IPL
ഇയാള്‍ ക്ലാസിക്ക് വിട്ട് ഇപ്പോള്‍ വെടിക്കെട്ട് മാത്രം; തകര്‍പ്പന്‍ റെക്കോഡില്‍ ക്യാപ്റ്റന്‍ രഹാനെ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 09, 04:05 am
Wednesday, 9th April 2025, 9:35 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ (ചൊവ്വ) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ വീഴ്ത്തി ലഖ്നൗ സൂപ്പര്‍ ജയന്റ്സ് വിജയം സ്വന്തമാക്കിയിരുന്നു. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നാല് റണ്‍സിനാണ് അജിന്‍ക്യ രഹാനെയും കൂട്ടരും തോല്‍വി ഏറ്റുവാങ്ങിയത്.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് ലഖ്നൗ നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ലാസ്റ്റ് ഓവര്‍ ത്രില്ലറിലാണ് കൊല്‍ക്കത്ത പരാജയപ്പെട്ടത്.

അവസാന ആറ് പന്തില്‍ 23 റണ്‍സ് ആയിരുന്നു കൊല്‍ക്കത്തക്ക് വേണ്ടത്. റിങ്കു സിങ്ങും ഹര്‍ഷിത് റാണയും പരിശ്രമിച്ചപ്പോള്‍ 19 റണ്‍സ് മാത്രമായിരുന്നു ബൗളിങ്ങിനെത്തിയ ബിഷ്ണോയിക്കെതിരെ നേടാന്‍ സാധിച്ചത്. ഇതോടെ തങ്ങളുടെ മൂന്നാം വിജയമാണ് ലഖ്നൗ രേഖപ്പെടുത്തിയത്.

ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ക്യാപ്റ്റന്‍ രഹാനെയാണ്. രഹാനെ 35 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 61 റണ്‍സ് നേടിയാണ് പുറത്തായത്. മുന്‍ സീസണിനെ അപേക്ഷിച്ച് അഗ്രസീവ് മൈന്‍ഡ് സെറ്റിലാണ് താരം ബാറ്റ് വീശുന്നത്. ഷര്‍ദുല്‍ താക്കൂറാണ് മത്സരത്തില്‍ രഹാനെയെ പുറത്താക്കിയത്. മകച്ച പ്രകടനം നടത്തിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നാഴികക്കല്ല് പിന്നിടാനും രഹാനെയ്ക്ക് സാധിച്ചിരിക്കുകയാണ്.

ടി-20യില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. ഈ നേട്ടം കൈവരിക്കുന്ന 12ാമത്തെ ഇന്ത്യന്‍ താരമാണ് രഹാനെ. നിലവില്‍ ഐ.പി.എല്‍ ഉള്‍പ്പെടെയുള്ള ടി-20 മത്സരത്തില്‍ നിലവില്‍ 260 ഇന്നിങ്‌സില്‍ നിന്ന് 7036 റണ്‍സാണ് രഹാനെ നേടിയത്.

ഇന്റര്‍നാഷണല്‍ ടി-20യില്‍ 375 റണ്‍സും താരം രേഖപ്പെടുത്തിയിട്ടുണ്ട്. ഐ.പി.എല്ലിലെ ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 184 റണ്‍സാണ് രഹാനെ നേടിയത്. മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും ടീമിന് അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയം മാത്രമാണ് നേടാന്‍ സാധിച്ചത്.

ക്യാപ്റ്റന് പുറമേ വെങ്കിടേഷ് അയ്യര്‍ 29 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയാണ്. എട്ടാമനായി ഇറങ്ങിയ റിങ്കു സിങ് 15 പന്തില്‍ നിന്നും രണ്ട് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 38 റണ്‍സ് നേടി പുറത്താകാതെ നിന്നു. മാറ്റാര്‍ക്കും തന്നെ ടീമിനുവേണ്ടി സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

 

Content Highlight: IPL 2025: Ajinkya Rahane Complete 7000 T-20 Runs