കൂടത്തായി കേസില്‍ കൂടുതല്‍ പ്രതികള്‍? മരണശേഷം റോയി തോമസിന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചത് ജോളിയുടെ സുഹൃത്തെന്ന് കണ്ടെത്തല്‍
Koodathayi Murder
കൂടത്തായി കേസില്‍ കൂടുതല്‍ പ്രതികള്‍? മരണശേഷം റോയി തോമസിന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചത് ജോളിയുടെ സുഹൃത്തെന്ന് കണ്ടെത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th October 2019, 12:41 pm

കോഴിക്കോട്: കൂടത്തായി കേസില്‍ വീണ്ടും വഴിത്തിരിവ്. മുഖ്യപ്രതി ജോളിയുടെ സുഹൃത്തായ ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍ ഉപയോഗിച്ചത് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മൊബൈല്‍ നമ്പറാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

റോയിയുടെ മരണശേഷം ജോണ്‍സണ്‍ നമ്പര്‍ സ്വന്തം പേരിലേക്കു മാറ്റിയിരുന്നു. ഇതിലൂടെ ജോണ്‍സണ്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും തെളിഞ്ഞിരിക്കുകയാണ്.

ജോളി കൊലയാളിയാണെന്ന് അറിയില്ലായിരുന്നുവെന്ന് ജോണ്‍സണ്‍ മുന്‍പു മൊഴി നല്‍കിയിരുന്നു. ജോളിയുമായി നല്ല സൗഹൃദമുണ്ടായിരുന്നെന്നും ജോണ്‍സന്റെ സിം കാര്‍ഡാണ് ജോളി ഉപയോഗിച്ചിരുന്നെന്നും അയാള്‍തന്നെ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജോളിക്കൊപ്പം സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയിട്ടുണ്ടെന്നും ജോണ്‍സണ്‍ പറഞ്ഞിരുന്നു. ജോണ്‍സണ്‍ കോയമ്പത്തൂരാണു ജോലി ചെയ്യുന്നത്.

അതിനിടെ സിലിയെ കൊലപ്പെടുത്തിയത് ജോളി തന്നെയാണെന്ന് സിലിയുടെ മകന്‍ തന്നെ മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ജോളി നല്‍കിയ വെള്ളം കുടിച്ച ശേഷമാണ് അമ്മയുടെ ബോധം നഷ്ടപ്പെട്ടതെന്ന് പതിനാറുകാരനായ മകന്‍ മൊഴി നല്‍കിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

‘അമ്മയുടെ മരണശേഷം ജോളി പലതവണ ഉപദ്രവിച്ചു. അവരില്‍ നിന്നു തരംതിരിവുണ്ടായി. കൂടത്തായിയിലെ വീട്ടില്‍ അപരിചിതനെപ്പോലെയാണു ജീവിച്ചത്.’- മകന്‍ പറഞ്ഞു. ഇന്നലെയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്.

സിലിയുടെ മരണശേഷം അവരുടെ ഭര്‍ത്താവായിരുന്ന ഷാജു ജോളിയെ വിവാഹം ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നലെ കൊലകള്‍ക്കുപയോഗിച്ച സയനൈഡിന്റെ ഉറവിടം കണ്ടെത്തിയതും കേസില്‍ നിര്‍ണായകമായിരുന്നു. കോയമ്പത്തൂരില്‍ നിന്നാണ് ഇതെത്തിയതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. എസ്.ഐ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരെത്തി ഇക്കാര്യം അന്വേഷിച്ചതോടെയാണു ചുരുളഴിഞ്ഞത്.

ജോളിക്ക് സയനൈഡ് നല്‍കിയതു രണ്ടാം പ്രതിയായ മാത്യുവാണ്. ഇദ്ദേഹം സയനൈഡ് വാങ്ങിയത് മൂന്നാംപ്രതി പ്രജികുമാറില്‍ നിന്നാണെന്നും നേരത്തേ വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം കോയമ്പത്തൂരിലേക്കെത്തിയത്.

കോയമ്പത്തൂരിലെ സത്യന്‍ എന്നയാളാണു മാത്യുവിന് സയനൈഡ് നല്‍കിയതെന്നു കണ്ടെത്തിയിട്ടുണ്ട്. സത്യന്റെ മൊഴി രേഖപ്പെടുത്തി. സത്യന് സയനൈഡ് നല്‍കിയ വ്യക്തി അഞ്ചുമാസം മുന്‍പ് മരിച്ചു. ഇയാള്‍ക്ക് സയനൈഡ് കൈവശം വെയ്ക്കുന്നതിന് ലൈസന്‍സ് ഉണ്ട്.

ഇതുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റും അന്വേഷണ സംഘം ശേഖരിച്ചു. ജോളി കോയമ്പത്തൂരിലേക്കു പലതവണ പോയതിന്റെ തെളിവുകളും നേരത്തേ ലഭിച്ചിരുന്നു.