national news
ജിന്ന ഇന്ത്യയെ വിഭജിച്ചത് ഒറ്റത്തവണ, എന്നാല്‍ ബി.ജെ.പി ദിനംപ്രതി വിഭജിച്ചുകൊണ്ടിരിക്കുകയാണ്: ശിവസേന എം.പി സഞ്ജയ് റാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 23, 03:13 am
Wednesday, 23rd March 2022, 8:43 am

മുംബൈ: മുഹമ്മദ് അലി ജിന്ന ഒരിക്കല്‍ മാത്രമാണ് ഇന്ത്യയെ വിഭജിച്ചതെങ്കില്‍ ബി.ജെ.പി നേതാക്കള്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാക്കി രാജ്യത്തെ ദിനംപ്രതി വിഭജിച്ച് കൊണ്ടിരിക്കുകയാണെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്.

‘മുഹമ്മദ് അലി ജിന്ന ഒരിക്കല്‍ ഇന്ത്യയെ വിഭജിച്ച് പാകിസ്ഥാന്‍ രൂപീകരിച്ചു. എന്നാല്‍ ബി.ജെ.പി നേതാക്കള്‍ തങ്ങളുടെ പ്രസംഗങ്ങളിലൂടെ ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാക്കി രാജ്യത്തെ ദിനംപ്രതി വിഭജിക്കുകയാണ്.

കേന്ദ്ര അന്വേഷണ സംവിധാനം ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള എന്‍ഫോഴ്‌സ്‌മെന്റ്, യുനൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് സര്‍ക്കാരിന് കീഴില്‍ 23 റെയ്ഡുകള്‍ നടത്തി.

എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ബി.ജെ.പി സര്‍ക്കാര്‍ 23,000 പരിശോധനകളാണ് നടത്തിയത്. ഇതില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലുമാണ് നടന്നത്. എന്തുകൊണ്ടാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പരിശോധനകള്‍ നടത്താത്തത്,’ സഞ്ജയ് റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഹിന്ദുത്വയില്‍ നിന്ന് ശിവസേന വ്യതിചലിച്ചിട്ടില്ലെന്നും കശ്മീരില്‍ മെഹ്ബൂബ മുഫ്തിയുമായി ഭരണം പങ്കിട്ടപ്പോള്‍ ബി.ജെ.പിയുടെ ഹിന്ദുത്വ എവിടെയായിരുന്നെന്നും അദ്ദേഹം ചോദിച്ചു.

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ അന്വേഷണം നടത്താന്‍ മഹാരാഷ്ട്ര പൊലീസിന് കഴിവുണ്ട്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ കയ്യില്‍ ആദ്യ സര്‍ക്കാരും ദേവേന്ദ്ര ഫട്നാവിസും നടത്തിയ അഴിമതികള്‍ക്കെതിരെ തെളിവുകളുണ്ടെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

Content Highlights: Jinnah once divided India; BJP splits daily: Shiv Sena MP