ഐ.പി.എല്‍ 2022ല്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനല്‍ വരെയെത്താന്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ജോസ് ബട്‌ലര്‍. പിങ്ക് പടയുടെ റണ്‍മെഷീനായ ബട്‌ലര്‍ തന്നെയായിരുന്നു സീസണിലെ റണ്‍വേട്ടക്കാരില്‍ മുമ്പനും.
17 മത്സരത്തില്‍ നിന്നും 863 റണ്‍സ് സ്വന്തമാക്കിയാണ് താരം ഓറഞ്ച് ക്യാപ്പിനുടമയായത്. ഇതോടെ ഐ.പി.എല്ലിലെ ഒരു സീസണില്‍ നിന്നും ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കുന്ന രണ്ടാമത്തെ ബാറ്റര്‍ എന്ന റെക്കോഡും താരം നേടിയിരുന്നു.
2016ല്‍ ഡേവിഡ് വാര്‍ണര്‍ നേടിയ 848 റണ്‍സ് മറികടന്നുകൊണ്ടായിരുന്നു ബട്‌ലര്‍ രണ്ടാം സ്ഥാനത്തെത്തിയത്.
നിരവധി റെക്കോഡുകളും എം.വി.പി അടക്കമുള്ള പുരസ്‌കാരങ്ങളും ബട്‌ലര്‍ ഈ സീസണില്‍ നിന്നും നേടിയിരുന്നു.
ഇതിനെല്ലാം പുറമെ മറ്റൊരു റെക്കോഡും താരം തന്റെ പേരിലാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെയുടെ ഏറെ കാലമായി നിലനിന്നിരുന്ന റെക്കോഡ് തകര്‍ത്താണ് ബട്‌ലര്‍ പുതിയ ചരിത്രം കുറിച്ചത്.
ഒരു സീസണില്‍ ഇടംകയ്യന്‍ പേസര്‍മാര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് ബട്‌ലര്‍ തന്റെ പേരിലാക്കിയിരിക്കുന്നത്.
2015ല്‍ അജിന്‍ക്യ രഹാനെ നേടിയ 141 റണ്‍സാണ് ബട്‌ലര്‍ മറികടന്നത്. 162 റണ്‍സാണ് താരം ഈ സീസണില്‍ ഇടംകയ്യന്‍ പേസര്‍മാരെ പഞ്ഞിക്കിട്ട് സ്വന്തമാക്കിയത്.