരിട്ടല്ല, ബാങ്കുകളാണ് വായ്പ നല്‍കുന്നത്. ഈട് കൂടാതെ നല്‍കുന്ന ഈ വായ്പകള്‍ കിട്ടാക്കടങ്ങളുടെ പട്ടികയില്‍ വരാതിരിക്കാനും വായ്പ നല്‍കിയവരുടെ എണ്ണം പെരുപ്പിച്ചുകാട്ടാനും പുതിയ വായ്പകള്‍ നല്‍കി പഴയവ തിരിച്ചടപ്പിക്കുകയാണ് പല ബാങ്കുകളും. 30 ശതമാനം ലോണുകള്‍ മാത്രമാണ് പുതിയ അക്കൗണ്ടുകള്‍ക്ക് പോകുന്നുള്ളൂ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്താണ് പുതുതായുള്ളത്?

മുദ്രാ വായ്പ എന്നതുതന്നെ ഒരു തട്ടിപ്പാണ്. അതില്‍ പുതിയതായി ഒന്നുമില്ല. ബാങ്കുകളും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളും ബാങ്ക് ഇതര പണമിടപാട് സ്ഥാപനങ്ങളും അതിന് മുമ്പുതന്നെ നല്‍കിക്കൊണ്ടിരുന്ന മൈക്രോഫിനാന്‍സ് വായ്പകളുമെല്ലാം ‘മുദ്ര’ എന്ന പൊതുപേരില്‍ കൊണ്ടുവന്നു എന്നുമാത്രം. റിസര്‍വ് ബാങ്ക് രേഖ പരിശോധിച്ചാല്‍ 2017-18ല്‍ ചെറുകിട വായ്പകളില്‍ ഉണ്ടായ വര്‍ദ്ധന വെറും 0.9 ശതമാനം മാത്രമാണെന്ന് കാണാന്‍ കഴിയും. വ്യക്തിഗത വായ്പകളും കാര്‍ഷിക വായ്പകളും ഒഴികെ പത്ത് ലക്ഷം രൂപയില്‍ കുറഞ്ഞ വായ്പകളുടെ വളര്‍ച്ച പരിശോധിക്കാം.

 

ചുരുക്കത്തില്‍ പേരുമാറ്റമൊഴിച്ച് ചെറുകിട വായ്പകളുടെ കാര്യത്തില്‍ ഗണ്യമായ ഒരു വര്‍ദ്ധനവും മുദ്ര പദ്ധതി കൊണ്ടുവന്നില്ല. മുദ്ര എന്നത് 1990ല്‍ സ്ഥാപിച്ച സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ഐ.ഡി.ബി.ഐ) നൂറ് ശതമാനം സബ്‌സിഡറിയായാണ്. റീ ഫിനാന്‍സ് സ്‌കീമുകളുടെ വിജയം സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയിലൂടെയാണ് അളക്കുക. 2017 മാര്‍ച്ചില്‍ സര്‍ക്കാര്‍ ഇതിനായി നല്‍കിയത് 6,114 കോടി രൂപയാണ്. ഇത് തിരിച്ചടയ്ക്കാത്ത തുകയുടെ രണ്ട് ശതമാനം മാത്രമാണ്. 2018-19ലാകട്ടെ, ഇതുവരെ നല്‍കിയത് വെറും 6,33 കോടി രൂപയും. ചുരുക്കത്തില്‍, മുദ്ര പദ്ധതി ആസന്നമായ മൃത്യുവിനെ വരിക്കാന്‍ തയ്യാറായിക്കഴിഞ്ഞു.

ഉജ്ജ്വല യോജന

മൂന്നുവര്‍ഷം കൊണ്ട് ദാരിദ്ര രേഖയ്ക്ക് താഴെയുള്ള അഞ്ചുകോടി വീടുകളില്‍ പാചക വാതക കണക്ഷനുകള്‍ എത്തിക്കാനായി 2016ല്‍ മോഡി സര്‍ക്കാര്‍ തുടക്കമിട്ടതാണ് പ്രധാന മന്ത്രി ഉജ്ജ്വല യോജന എന്ന ഈ പദ്ധതി. ഒരു വീടിന് സര്‍ക്കാര്‍ ചെലവഴിക്കുന്നത് 1,600 രൂപയാണ്. ഇതനുസരിച്ച്, പാചക വാതക കണക്ഷനുകള്‍ ഇല്ലാത്ത വീടുകളില്‍ പുതിയ കണക്ഷന്‍ എണ്ണ കമ്പനികള്‍ സൗജന്യമായി നല്‍കും. ഗ്യാസ് സിലിണ്ടറിനും ഫിറ്റിംങ് ചാര്‍ജിനും ഉപഭോക്താവ് എണ്ണക്കമ്പനിക്ക് നല്‍കേണ്ട സെക്യൂരിറ്റി തുകയാണ് ഈ 1,600 രൂപ. അത് ഉപഭോക്താവ് നല്‍കേണ്ടതില്ല, സര്‍ക്കാര്‍ കമ്പനികള്‍ക്ക് നല്‍കിക്കൊള്ളും. എണ്ണക്കമ്പനികളും ഒരു ആനുകൂല്യം ഉപഭോക്താവിന് നല്‍കുന്നുണ്ട്. ഗ്യാസ് സ്റ്റൗവിന്റെയും ആദ്യത്തെ സിലിണ്ടറിന്റെയും വില വരും മാസങ്ങളില്‍ സിലിണ്ടര്‍ വാങ്ങുന്നതിനൊപ്പം ഗഡുക്കളായി നല്‍കിയാല്‍ മതി.

 

ഇതനുസരിച്ച് 3.6 കോടി പുതിയ ഗ്യാസ് കണക്ഷനുകള്‍ നല്‍കപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ പദ്ധതി വന്നതിനുശേഷം പാചക വാതക കണക്ഷനുകളില്‍ 16.26 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി.

എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്ലിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ ഗ്യാസ് സിലിണ്ടറുകളുടെ ഉപയോഗത്തിലുണ്ടായ വര്‍ദ്ധന വെറും 9.83 ശതമാനം മാത്രമാണ്. ഇത് ഈ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് 2014-15ല്‍ ഉള്ള സിലിണ്ടര്‍ ഉപയോഗത്തിന്റെ വര്‍ദ്ധനവിനേക്കാള്‍ കുറവാണ്.

സി.എ.ജിയുടെ റിപ്പോര്‍ട്ട് പ്രകാരം 2015-16ല്‍ പാചക വാതക കണക്ഷനുകള്‍ ശരാശരി 6.27 സിലിണ്ടറുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, ഉജ്ജ്വല സ്‌കീം നിലവില്‍ വന്നതിന് ശേഷം പാചക വാതക കണക്ഷനുകള്‍ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളുടെ ശരാശരി എണ്ണം 5.6 ആയി താണു. ചുരുക്കത്തില്‍, പാചക വാതക കണക്ഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഉജ്ജ്വല സ്‌കീമിന് കഴിഞ്ഞു. എന്നാല്‍, പാചക വാതകം ഉപയോഗിക്കുന്നതില്‍ പദ്ധതിക്ക് ഒരു നേട്ടവും കൈവരിക്കാനായില്ല.

 

ഇതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. സബ്‌സിഡി തുക സര്‍ക്കാര്‍ നല്‍കുമെന്നുള്ളതുകൊണ്ട് പുതിയ കണക്ഷനുകള്‍ നല്‍കാന്‍ കമ്പനികള്‍ക്ക് ഉത്സാഹമാണ്. സ്റ്റൗവിന്റെയും ആദ്യ കണക്ഷന്റെയും തുക ഗഡുക്കളായി മതി എന്ന കമ്പനികളുടെ ഔദാര്യം ഉപഭോക്താവിനെയും പ്രലോഭിപ്പിക്കുന്നു. കുറഞ്ഞ തുക മുടക്കി പാചക വാതക കണക്ഷനുകള്‍ ഇവര്‍ സ്വന്തമാക്കുന്നു. എന്നാല്‍, അടുത്ത സിലിണ്ടര്‍ വാങ്ങാന്‍ ശ്രമിക്കുന്ന ഉപഭോക്താവിന് രണ്ടാമത്തെ സിലിണ്ടറിന്റെ മുഴുവന്‍ വിലയോടൊപ്പം സ്റ്റൗവിന്റെയും ആദ്യത്തെ ഗ്യാസ് സിലിണ്ടറിന്റെയും രണ്ടാം ഗഡു കൂടി നല്‍കേണ്ടി വരുന്നു. ഇത് ഈ പാവം ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്നതല്ല. അവര്‍ പഴയ പാചകരീതികളിലേക്ക് തിരിച്ചുപോകുന്നു.

ഉപയോഗിക്കാത്ത സ്റ്റൗവിന്റെയും സിലിണ്ടറിന്റെയും കടക്കാരായി അവര്‍ മാറുന്നു. പക്ഷേ, സര്‍ക്കാരിന് അത് പ്രശ്നമല്ല. കാരണം, ബി.ജെ.പിക്ക് വേണ്ടത് പുതിയ കണക്ഷനുകളുടെ എണ്ണം മാത്രമാണ്. ഒടുവില്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് ഇത് വോട്ടിനെ ബാധിച്ചേക്കാം എന്ന തിരിച്ചറിവുണ്ടാവുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ എണ്ണ കമ്പനികളുമായി സംസാരിച്ച് സ്റ്റൗവിന്റെയും സിലിണ്ടറിന്റെയും തിരിച്ചടവ് ആറ് സിലിണ്ടറുകള്‍ ഉപയോഗിച്ച ശേഷം മതി എന്ന തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. കാരണം, ആറ് സിലിണ്ടറുകള്‍ തീരാനുള്ള സമയം ആകുമ്പോഴേക്കും തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കും. ഇത്രത്തോളമുണ്ട് ഈ പദ്ധതിക്ക് പിന്നിലെ ആത്മാര്‍ത്ഥത.

ഗ്രാമങ്ങള്‍ വൈദ്യൂതീകരിക്കുന്ന പദ്ധതി

ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമ് ജ്യോതീ യോജന എന്നാണ് ഗ്രാമങ്ങളെ വൈദ്യുതവല്‍ക്കരിക്കുന്ന പദ്ധതിയുടെ പേര്. 2018 ഏപ്രില്‍ 29ന് ആള്‍ത്താമസമുള്ള ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ തന്നെ ‘സൗഭാഗ്യ ഡാഷ് ബോര്‍ഡ്’ കോടിക്കണക്കിന് ഇന്ത്യക്കാര്‍ ഇപ്പോഴും വൈദ്യുതി ലഭിക്കാത്തവരായുണ്ട് എന്ന് ചൂണ്ടിക്കാണിക്കുന്നു.

ഈ പദ്ധതി പ്രകാരം ഒരു ഗ്രാമത്തിലെ പത്ത് ശതമാനം വീടുകളില്‍, അല്ലെങ്കില്‍ പൊതുസ്ഥലങ്ങളില്‍ വൈദ്യുതി കണക്ഷന്‍ എത്തിയാല്‍ ആ ഗ്രാമം വൈദ്യുതവല്‍ക്കരിച്ച ഗ്രാമമായി പരിഗണിക്കപ്പെടും. ഇവിടെയും സ്ഥിരമായി വൈദ്യുതി ലഭിക്കണമെന്നില്ല. കണക്ഷന്‍ ലഭിച്ചാല്‍ മതിയാവും.

അത് നില്‍ക്കേ, ഈ വിഷയത്തില്‍ മോദി സര്‍ക്കാര്‍ എന്തെങ്കിലും പുരോഗതി ഉണ്ടാക്കിയോ?

ഗ്രാമങ്ങളെ വൈദ്യുതവല്‍ക്കരിക്കുക എന്നത് ഒരു പ്രത്യേക പദ്ധതിയായി ഏറ്റെടുത്തത് യു.പി.എ സര്‍ക്കാരായിരുന്നു. ‘രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതി കിരണ്‍ യോജന’ എന്നായിരുന്നു പദ്ധതിയുടെ പേര്. 90 ശതമാനം ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുന്ന ഈ പദ്ധതിക്കായി 11ഉം 12ഉം പ്ലാന്‍ പ്രകാരം 72,275 കോടി രൂപ മാറ്റിവച്ചു. ഇതില്‍ 35,277 കോടി രൂപ ചെലവഴിക്കാതെ ബാക്കിയുണ്ടായിരുന്നു. മോഡി സര്‍ക്കാര്‍ രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതികിരണ്‍ യോജന പേരുമാറ്റി ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമ് ജ്യോതീ യോജനയാക്കുക മാത്രമാണ് ചെയ്തത്.

 

യഥാര്‍ത്ഥത്തില്‍ മോഡി സര്‍ക്കാര്‍ ഗ്രാമങ്ങള്‍ വൈദ്യുതവര്‍ക്കരിക്കുന്നതില്‍ രാജ്യത്തെ ബഹുദൂരം പിന്നോട്ട് കൊണ്ടുപോവുകയാണ് ചെയ്തത് എന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ വെറും 18,452 ഗ്രാമങ്ങളാണ് വൈദ്യുതിവല്‍ക്കരിക്കാനുണ്ടായിരുന്നത്. എന്താണ് ഇന്നത്തെ സ്ഥിതി? എന്തായിരുന്നു യുപിഎ സര്‍ക്കാരിന്റെ കാലത്തെ സ്ഥിതി?

മറ്റെല്ലാ പദ്ധതികളും പോലെ ഇതും വെറും തട്ടിപ്പാണെന്ന് മനസിലാക്കാന്‍ ഈ ഔദ്യാഗിക കണക്കുകള്‍ മതിയാവും.

ഇത് ഗ്രാമങ്ങള്‍ വൈദ്യുതവല്‍ക്കരിക്കുന്ന പദ്ധതിയുടെ കാര്യം. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി എത്തിക്കുന്ന പദ്ധതിയും പരിശോധിക്കപ്പെടേണ്ടതുണ്ട്. പ്രധാന്‍മന്ത്രി സഹജ് ബിജിലിഹര്‍ ഘര്‍ യോജന അഥവാ സൗഭാഗ്യ എന്ന സ്‌കീമാണിത്. യു.പി.എ സര്‍ക്കാരിന്റെ 2007മുതല്‍ 2014 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം 30 ലക്ഷം വീടുകളില്‍ വൈദ്യുതി എത്തിച്ചു. എന്നാല്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്താകട്ടെ, ഇത് പ്രതിവര്‍ഷം 14.8 ലക്ഷം വീടുകളായി കുറഞ്ഞു. രാജ്യത്ത് 25.4 ശതമാനം വീടുകളില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല. ആ സമയത്താണ് ഈ കെടുകാര്യസ്ഥത.

 

അതായത് യു.പി.എ സര്‍ക്കാര്‍ പ്രതിവര്‍ഷം 12,030 ഗ്രാമങ്ങള്‍ വൈദ്യുതവല്‍ക്കരിച്ചെങ്കില്‍ എന്‍.ഡി.എ സര്‍ക്കാര്‍ വെറും 3,470 ഗ്രാമങ്ങളാണ് പ്രതിവര്‍ഷം വൈദ്യുതവല്‍ക്കരിച്ചത്.

കൊട്ടിഘോഷിക്കുന്ന ഗ്രാമീണ വൈദ്യുതീകരണത്തിലും വീടുകളുടെ വൈദ്യുതീകരണത്തിലും മാത്രമല്ല വൈദ്യുതിയുടെ ലഭ്യതയിലും രാജ്യം പിന്നോട്ടുപോയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവയെല്ലാം സര്‍ക്കാര്‍ രേഖകളില്‍നിന്നുതന്നെ വ്യക്തമാണ്. പക്ഷേ, എക്സിക്യുട്ടീവിന്റെ തലവന്‍ കൂടിയായ പ്രധാനമന്ത്രിക്കും സംഘത്തിനും ഈ വിവരങ്ങള്‍ മറച്ചുവച്ചുകൊണ്ട് കള്ള പ്രചരണം നടത്താന്‍ ഒട്ടും മടിയുമില്ല.

 

ജന്‍ധന്‍ യോജന

ബി.ജെ.പി കൊട്ടിഘോഷിക്കുന്ന മറ്റൊരു പദ്ധതിയാണ് ജന്‍ധന്‍ പദ്ധതി. സാമ്പത്തികമായി ഉള്‍പ്പെടുന്നു എന്നതാണ് ഈ പദ്ധതിയെക്കുറിച്ച് അവകാശപ്പെടുന്നത്. ഒരു വ്യക്തിക്ക് ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതുകൊണ്ടുമാത്രം എങ്ങനെ അവര്‍ സാമ്പത്തികമായി ഉള്‍പ്പെടുത്തപ്പെടുന്നു എന്നത് വ്യക്തമല്ല. ഇതിന്റെ പോരായ്മ ‘നചിഡറ്റ് മോര്‍ കമ്മറ്റി’ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്തുതന്നെയായാലും പൗരന്മാര്‍ക്കെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുകൊടുക്കുക എന്നത് യു.പി.എ സര്‍ക്കാരിന്റെ കാലത്തുതന്നെ ആരംഭിച്ച പദ്ധതിയാണ്. 2011 മുതല്‍ 2014 വരെയുള്ള, എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുമ്പുള്ള യു.പി.എ ഭരണകാലത്തെ മൂന്നുവര്‍ഷം കൊണ്ട് ബാങ്ക് അക്കൗണ്ട് ഉള്ള ഇന്ത്യക്കാരുടെ എണ്ണം 35 ശതമാനത്തില്‍നിന്ന് 53 ശതമാനമായി വര്‍ദ്ധിച്ചു. (ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ നീറ്റ്സ് ഫൗണ്ടേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ട്) ഈ കാലയളവില്‍ പുതുതായി 24.3 കോടി ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചു. എന്നാല്‍ എന്‍.ഡി.എ ഭരണകാലത്ത് 21.43 കോടി അക്കൗണ്ടുകളാണ് ജന്‍ധന്‍ പദ്ധതിപ്രകാരം ആരംഭിച്ചത്. നിലവിലുണ്ടായിരുന്ന പദ്ധതി പേരുമാറ്റിയ ശേഷം ഈ പരിപാടി തങ്ങള്‍ ആരംഭിച്ചതാണെന്ന് അവകാശപ്പെടുകയാണ് ഇവിടെയും.

 

യു.പി.എ ഭരണകാലത്തെ നേട്ടം പോലും കൈവരിക്കാനാകുന്നുമില്ല. പക്ഷേ, പ്രചരണം തങ്ങള്‍ നെയ്തെടുത്ത ഏതോ വികസന മന്ത്രമെന്ന പേരിലാണ്. ഇതും നടപ്പിലാക്കപ്പെടുന്നത് വെറും പ്രചരണത്തിനുവേണ്ടിയാണ്. മൈക്രോസേവ് എന്ന സ്ഥാപനത്തിന്റെ സര്‍വ്വെ ചൂണ്ടിക്കാട്ടുന്നത് 33 ശതമാനം ജന്‍ധന്‍ അക്കൗണ്ടുകാര്‍ക്കും അതിന് മുമ്പുതന്നെ വേറെ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു എന്നാണ്. ബാങ്കുകള്‍ക്ക് ഇത്ര ജന്‍ധന്‍ അക്കൗണ്ടുകള്‍ ആരംഭിക്കണമെന്ന് ടാര്‍ഗറ്റ് നല്‍കിയിരിക്കുന്നതുകൊണ്ട് അവര്‍ വെറുതെ ആളെ ചേര്‍ക്കുകയാണ്. ഇവയില്‍ പലതും ഉപയോഗിക്കാത്ത അക്കൗണ്ടുകളാണ്.

വേള്‍ഡ് ബാങ്ക് ഗാലപ് ഗ്ലോബര്‍ ഇന്‍ഡക്സ് സര്‍വ്വെ വെളിപ്പെടുന്നത് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളില്‍ 43 ശതമാനം ഉപയോഗിക്കാത്തവയാണ് എന്നാണ്. ചുരുക്കത്തില്‍, വെറുതെ ബാങ്കുകളെകൊണ്ട് സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ ആരംഭിച്ച് അതിന്റെ എണ്ണം ചൂണ്ടിക്കാട്ടി ജനങ്ങള്‍ക്ക് എന്തോ വലിയ ആനുകൂല്യം നല്‍കിയ മാതിരി പ്രചരണം നടത്തുകയാണ്. അതുപോലും മന്‍മോഹന്‍ സിങ് ചെയ്ത അത്രയും ഫലപ്രദമായി ചെയ്യാനും കഴിഞ്ഞില്ലെന്ന് കണക്കുകള്‍ ബോധ്യപ്പെടുത്തുന്നു.

പ്രധാന്‍ മന്ത്രി ആവാസ് യോജന

പാര്‍പ്പിട നിര്‍മ്മാണത്തിനുള്ള പദ്ധതിയാണ് പ്രധാന്‍ മന്ത്രി ആവാസ് യോജന. ഇതും ബി.ജെ.പി വന്‍ പ്രചാരത്തിന് ഉപയോഗിക്കുന്നു. ഇതും പുതിയ പദ്ധതിയേ അല്ല. ഇന്ദിര ആവാസ് യോജന എന്ന പദ്ധതി പേരുമാറ്റി ഇറക്കിയതാണ് ഈ പദ്ധതി. ഇന്ദിര ആവാസ് യോജനയില്‍ വെറും പത്ത് ശതമാനം തുക സംസ്ഥാനങ്ങള്‍ മുടക്കിയാല്‍ മതിയായിരുന്നു. എന്നാല്‍, എന്‍.ഡി.എ സര്‍ക്കാര്‍ പേരുമാറ്റിയിറക്കിയപ്പോള്‍ പദ്ധതി ചെലവിന്റെ 40 ശതമാനം സംസ്ഥാനങ്ങള്‍ വഹിക്കണമെന്നായി. പദ്ധതി ചെലവ് വഹിക്കണമെങ്കില്‍ മറ്റൊരു പേര് തങ്ങള്‍ ഇടുമെന്നാണ് മമതാ ബനര്‍ജിയുടെ നിലപാട്. ബംഗളര്‍ ഗ്രഹ പ്രകല്‍പ് എന്നാണ് ഈ പദ്ധതിയുടെ ബംഗാളിലെ പേര് . കേരളത്തില്‍ ഇത് ലൈഫ് പദ്ധതിയുടെ ഭാഗമായി.

 

 

 

ഹൗസിങ് ആന്റ് അര്‍ബന്‍ അഫയര്‍ മന്ത്രി ഹര്‍ദീപ് സിങ് സൂരി പാര്‍ലമെന്റില്‍ അറിയിച്ച കണക്കനുസരിച്ച് നഗര പ്രദേശത്ത് ഒരുകോടി പാര്‍പ്പിടങ്ങള്‍ ഇനിയും ആവശ്യമാണ്. എന്നാല്‍, 2.1 ലക്ഷം വീടുകള്‍ക്ക് മാത്രമാണ് മാര്‍ച്ച് 2018 വരെ അനുമതി നല്‍കിയത്. ഇതില്‍ 67,000 വീടുകള്‍ പൂര്‍ത്തിയാക്കുകയും 43,574 വീടുകളില്‍ താമസമാരംഭിക്കുകയും ചെയ്തു. ഇതിനായി 1,250 കോടി ചെലവഴിച്ചു.

ഗ്രാമപ്രദേശങ്ങളില്‍ ഈ പദ്ധതി പ്രകാരം 111.44 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 2022 ന് മുമ്പ് അഞ്ചുകോടി വീടുകളാണ് മോഡി വാഗ്ദാനം ചെയ്തത്. വീടൊന്നിന് കേന്ദ്ര സര്‍ക്കാര്‍ വിഹിതം 1.2 ലക്ഷം രൂപയാണ്.

ഈ പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഒന്നാണ് ചേരി പുനരധിവാസ പദ്ധതി. ചേരിയുടെ ഒരു ഭാഗത്ത് ബഹുനില ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച ശേഷം ചേരി നിവാസികളെ പുനരധിവസിപ്പിക്കുന്നതാണ് ഈ പദ്ധതി. എന്നാല്‍, ഭൂമിക്കോ വൈദ്യുത കണക്ഷനോ ഒന്നും ഔദ്യോഗിക രേഖയില്ലാത്ത ചേരി നിവാസികള്‍ പലരും അവിടെനിന്നുപോലും കുടിയൊഴിപ്പിക്കപ്പെടുന്നതിലേക്ക് ഇത് നയിക്കുന്നു.

സര്‍ക്കാര്‍ ഭൂമിയില്‍ സ്വകാര്യ കെട്ടിട നിര്‍മ്മാതാക്കളുമായി ചേര്‍ന്നുള്ള പദ്ധതിയും ആവാസ് യോജനയുടെ ഭാഗമാണ്. സ്വകാര്യ കമ്പനി കെട്ടിടം നിര്‍മ്മിക്കും. സബ്സിഡി സര്‍ക്കാര്‍ അവര്‍ക്ക് നല്‍കും. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കമ്പനിക്ക് പകുതി മാര്‍ക്കറ്റ് വിലയ്ക്കും ബാക്കി പകുതി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കിലും നല്‍കണം. ഇത് അഴിമതിയുടെ വിളനിലമായി മാറിയിരിക്കുന്നു.

 

ചുരുക്കത്തില്‍, അഞ്ചുകോടി വീടുകള്‍ നിര്‍മ്മിക്കും എന്ന് വാഗ്ദാനം ചെയ്ത മോഡി സര്‍ക്കാര്‍ ഒരു കോടി 11 ലക്ഷം വീടുകള്‍ക്കാണ് നിര്‍മ്മാണം ആരംഭിച്ചത്. വീടൊന്നിന് സര്‍ക്കാന്‍ ചെലവാക്കുന്നത് 1.2 ലക്ഷം രൂപമാത്രം. ഇതിന്റെ മറവില്‍ ചേരി നിവാസികളെ കുടിയിറക്കുന്നതും സര്‍ക്കാര്‍ ഭൂമി സ്വകാര്യ നിര്‍മ്മാണ കമ്പനിക്ക് കൈമാറുന്നതും അടിയന്തരമായി തടയേണ്ടതുമാണ്.

യു.പി.എ ഭരണകാലത്ത് 2009-2011 കാലയളവില്‍ 123.6 ലക്ഷം വീടുകളാണ് നിര്‍മ്മിച്ചത്. ഈ കാര്യത്തില്‍ മാറിവന്ന സര്‍ക്കാരുകളുടെ പ്രതിവര്‍ഷ ഗൃഹനിര്‍മ്മാണ കണക്കും പ്രസക്തമാണ്. മാറിവന്ന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ പുലര്‍ത്തിയ വളര്‍ച്ചാ നിരക്ക് കുറയ്ക്കാന്‍ മാത്രമേ മോഡി സര്‍ക്കാരിനായുള്ളു.

വിദേശനിക്ഷേപം; അവകാശവാദവും വസ്തുതയും

കൊട്ടിഘോഷിച്ച പദ്ധതികളുടെ പൊള്ളത്തരമാണ് ഇതുവരെ പരിശോധിച്ചതെങ്കില്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള അവകാശ വാദങ്ങള്‍ ഇതേപോലെ പൊള്ളയാണ്. വിദേശ നിക്ഷേപം സംബന്ധിച്ചും ബി.ജെ.പിയുടെ അവകാശ വാദം, ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റില്‍ ഇന്ത്യ ചൈനയേയും കടത്തിവെട്ടിയെന്നാണ്. ഇപ്പോള്‍ പ്രകടന പത്രിക പുറത്തുവിട്ടുകൊണ്ട് ബി.ജെ.പി ഇത്തരത്തില്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തി. എന്താണ് വസ്തുത?

2018ല്‍ എഫ്.ഡി.ഐ നേടിയെടുത്ത ആദ്യ പത്ത് രാജ്യങ്ങളുടെ ലിസ്റ്റില്‍നിന്ന് ഇന്ത്യ പുറത്തായിരിക്കുന്നു. 2015 മുതല്‍ ഇന്ത്യ ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു. സിംഗപ്പൂരിനെയും ഇന്ത്യയേയും പുറത്താക്കി സ്വിറ്റ്സര്‍ലന്റും ഇറ്റലിയും അവിടെ സ്ഥാനം പിടിച്ചിരിക്കുന്നു. 2005ല്‍ ഇന്ത്യയിലേക്കെത്തിയ വിദേശ നിക്ഷേപം 706 കോടി ഡോളറായിരുന്നത് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2008ല്‍ 4,701 കോടി ഡോളറായി വളര്‍ന്നു, ആഗോള മാന്ദ്യത്തേത്തുടര്‍ന്ന് 2012ല്‍ അത് 2,402 കോടി ഡോളറായി ചുരുങ്ങി. അവിടെനിന്നും 2016ല്‍ അത് 4,405 കോടി ഡോളറായി വളര്‍ന്നു. 2017ല്‍ അത് 3,909 കോടി ഡോളറായി. വീണ്ടും 2018ല്‍ ഏഴ് ശതമാനം കുറഞ്ഞു. ഡിസംബര്‍ 2018ല്‍ അത് 3,305 കോടി ഡോളറായിരുന്നു. ഇതില്‍ത്തന്നെ 1,900 കോടി ഡോളര്‍ സിംഗപ്പൂരില്‍നിന്നും മൗറീഷ്യസില്‍ നിന്നുമുള്ള നിക്ഷേപമാണ്. ഇവ പലപ്പോഴും ഇന്ത്യക്കാര്‍ തന്നെ നികുതി വെട്ടിക്കാന്‍ നടത്തുന്ന ‘റീറൂട്ടിങ്ങ്’ (വഴിമാറ്റല്‍) മൂലമാണ് എന്ന റിപ്പോര്‍ട്ടുകള്‍ നമ്മള്‍ ഓര്‍മ്മിക്കണം. അത് എന്തായാലും നോട്ടുനിരോധന വര്‍ഷമായ 2016ന് ശേഷം ആഗോള മാന്ദ്യകാലത്തെപ്പോലെ വിദേശ നിക്ഷേപം കുത്തനെ ഇടിയുകയാണ്. 2008ലെ വിദേശ നിക്ഷേപത്തിന്റെ തോതില്‍ ഒരുകാലത്തും മോഡി സര്‍ക്കാരിന് എത്താനുമായില്ല. ഇത് മറച്ചുവെയ്ക്കാനാണ് ലോകം മുഴുവന്‍ നിക്ഷേപവുമായി ഇന്ത്യയിലേക്ക് ഒഴുകുന്നു എന്ന പ്രചരണം.

 

വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപകരും കഴിഞ്ഞ പതിറ്റാണ്ടില്‍ ആദ്യമായി ഇന്ത്യയില്‍നിന്ന് ഓടിപ്പോവുകയാണ്. 6,000 കോടിയുടെ ഓഹരികളും 4,100 കോടിയുടെ കടപ്പത്രവും വിറ്റ് അവര്‍ പിന്‍വാങ്ങുന്നത് 2009ന് ശേഷമുള്ള ഏറ്റവും മോശപ്പെട്ട അവസ്ഥയാണ്.

ഹിന്ദുത്വവാദവുമായി നാടിനെ വിഭജിക്കാന്‍ ശ്രമിക്കുന്ന, ജനാധിപത്യത്തിന്റെ നെടുംതൂണുകളെ ദുര്‍ബലപ്പെടുത്തുന്ന, എല്ലാ ഭരണഘടനാ സ്ഥാപനങ്ങളേയും താഴ്ത്തിക്കെട്ടുന്ന, നോട്ടുനിരോധനത്തിലൂടെ ചെറുകിട വ്യക്തികളെയും സ്ഥാപനങ്ങളേയും തകര്‍ത്ത, നോട്ടുനിരോധനത്തിന്റെ മറവില്‍ വന്‍ അഴിമതി നടത്തിയ, കശ്മീരിനെ കുരുതിക്കളവും രാജ്യരക്ഷ ദുര്‍ബലവുമാക്കിയ, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില നല്‍കിയ, മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് യു.എന്‍ റിപ്പോര്‍ട്ടില്‍ രാജ്യത്തെ ഉള്‍പ്പെടുത്തിയ, ഉള്ള തൊഴിലവസങ്ങള്‍ പോലും നഷ്ടപ്പെടുത്തിയ, ഉള്ള പദ്ധതികള്‍ പേരുമാറ്റി നിലവാരം കുറച്ച, കപട ദേശീയത മുഖമുദ്രയാക്കിയ ഇവര്‍ എന്തിന്റെ പേരിലാണ് ഒരു രണ്ടാമൂഴം അര്‍ഹിക്കുന്നത്?

കടപ്പാട്: ന്യൂസ്‌റപ്റ്റ്

 

ജോസഫ് സി. മാത്യു
ഇടതുപക്ഷ രാഷ്ട്രീയ-സാമൂഹ്യ നിരീക്ഷകന്‍, വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഐ.ടി ഉപദേഷ്ടാവായിരുന്നു