ന്യൂദല്‍ഹി: ജെ.എന്‍.യു സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തിയ എ.ബി.വി.പി പ്രവര്‍ത്തകരുടെ ഗുണ്ടായിസത്തിനെതിരെ ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികളുടേയും, അധ്യാപകരുടേയും സംയുക്ത മാര്‍ച്ച്.
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിനിടെയാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ ഗുണ്ടായിസം കാണിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തള്ളിക്കയറാന്‍ ശ്രമിച്ച എ.ബി.വി.പി പ്രവര്‍ത്തകര്‍ ഗാര്‍ഡുമാരെ കയ്യേറ്റം ചെയ്തു. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ വാതിലും ഇവര്‍ തകര്‍ത്തിരുന്നു.
തുടര്‍ന്ന് 12 മണിക്കൂറോളം വോട്ടെണ്ണല്‍ വൈകി.
എ.ബി.വി.പി ശക്തികേന്ദ്രമായ സയന്‍സ് സ്‌കൂളുകളില്‍ തിരിച്ചടി നേരിട്ടതാണ് പ്രകോപനത്തിന് കാരണം എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വലിയ ഭൂരിപക്ഷത്തോടെ വിശാല ഇടത് സഖ്യം ക്യാംപസില്‍ വിജയിച്ചു. എസ്.എഫ്.ഐ, ഐസ, എ.ഐ.എസ്.എഫ്, ഡി.എസ്.എഫ് എന്നീ സംഘടകളുടെ സഖ്യമാണ് തെരഞ്ഞെടുപ്പ് വിജയിച്ചത്.
ഇതിന് ശേഷം എ.ബി.വി.പിയുടെ ഗുണ്ടായിസത്തിനെതിരെ സ്റ്റുഡന്റ്‌സ് യൂണിയന്‍, സ്റ്റാഫ് അസോസിയേഷന്‍, ടീച്ചേഴ്‌സ് അസോസിയേഷന്‍, ഓഫീസേര്‍സ് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായി പ്രതിഷേധ റാലി നടത്തുകയായിരുന്നു.
ഇവര്‍ ചേര്‍ന്ന് സംയുക്ത പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.