Advertisement
Entertainment
ഇന്നേവരെ എന്റെ ആ ചിത്രം കണ്ട് ആരും പറയാത്ത കാര്യമാണ് ഇന്നസെന്റ് ചേട്ടൻ അന്ന് ഇമോഷണലായി പറഞ്ഞത്: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 04, 02:32 am
Tuesday, 4th June 2024, 8:02 am

തന്റെ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ജിസ് ജോയ്. സംവിധായകൻ എന്നതിലുപരി തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന് മലയാളത്തിൽ ഡബ്ബ് ചെയ്യുന്നതിലൂടെയും വലിയ രീതിയിൽ സ്വീകാര്യത നേടാൻ ജിസ് ജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ജിസ് ജോയ് ഒരുക്കി കുഞ്ചാക്കോ ബോബൻ, സിദ്ദിഖ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു മോഹൻ കുമാർ ഫാൻസ്‌. ചിത്രം കണ്ട് നടൻ ഇന്നസെന്റ് വിളിച്ച അനുഭവം പറയുകയാണ് ജിസ് ജോയ്. ചിത്രത്തിലെ ഒരു സീൻ കണ്ട് ഇന്നസെന്റ് വിളിച്ച് ഇമോഷണലായി സംസാരിച്ചെന്നും തനിക്ക് അത്ഭുതം തോന്നിയെന്നും ജിസ് ജോയ് സൈന സൗത്ത് പ്ലസിനോട് പറഞ്ഞു.

‘മോഹൻ കുമാർ ഫാൻസ്‌ എന്ന സിനിമ ഒ.ടി.ടിയിൽ വന്നപ്പോൾ ഒരു ദിവസം രാത്രി ഒമ്പത് മണിക്ക് എനിക്കൊരു ഫോൺ വന്നു. എനിക്ക് അധികം പരിചയം ഇല്ലാത്ത ആളാണ് ഇന്നസെന്റ് ചേട്ടൻ. തീർച്ചയായും അദ്ദേഹത്തെ വെച്ച് പരസ്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്.

അദ്ദേഹം വിളിച്ചിട്ട് വലിയ രീതിയിൽ സിനിമയിലെ മോഹൻകുമാർമാരെ കുറിച്ച് സംസാരിച്ചു. അതായത് ഫീൽഡ് ഔട്ടായി പോയതറിയാത്ത നിരവധി അഭിനേതാക്കളും സംവിധായകരും സിനിമക്കാരുമൊക്കെ ഉണ്ടല്ലോ. ഇന്നസെന്റ് ചേട്ടനെ സംബന്ധിച്ച് എത്രയോ മോഹൻകുമാർമാരെ കണ്ടിട്ടുണ്ടാവും.

പുള്ളി വളരെ ഇമോഷണലി അതിനെ കുറിച്ച് എന്നോട് സംസാരിച്ചു. അതിനകത്ത് അദ്ദേഹം പറഞ്ഞ ഒരു പ്രധാനപ്പെട്ട പോയിന്റ് ഉണ്ട്. അതിൽ സിദ്ദിഖ് ഇക്കയുടെ കഥാപാത്രം അവാർഡ് നേടുന്നതിന് മുമ്പ് കട്ടിലിൽ ഇരുന്ന് നോക്കുന്ന ഒരു നോട്ടമുണ്ട്. അതെനിക്ക് വല്ലാതെ തറച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

വേറെയാരുമല്ല അദ്ദേഹം നോക്കുന്നത് ക്യാമറയിലേക്കുമല്ല നോക്കുന്നത് പക്ഷെ അങ്ങനെയൊരു നോട്ടം നിനക്കെന്താണ് ഷൂട്ട്‌ ചെയ്യാൻ തോന്നിയതെന്ന് അദ്ദേഹം ചോദിച്ചു.

അദ്ദേഹം അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. ഇന്നേവരെ ആ സിനിമ കണ്ടിട്ട് ആരും അത് പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് ആ കാര്യം മനസിലായി എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്,’ജിസ് ജോയ് പറയുന്നു.

 

Content Highlight: Jis Joy Talk About Memory With Innocent