സിംബാബ്വേയുടെ ക്രിക്കറ്റ് ചരിത്രം തിരുത്തിക്കുറിച്ച ഇന്നിങ്‌സ്; ഇതിഹാസനായകന്റെ പ്രിയപുത്രന്‍ ചരിത്രനേട്ടത്തില്‍
Cricket
സിംബാബ്വേയുടെ ക്രിക്കറ്റ് ചരിത്രം തിരുത്തിക്കുറിച്ച ഇന്നിങ്‌സ്; ഇതിഹാസനായകന്റെ പ്രിയപുത്രന്‍ ചരിത്രനേട്ടത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th May 2024, 11:25 am

ബംഗ്ലാദേശ്-സിംബാബ്വെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിന് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം.

സഹൂര്‍ അഹമ്മദ് ചൗധരി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 18.3 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരം പരാജയപ്പെട്ടെങ്കില്‍ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സിംബാബ്വെ താരം ജോനാഥന്‍ കോമ്പല്‍. 24 പന്തില്‍ 45 റണ്‍സ് നേടി കൊണ്ടായിരുന്നു കോമ്പലിന്റെ തകര്‍പ്പന്‍ പ്രകടനം. 187.50 സ്‌ട്രൈക്ക് റേറ്റില്‍ നാല് ഫോറുകളും മൂന്ന് സിക്‌സുകളും നേടിക്കൊണ്ടായിരുന്നു താരം കരുത്തുകാട്ടിയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ജോനാഥന്‍ സ്വന്തമാക്കിയത്. ടി-20യില്‍ സിംബാബ്വെക്കായി അരങ്ങേറ്റ മത്സരത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് ജോനാഥാന്‍ സ്വന്തം പേരിലാക്കി മാറ്റിയത്. സിംബാബ്വെയുടെ മുന്‍ ക്യാപ്റ്റന്‍ അലിസ്റ്റയറിന്റെ മകനാണ് ജോനാഥാന്‍.

ബ്രയാന്‍ ബെന്നറ്റ് 29 പന്തില്‍ പുറത്താവാതെ 44 റണ്‍സും നേടി നിര്‍ണായകമായി. രണ്ടു ഫോറുകളും മൂന്ന് സിക്‌സുകളുമാണ് താരം നേടിയത്.

ബംഗ്ലാദേശ് ബൗളിങ്ങില്‍ റിഷാദ് ഹുസൈന്‍, ടാസ്‌കിന്‍ അഹമ്മദ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനായി തൗഹീദ് ഹൃദോയ് 25 പന്തില്‍ പുറത്താവാതെ 37 റണ്‍സും മഹമ്മദുള്ള 16 പന്തില്‍ പുറത്താവാതെ 26 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ബംഗ്ലാദേശ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്താനും ബംഗ്ലാദേശിന് സാധിച്ചു. മെയ് ഏഴിനാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത് അഹമ്മദ് ചൗധരി സ്റ്റേഡിയമാണ് വേദി.

Content Highlight: Jonathan Compell create a new record in T20