Advertisement
Fake News
ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദ് ഐ.എസില്‍ ചേര്‍ന്നു; ടൈംസ് ഓഫ് ഇന്ത്യയുടെ പഴയ വ്യാജവാര്‍ത്ത വീണ്ടും പ്രചരിപ്പിച്ച് സംഘപരിവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Feb 27, 07:47 am
Tuesday, 27th February 2018, 1:17 pm

ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ എ.ബി.വി.പി മര്‍ദ്ദനത്തിന് പിന്നാലെ കാണാതായി ഗവേഷക വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെതിരെ കുപ്രചരണവുമായി സംഘപരിവാര്‍. നജീബ് ഐ.എസില്‍ ചേര്‍ന്നുവെന്ന 2017 മാര്‍ച്ചില്‍ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത പുതിയതെന്ന രീതിയില്‍ അവതരിപ്പിച്ചാണ് പ്രചരണം. വാര്‍ത്ത അന്നു തന്നെ ദല്‍ഹി പൊലീസ് തള്ളിക്കളഞ്ഞിരുന്നു.

ബി.ജെ.പി ദേശീയജനറല്‍ സെക്രട്ടറി രാംമാധവ് എം.പിയും മാധ്യമപ്രവര്‍ത്തകനുമായ സ്വപന്‍ദാസ് ഗുപ്ത, പ്രധാനമന്ത്രി ട്വിറ്ററില്‍ പിന്തുടരുന്ന ഷെഫാലി വൈദ്യ എന്നിവരെല്ലാം വാര്‍ത്ത ഷെയര്‍ ചെയ്തിട്ടുണ്ട്.

 

 

ബി.ജെ.പി പ്രവര്‍ത്തകനെന്ന് അവകാശപ്പെടുന്ന റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഫോളോ ചെയ്യുന്ന ജസ്വന്ത് സിങ് എന്നയാള്‍ ഷെയര്‍ ചെയ്ത വാര്‍ത്തയാണ് രാംമാധവടക്കം ട്വീറ്റ് ചെയ്തത്. വാര്‍ത്ത പഴയതാണെന്നും തെറ്റാണെന്നും വിമര്‍ശനമുയര്‍ന്നപ്പോള്‍ നേതാക്കള്‍ ട്വീറ്റ് പിന്‍വലിച്ചെങ്കിലും ഷെയര്‍ചെയ്ത വാര്‍ത്തയുടെ ഉള്ളടക്കം തെറ്റാണെന്ന് സമ്മതിക്കാന്‍ രാംമാധവടക്കം തയ്യാറായില്ല.

നജീബിന്റെ കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് പഴയ വാര്‍ത്ത വീണ്ടും ഷെയര്‍ചെയ്ത് വ്യാജപ്രചരണം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് ബി.ജെ.പി ഐ.ടി സെല്ലും നജീബിനെതിരെ വ്യാപകമായ പ്രചരണം നടത്തിയിരുന്നു.