അഞ്ചു വർഷം തികയ്ക്കാനൊരുങ്ങുന്ന നരേന്ദ്ര മോദി സർക്കാരിന്റെ ഏറ്റവും പുതിയ വിവാദ തീരുമാനം ഉന്നത വിദ്യാഭ്യാസ രംഗത്തെ സംബന്ധിച്ചാണ്. വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളുടെ റാങ്കിംഗും അന്താരാഷ്ട്ര നിലവാരവും (world-class) ഈ സർക്കാരിന്റെ തുടക്കം തൊട്ടുള്ള ആവലാതിയാണ്. മുൻ മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി 2016ൽ ആരംഭിച്ച എൻ.ഐ.ആർ.എഫ് സംവിധാനം കഴിഞ്ഞ മൂന്നു കൊല്ലമായി സ്ഥാപനങ്ങളെ റാങ്ക് ചെയ്യുന്നു.
അക്കാലത്തെ കേന്ദ്ര ബജറ്റിൽ വിഭാവനം ചെയ്യപ്പെട്ടതായിരുന്നു 20 ശ്രേഷ്ഠ സ്ഥാപനങ്ങൾ (ഇൻസ്റ്റിറ്റ്യൂട്സ് ഓഫ് എമിനൻസ് –ഐ.ഒ.ഇ). എന്നാൽ തിരഞ്ഞെടുപ്പ് കമ്മറ്റി 2018 ഫെബ്രുവരിയിൽ മാത്രമാണ് രൂപം കൊണ്ടത്. മുൻ ഇലക്ഷൻ കമ്മീഷ്ണർ എൻ. ഗോപാലസ്വാമിയായിരുന്നു അഞ്ചംഗ സമിതിയുടെ തലപ്പത്ത്. പത്ത് സർക്കാർ സ്ഥാപനങ്ങളും പത്ത് സ്വകാര്യ സ്ഥാപനങ്ങളും പ്രത്യേകം തെരഞ്ഞെടുത്ത് അവയ്ക്ക് നിയന്ത്രണങ്ങളിൽ ഇളവു നൽകി ഉയർത്തിക്കൊണ്ടുവരിക എന്നതാണ് പദ്ധതി. ഇവയിൽ സർക്കാർ സംരംഭങ്ങൾക്ക് 1000 കോടി വീതം ഗഡുക്കളായി നൽകുമെന്നും UGC (Declaration of Government Educational lnstitutions as lnstitutions of Eminence) Guidelines, 2017 പറയുന്നു. എന്നാൽ ചിലർ കരുതുന്ന പോലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ധനസഹായം ലഭ്യമാകില്ല. കൂടുതൽ വികസത്തിനാവശ്യമായ സ്ഥല ലഭ്യത ഉണ്ടാവണമെന്നതും അതിനാവശ്യമായ സാമ്പത്തിക ഭദ്രത മുതലാളിക്ക് ഉണ്ടായിരിക്കണമെന്നതുമാണ് നിഷ്കർഷിക്കപ്പെട്ടിട്ടുള്ളത്.
നാല് മാസങ്ങള്ക്ക് ശേഷം കമ്മറ്റി സമർപ്പിച്ച റിപ്പോർട്ടിൽ പക്ഷേ 6 സ്ഥാപനങ്ങളെ ഇടം പിടിച്ചുള്ളൂ. ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളായ ഐ.ഐ.എസ് ബാംഗ്ലൂർ, ഐ.ഐ.ടി ഡൽഹി, ഐ.ഐ.ടി ബോംബേ, ബിറ്റ്സ് പിലാനി, മണിപാൽ എന്നിവയും ആരംഭിക്കാനിരിക്കുന്ന ജിയോ ഇൻസ്റ്റിറ്റ്യൂട്ടും. യു.ജി.സി ഗൈഡ് ലൈൻ അനുസരിച്ച് തുടങ്ങാനിരിക്കുന്ന (ഗ്രീൻഫീൽഡ്) സ്ഥാപനങ്ങൾക്കും തങ്ങളുടെ വ്യക്തമായ പ്ലാൻ സമർപ്പിച്ച് അപേക്ഷിക്കാവുന്നതാണ്.
ജിയോ മാത്രമാണ് തങ്ങളുടെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന സ്ഥാപനം, അതുകൊണ്ടാണ് മുകേഷ് അംബാനിയുടെ പദ്ധതിക്ക് ഐ.ഒ.ഇ പദവി എന്നതാണ് സർക്കാർ വിശദീകരണം. 5000 കോടിയുടെ ആസ്തിയും ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പിൽ വരുത്താനുള്ള ആർജ്ജവവും അക്കൂട്ടത്തിൽ പെടുന്നു.
മഹാരാഷ്ട്രയിലെ നവി മുംബൈയിൽ തുടങ്ങാനിരിക്കുന്ന സ്ഥാപനമാണ് ജിയോ ഇൻസ്റ്റിറ്റ്യൂട്ട്. നിലവിൽ കെട്ടിടമോ വെബ്സൈറ്റോ പോലും ഇല്ല. അടുത്ത മൂന്ന് കൊല്ലത്തിനുള്ളിൽ എത്ര പുരോഗമിക്കുന്നു എന്ന് പരിശോധിച്ചാണ് ഐ.ഒ.ഇ പദവി ജിയോക്ക് ലഭ്യമാകുക. നിലവിൻ ശ്രേഷ്ഠ പദവി തരാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് അറിയിക്കുന്ന ലെറ്റർ ഓഫ് ഇന്റന്റ് മാത്രമാണത്രേ കെടുക്കുന്നത്.
മറ്റ് മുഖ്യ ഇന്ത്യൻ ബിസിനസ് സംരഭങ്ങളായ ടാറ്റക്കും ബിർലക്കും നിലവിൽ ഈ രംഗത്ത് വ്യക്തമായ സ്ഥാനമുണ്ട്. ഐ.ഒ.ഇ പദവി ലഭിച്ച പിലാനിയിലെ ബിർല ഇൻസ്റ്റിറ്റ്യൂട്ട് എഞ്ചിനീയറിംങ് വിദ്യാർത്ഥികളുടെ സ്വപ്ന സ്ഥാപനമാണ്. ടാറ്റയുടെ ടിസ്സും, ടി.ഐ.എഫ്. ആറും
സാമൂഹ്യശാസ്ത്ര-അടിസ്ഥാനശാസ്ത്ര രംഗങ്ങളിലെ മുൻനിര സ്ഥാപനങ്ങളാണ്.
സ്വകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതൽ സ്വയംഭരണാവകാശം, ഫീസ് നിർണയാവകാശം (30 ശതമാനം വിദേശ വിദ്യാർത്ഥികളെ സ്വീകരിക്കാനും ഇഷ്ടമുള്ള ഫീസ് വാങ്ങാനുമുള്ള അനുവാദം), സിലബസ്, കരിക്കുലം നിർണ്ണയാവകാശം തുടങ്ങി ആകർഷകമായ പലതും ശ്രേഷ്ഠ പദയവിയിൽ ഉൾക്കൊള്ളുന്നു.
പദവി അർഹിക്കുന്ന ഇരുപത് സ്ഥാപനങ്ങൾ സമിതിക്ക് കണ്ടെത്താനായില്ലത്രെ. അതുകൊണ്ടാണ് ആറിൽ നിർത്തിയത്. വർഷങ്ങളായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഇന്ത്യയിലെ പല സ്ഥാപനങ്ങളെയും തള്ളി ജിയോ തിരഞ്ഞെടുക്കപ്പെടുന്നതിലെ പ്രശ്നം ഇവിടെയാണ്. ആരംഭിക്കുന്നതിനു മുന്നെ അത് ശ്രേഷ്ഠമാണെന്ന് (അഥവാ ആരംഭിക്കുമ്പോള് ആയിക്കോളുമെന്ന്) എങ്ങിനെയാണ് നമ്മൾ തീരുമാനിക്കുന്നത് ?.
5000 കോടിയുടെ ആസ്തിയും ഏക്കറുകണക്കിന് ഭൂമിയുമാണോ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് സ്വയംഭരണാവകാശ അനുമതി ലഭിക്കുന്നതിനാവശ്യമായ മാനദണ്ഡം. എൻ.ഐ ഐ.ആർ.എഫ് റാങ്കിങ്ങിൽ മുന്നിൽ നിൽക്കുന്ന ജെ.എൻ.യു, ഐ.ഐ.ടി മദ്രാസ് തുടങ്ങിയർക്കില്ലാത്ത എന്ത് ഗുണങ്ങളാണ് അംബാനിയുടെ സ്ഥാപനത്തിൻ കണ്ടെത്താനാകുന്നത്?.
ലോക നിലവാരത്തിലുള്ള സ്ഥാപനങ്ങൾ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളവയാണെന്നും ഇന്ത്യൻ സ്ഥാപനങ്ങൾ താരതമ്യേന യൗവ്വനാവസ്ഥയിലായതിനാൽ നിലവാരം കുറയുന്നത് സ്വാഭാവികമാണെന്നുമാണ് സമിതി ചെയർമാൻ ഒരു മാധ്യമത്തിനോട് പറഞ്ഞത്.
കാമ്പസ്, പഠനാന്തരീക്ഷം, മികച്ച ഫാക്കൽറ്റിയും വിദ്യാർത്ഥികളും, അതിനൊത്ത ഭരണസമിതി തുടങ്ങി ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനാവശ്യമായ യാതൊന്നും നിലവിൽ ജിയോക്കില്ല. ഇതെല്ലാം മൂന്ന് കൊല്ലം കൊണ്ട് ഉണ്ടാക്കുമെന്നാണ് പറയുന്നത്. മികച്ച ഫാകൽറ്റി മൂന്ന് പതിറ്റാണ്ട് കൊണ്ടുപോലും ഉണ്ടാക്കാനായെന്ന് വരില്ല. തുടങ്ങാനിരിക്കുന്ന സ്ഥാപനത്തിലേക്ക് കാശുകൊടുത്തു വാങ്ങാമെന്നാണെങ്ങിലും അതിന് പരിമിതികളുണ്ട്. ഗവേഷണ സാഹചര്യമില്ലാതെ പണം കൊണ്ട് മാത്രം അന്താരാഷ്ട നിലവാരമുള്ള അധ്യാപകരെ കിട്ടണമെന്നില്ലല്ലോ.
ജനിക്കുന്നതിനു മുന്നേ ശ്രഷ്ഠമാണെന്ന് തറപ്പിക്കാറുള്ളത് ബ്രാഹ്മണരാണ്. അവരുടെ കുലത്തിലുള്ളതെല്ലാം മികച്ചതാണല്ലോ. ഇവിടെയത് മുതലാളിത്ത വ്യവസ്ഥിതിയും.