Entertainment
ഒന്നും പറയരുതെന്ന് ആ സിനിമയുടെ ആളുകള്‍ എഴുതി ഒപ്പിടീപ്പിച്ചു: ജോജു ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 07, 03:20 am
Friday, 7th February 2025, 8:50 am

സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റെട്രോ. ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ സൂര്യ പ്രത്യക്ഷപ്പെടുന്ന റെട്രോയുടെ ടൈറ്റില്‍ ടീസറിന് വന്‍ വരവേല്പാണ് ലഭിച്ചത്. പൂജ ഹെഗ്ഡേ നായികയാകുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

സൂര്യ സാറിനെ ഇഷ്ടപെടുന്നവര്‍ക്കൊക്കെ നന്നായി ഇഷ്ടപെടുന്ന ചിത്രമായിരിക്കും റെട്രോ – ജോജു ജോര്‍ജ്

റെട്രോ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ജോജു ജോര്‍ജ്. മെയ് ഒന്നിന് റെട്രോ തിയേറ്ററുകളില്‍ എത്തുമെന്നും അതൊരു വലിയ സിനിമയാണെന്നും ജോജു ജോര്‍ജ് പറയുന്നു. സിനിമയിലെ തന്റെ ഡബ്ബിങ് എല്ലാം കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വലിയ സിനിമകളുടെ ഭാഗമാകുമ്പോള്‍ കൂടുതലൊന്നും പുറത്ത് പറയരുതെന്ന് അവര്‍ എഴുതി ഒപ്പിടീപ്പിക്കുമെന്നും അതിനാല്‍ തനിക്ക് കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നും ജോജു വ്യക്തമാക്കി. നാരായണീന്റെ മൂന്നാണ്മക്കള്‍ എന്ന സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ജോജു ജോര്‍ജ്.

‘റെട്രോയുടെ റിലീസ് മെയ് ഒന്നിനാണ്. ആ ദിവസം ചിത്രം തിയേറ്ററുകളില്‍ വരും. വലിയ ഒരു സിനിമയാണ്. അടിപൊളി ആയിരിക്കും. എന്റെ ഡബ്ബിങ് എല്ലാം കഴിഞ്ഞു. സിനിമയെ കുറിച്ച് എനിക്ക് കൂടുതല്‍ ഒന്നും പറയാന്‍ കഴിയില്ല.

കാരണം, ഒന്നും പറയരുതെന്ന് ഈ വലിയ സിനിമകളുടെയെല്ലാം ആളുകള്‍ നമ്മളെ കൊണ്ട് എഴുതി ഒപ്പിടിപ്പിക്കും. ഞാന്‍ ഒപ്പിട്ടിരുന്നു. ഒഫീഷ്യല്‍ ആയിട്ട് അവര്‍ അവരുടെ പേജിലൂടെയാണ് കൂടുതല്‍ അപ്‌ഡേറ്റുകള്‍ പറയുക. അതിലൂടെയാണ് സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുക.

റെട്രോ എന്ന സിനിമക്ക് നിങ്ങള്‍ എക്‌സൈറ്റഡ് ആണെങ്കില്‍ നിങ്ങളെ ഹാപ്പയിയാക്കുന്ന സിനിമയായിരിക്കും അത്. കാര്‍ത്തിക് സുബ്ബരാജിന്റെ സിനിമ, സൂര്യ സാറിനെ ഇഷ്ടപെടുന്നവര്‍ക്കൊക്കെ നന്നായി ഇഷ്ടപെടുന്ന ചിത്രമായിരിക്കും റെട്രോ,’ ജോജു ജോര്‍ജ് പറയുന്നു.

Content Highlight: Joju George talks about Reto movie