കൊച്ചി: മാലിക് സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച അഭിമുഖത്തിനിടെ ചിരിപടര്‍ത്തി ജോജു ജോര്‍ജും വിനയ് ഫോര്‍ട്ടും. മീഡിയ വണ്‍ അഭിമുഖത്തിനിടെയാണ് ഇരുവരും പരസ്പരം തമാശ പറഞ്ഞ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചത്.
സിനിമയില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസുള്ളത് വിനയ് ഫോര്‍ട്ടിനാണെന്നും അത് മറ്റൊന്നും കൊണ്ടല്ല വേണ്ടെന്ന് പറഞ്ഞിട്ടും എല്ലാ സീനിലും അവന്‍ കയറി നില്‍ക്കുകയായിരുന്നുവെന്നാണ് ജോജുവിന്റെ കമന്റ്. ഇതുകേട്ട് പൊട്ടിച്ചിരിച്ചുകൊണ്ടാണ് വിനയ് മറുപടി നല്‍കിയത്.
‘സിനിമയില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസുള്ളത് വിനയ് ഫോര്‍ട്ടിനാണെന്നും വേണ്ടെന്ന് പറഞ്ഞിട്ടും എല്ലായിടത്തും കേറി നില്‍ക്കുകയായിരുന്നു’, എന്നാണ് ജോജു പറഞ്ഞത്.
ഇതുകേട്ട് എന്തേ ഇത് പറഞ്ഞില്ലെന്ന് താന്‍ ആലോചിക്കുകയായിരുന്നു താനെന്നായിരുന്നു വിനയ് ഫോര്‍ട്ടിന്റെ മറുപടി. പിന്നീട് ചിത്രത്തില്‍ താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെപ്പറ്റിയും വിനയ് മനസ്സ് തുറന്നു.
‘ഡേവിഡ് എന്ന കഥാപാത്രത്തെയാണ് താന്‍ മാലികില്‍ അവതരിപ്പിക്കുന്നത്. ഇതുവരെ ചെയ്തതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം കൂടിയാണ് ഡേവിഡ്. വളരെ ആഴമുള്ള കഥാപാത്രമാണ് ഡേവിഡ്. അതുമാത്രമല്ല മഹേഷ് നാരായണന്‍ എന്ന ഫിലിം മേക്കറിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് തന്നെ വലിയ അംഗീകാരമായി കണക്കാക്കുന്നു,’ വിനയ് പറഞ്ഞു.
ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമായ മാലിക് ജൂലൈ 15ന് റിലീസ് ചെയ്യുകയാണ്. കൊവിഡ് പ്രതിസന്ധികളെത്തുടര്‍ന്ന് ഒ.ടി.ടി. റിലീസ് ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈമിലാണ് എത്തുന്നത്.
2020 ഏപ്രില്‍ മാസം റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധി മൂലം 2021 മെയ് 13ലേക്ക് റിലീസ് മാറ്റിവെച്ചിരുന്നു.
പിന്നീട് രണ്ടാം തരംഗം ശക്തമായതോടെയാണ് സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിക്കുകയായിരുന്നു.
സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ മാലികില്‍ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്. ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, സലിംകുമാര്‍, ഇന്ദ്രന്‍സ്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.