national news
64 വര്‍ഷങ്ങള്‍ക്ക് ശേഷം ഗുജറാത്തില്‍ ഇന്ന് കോണ്‍ഗ്രസ് സമ്മേളനം നടക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 09, 03:49 am
Wednesday, 9th April 2025, 9:19 am

അഹമ്മദാബാദ്: കോണ്‍ഗ്രസ് ദേശീയ സമ്മേളനം ഇന്ന് ഗുജറാത്തില്‍ നടക്കും. 64 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗുജറാത്തില്‍ എ.ഐ.സി.സി സമ്മേളനം നടക്കുന്നത്. അഹമ്മദാബാദിലെ സബര്‍മതി നദിക്കരയാണ് സമ്മേളന വേദി.

വിവിധ സംസ്ഥാനങ്ങളിലായി സുപ്രധാന തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം അഹമ്മദാബാദില്‍ വെച്ച് ചേരുന്നത്.

ബി.ജെ.പിയെ അവരുടെ മടയില്‍ പോയി നേരിടുകയാണെന്നാണ് എ.ഐ.സി.സി സമ്മേളനത്തെ കുറിച്ച് കഴിഞ്ഞ ദിവസം പ്രതികരിച്ച കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. 1961ലാണ് അവസാനമായി ഗുജറാത്തില്‍ കോണ്‍ഗ്രസ് സമ്മേളനം നടന്നത്.

ഇന്നലെ (ചൊവ്വ) അഹമ്മദാബാദിലെ കോണ്‍ഗ്രസ് വിശാലക സമിതി ‘2025 കോണ്‍ഗ്രസിന്റെ പുനഃസംഘടനാ വര്‍ഷം’ എന്ന പ്രമേയം പാസാക്കിയിരുന്നു. ബി.ജെ.പിയെ നേരിടാന്‍ സംഘടന സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രമേയത്തില്‍ പറയുന്നുണ്ട്.

കൂടാതെ കോണ്‍ഗ്രസ് വിശാലക സമിതി ഗുജറാത്തിനായും പ്രത്യേക പ്രമേയം പാസാക്കി. ഗുജറാത്ത് എല്ലാ മേഖലയിലും പിന്നിലാണെന്നാണ് പ്രമേയത്തില്‍ പറയുന്നത്.

ഇതാദ്യമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഒരു സംസ്ഥാനത്തിനായി പ്രത്യേക പ്രമേയം പാസാക്കുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്മാരകത്തില്‍ നടന്ന സി.ഡബ്ല്യു.സി യോഗത്തില്‍ 158 അംഗങ്ങളാണ് പങ്കെടുത്തത്.

ഇന്നത്തെ സമ്മേളനത്തില്‍ പ്രാദേശിക യൂണിറ്റുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കല്‍, സഖ്യങ്ങളുമായുള്ള ഇടപെടല്‍, പൊതുജന സമ്പര്‍ക്കം വര്‍ധിപ്പിക്കല്‍ തുടങ്ങിയവ സംബന്ധിച്ച് തീരുമാനമുണ്ടാകും.

ജാതി സെന്‍സസ് പോലുള്ള വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഈ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുമെന്നാണ് വിവരം.

കഴിഞ്ഞ 30 വര്‍ഷമായി ഗുജറാത്തില്‍ വിജയം കാണാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. 2027ല്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടക്കം മുന്നില്‍ക്കണ്ടുകൊണ്ടാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നീക്കം.

നിലവില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായും കരിനിഴലില്‍ നിന്ന ഗുജറാത്ത് കലാപവും അതുസംബന്ധിച്ച മറ്റു വിഷയങ്ങളും വീണ്ടും ചര്‍ച്ചയായ സാഹചര്യത്തില്‍ കൂടിയാണ് അഹമ്മദാബാദില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒത്തുചേരുന്നത്.

2000ത്തോളം കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍. വയനാട് എം.പിയും ഐ.സി.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി സമ്മേളനത്തില്‍ പങ്കെടുക്കില്ല. വിദേശത്ത് തുടരുന്നതിനാലാണ് പ്രിയങ്ക സമ്മേളനത്തില്‍ പങ്കെടുക്കാത്തത്. രോഗാവസ്ഥയിലുള ബന്ധുവിനെ കാണുന്നതിനായാണ് പ്രിയങ്ക വിദേശത്തേക്ക് പോയത്.

Content Highlight: Congress session in Gujarat to be held today after 64 years