കയ്യടി കാരണം ആ സീനിലെ ഡയലോഗ് കേൾക്കാനാവില്ലെന്ന് ഉറപ്പായിരുന്നു, പക്ഷെ ആവേശത്തിലെ ആ ഭാഗം ഒഴിവാക്കേണ്ടി വന്നു: ജിത്തു മാധവൻ
Entertainment
കയ്യടി കാരണം ആ സീനിലെ ഡയലോഗ് കേൾക്കാനാവില്ലെന്ന് ഉറപ്പായിരുന്നു, പക്ഷെ ആവേശത്തിലെ ആ ഭാഗം ഒഴിവാക്കേണ്ടി വന്നു: ജിത്തു മാധവൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th July 2024, 12:13 pm

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആവേശം. റീ ഇൻട്രൊഡ്യൂസിങ് ഫഫ എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങിയ ചിത്രം ഒരുതരത്തിൽ ഫഹദ് ഫാസിലിന്റെ അഴിഞ്ഞാട്ടമായിരുന്നു. രംഗൻ എന്ന ഗുണ്ടാ നേതാവായാണ് ഫഹദ് ചിത്രത്തിൽ തകർത്താടിയത്.

തിയേറ്ററിൽ ഗംഭീര മുന്നേറ്റം നടത്തി നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രം ഒ.ടി.ടിയിൽ റിലീസിന് ശേഷവും മികച്ച അഭിപ്രായം നേടിയിരുന്നു. എഡിറ്റിങ് സമയത്ത് ഒഴിവാക്കേണ്ടി വന്ന മികച്ച ഒരു സീനിനെ കുറിച്ച് പറയുകയാണ് സംവിധായകൻ ജിത്തു മാധവൻ.

കയ്യടി കിട്ടുമെന്ന് ഉറപ്പായിരുന്ന സീനാണെന്നും ഒഴിവാക്കുന്ന കാര്യം പറയുക പോലും ചെയ്യാതെയാണ് എഡിറ്റർ വിവേക് ഹർഷൻ അതൊഴിവാക്കിയതെന്നും ജിത്തു പറയുന്നു. രേഖ മേനോനുമൊത്തുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജിത്തു.

‘തിയേറ്ററില്‍ കാണിച്ചിരുന്നെങ്കില്‍ കൈയടി കാരണം അടുത്ത സീനിലെ ഡയലോഗ് കേള്‍ക്കാന്‍ പറ്റില്ലെന്ന് ഉറപ്പുണ്ടായിരുന്ന ഒരു സീന്‍ ഉണ്ടായിരുന്നു.

അത് കളയേണ്ടി വന്നതില്‍ വിഷമമുണ്ട്. പക്ഷേ ഒട്ടും മനസലിവില്ലാത്ത ഒരാളാണ് എഡിറ്റ് ചെയ്യാനിരുന്ന വിവേക് ഹര്‍ഷന്‍. ഇത് കളയാം എന്ന് പറയുക പോലും ചെയ്യാതെയാണ് ഓരോ സീനും കട്ട് ചെയ്യുന്നത്. എന്തിനാ ഇതൊക്കെ ആവശ്യമില്ലാതെ എന്ന് ചോദിച്ചാണ് എല്ലാം വെട്ടിക്കളയുന്നത്.

ഏതെങ്കിലുമൊരു സീന്‍ തിരിച്ച് വെപ്പിക്കണമെങ്കില്‍ നമ്മള്‍ കാല് പിടിക്കണം. എന്നാലേ മനസലിവ് തോന്നി തിരിച്ച് വെക്കുള്ളൂ.

ഒരു കണക്കിന് നോക്കിയാല്‍ അതൊക്കെ നല്ലതാണ്. കാരണം സിനിമയുടെ ഫ്‌ളോ പോവാന്‍ പാടില്ലല്ലോ. അത് കൃത്യമായി അറിയാവുന്നത് കൊണ്ടാണ് ആ സീനൊക്കെ ഡിലീറ്റ് ചെയ്യുന്നത്. കരുണയില്ലാത്ത എഡിറ്റര്‍മാരാണ് മലയാളസിനിമയുടെ ഐശ്വര്യം,’ ജിത്തു പറഞ്ഞു,’ജിത്തു പറയുന്നു.

 

Content Highlight: Jithu Madhavn Talk About A scene In Avesham Movie