മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയ ഇന്‍വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ സിനിമകളില്‍ മികച്ച അഭിപ്രായം നേടിയ ഒന്നായിരുന്നു തലവന്‍. ജിസ് ജോയ്യുടെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ ആസിഫ് അലിയും ബിജു മേനോനുമാണ് ഒന്നിച്ചത്. ഈ സിനിമ കമല്‍ ഹാസന്‍ കാണുകയും ചെന്നൈയില്‍ വെച്ച് തലവന്റെ ടീമിനെ അദ്ദേഹം നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.
അന്ന് കമല്‍ ഹാസന്‍ മലയാള സിനിമയെ കുറിച്ചായിരുന്നു സംസാരിച്ചതെന്ന് പറയുകയാണ് സംവിധായകന്‍ ജിസ് ജോയ്. സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
45 മിനുട്ടോളം നീണ്ടുനിന്ന സംസാരത്തില്‍ മലയാള സിനിമക്ക് വന്ന മാറ്റങ്ങളെ കുറിച്ചും കമല്‍ ഹാസന്‍ സംസാരിച്ചെന്നും ജിസ് ജോയ് പറഞ്ഞു. മലയാളത്തില്‍ വ്യത്യസ്തമായ സിനിമകള്‍ ഇറങ്ങുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്ത കമല്‍ ഹാസന്‍ മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും വാ തോരാതെ സംസാരിച്ചെന്നും സംവിധായകന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
‘അന്ന് അദ്ദേഹം സംസാരിച്ചത് സിനിമയെ കുറിച്ച് മാത്രമാണ്. അതും സംസാരിച്ചത് മൊത്തം മലയാള സിനിമയെ കുറിച്ചായിരുന്നു. ഞങ്ങള്‍ 45 മിനുട്ടോളമാണ് സംസാരിച്ചത്. ആ സമയം മുഴുവന്‍ മലയാള സിനിമക്ക് വന്ന മാറ്റങ്ങളെ കുറിച്ച് ഞങ്ങളോട് സാര്‍ സംസാരിച്ചു. മലയാള സിനിമ ഒരുപാട് മാറിയെന്ന് പറഞ്ഞു. മമ്മൂക്കയെ കുറിച്ചും ലാല്‍ സാറിനെ കുറിച്ചും വാ തോരാതെ സംസാരിച്ചു.
ഇവിടെ വ്യത്യസ്തമായ സിനിമകള്‍ ഇറങ്ങുന്നതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഒരു സിനിമ പോലെ മറ്റൊരു സിനിമയില്ല, എന്നാല്‍ എല്ലാം ഹിറ്റുമാണ്. വളരെ അത്ഭുതത്തോടെയാണ് മലയാളത്തെ ഇന്ത്യന്‍ സിനിമ കാണുന്നതെന്നും കമല്‍ സാര്‍ പറഞ്ഞു. എത്രനേരം വേണമെങ്കിലും സിനിമയെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്ന ആളാണ് അദ്ദേഹം. ആ കൂടികാഴ്ച്ച ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy Talking About Kamal Haasan , Mammootty And Mohanlal