തലവനില്‍ നസ്‌ലെന്‍ ചെയ്യേണ്ട റോളിലേക്കായിരുന്നു ആ നടന്‍ വന്നത്: ജിസ് ജോയ്
Entertainment
തലവനില്‍ നസ്‌ലെന്‍ ചെയ്യേണ്ട റോളിലേക്കായിരുന്നു ആ നടന്‍ വന്നത്: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th June 2024, 4:01 pm

തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ആസിഫ് അലി ചിത്രം തലവന്‍. ആസിഫിന് പുറമെ ബിജു മോനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്ഥിരം ഫീല്‍ ഗുഡ് ഴോണറില്‍ നിന്ന് ജിസ് ജോയ് ട്രാക്ക് മാറ്റി ചെയ്ത ചിത്രം കൂടിയാണ് തലവന്‍. പൂര്‍ണമായും സീരിയസ് മൂഡിലൂടെ പോകുന്ന ചിത്രത്തില്‍ ഇടയ്ക്ക് പ്രേക്ഷകരെ ചിരിപ്പിച്ച കഥാപാത്രമായിരുന്നു ജാഫര്‍ ഇടുക്കി അവതരിപ്പിച്ച തിരക്കഥാകൃത്ത് അള്ളപ്പന്‍.

രണ്ടാം പകുതിയില്‍ പ്രേക്ഷകരുടെ പിരിമുറുക്കത്തിന് ഒരു അയവ് വരുത്താന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു കഥാപാത്രത്തെ നിര്‍മിച്ചതെന്ന് ജിസ് ജോയ് പറഞ്ഞു. ഷൂട്ട് തുടങ്ങി 30ാം ദിവസമാണ് ഈ കഥാപാത്രത്തെ സ്‌ക്രിപ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നും ജാഫര്‍ ഇടുക്കിക്ക് പകരം നസ്‌ലെനെയായിരുന്നു ആ റോളിലേക്ക് പരിഗണിച്ചതെന്നും ജിസ് ജോയ് പറഞ്ഞു. തങ്ങളോടുള്ള സൗഹൃദത്തിന്റെ പുറത്ത് നസ്‌ലെന്‍ ആ വേഷം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്‌തെന്നും ജിസ് ജോയ് പറഞ്ഞു.

എന്നാല്‍ പ്രേമലു കണ്ടപ്പോള്‍ ഇത്രയും വലിയ ഒരു നായകനടനെ രണ്ടോ മൂന്നോ സീനിലേക്ക് മാത്രമായി കൊണ്ടു വരുന്നത് നസ്‌ലെനോട് ചെയ്യുന്ന നീതികേടാണെന്ന് തോന്നിയെന്നും പിന്നീട് ആ കഥാപാത്രത്തിനെ പ്രായമുള്ള ഒരാളാക്കി മാറ്റിയെന്നും ജിസ് ജോയ് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ജിസ് ജോയ് ഇക്കാര്യം പറഞ്ഞത്.

‘പടം മുഴുവന്‍ സീരിയസ് ട്രാക്കിലാണ് പോകുന്നത്. സെക്കന്‍ഡ് ഹാഫാകുമ്പോള്‍ ഓഡിയന്‍സ് മുഴുവന്‍ വല്ലാത്ത പിരിമുറുക്കത്തിലാകും. ഒരു പോയിന്റിനപ്പുറത്തേക്ക് അവര്‍ക്ക് പിടിച്ചിരിക്കാന്‍ പറ്റില്ല എന്ന് തോന്നിയപ്പോഴാണ് ഒരു റിലാക്‌സോഷന് വേണ്ടി ജാഫര്‍ ഇടുക്കിയുടെ കഥാപാത്രത്തെ കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഷൂട്ട് തുടങ്ങി 30 ദിവസം കഴിഞ്ഞപ്പോഴാണ് ഞാന്‍ ആ ക്യാരക്ടറിനെ ആഡ് ചെയ്തത്.

ആദ്യം ജാഫര്‍ ഇടുക്കിയായിരുന്നില്ല എന്റെ മനസില്‍ ഉണ്ടായിരുന്നത്. നസ്‌ലെനെ ആയിരുന്നു ഞാന്‍ വിചാരിച്ചത്. ഞങ്ങളോടുള്ള സൗഹൃദത്തിന്റെ പുറത്ത് അവന്‍ ഈ റോള്‍ ചെയ്യാമെന്ന് സമ്മതിച്ചതുമാണ്. ആ സമയത്താണ് പ്രേമലു ഇറങ്ങുന്നത്. അത് കണ്ടപ്പോഴാണ് നസ്‌ലെന്റെ സ്റ്റാര്‍ഡം എത്ര വലുതാണെന്ന് മനസിലായത്. ഈ ചെറിയ റോളിലേക്ക് അവനെ കൊണ്ടുവരണ്ട എന്ന ചിന്തയില്‍ നിന്ന് ആ ക്യാരക്ടറിനെ കുറച്ചുകൂടി വയസ്സനാക്കി എഴുതിയതിന് ശേഷമാണ് ജാഫറിക്കയെ ഇതിലേക്ക് കൊണ്ടുവന്നത്,’ ജിസ് ജോയ് പറഞ്ഞു.

Content Highlight: Jis Joy saying that Naslen was first considered for the character played by Jaffer Idukki in Thalavan movie