ആനയ്ക്ക് വേണ്ടി വാദിക്കുന്നവര്‍; തലയോട്ടിക്ക് ഉള്ളില്‍ നിന്നും ഒലിച്ചിറങ്ങുന്ന തലച്ചോറ് നിങ്ങള്‍ കണ്ടിട്ടുണ്ടോ
FB Notification
ആനയ്ക്ക് വേണ്ടി വാദിക്കുന്നവര്‍; തലയോട്ടിക്ക് ഉള്ളില്‍ നിന്നും ഒലിച്ചിറങ്ങുന്ന തലച്ചോറ് നിങ്ങള്‍ കണ്ടിട്ടുണ്ടോ
ഡോ. ജിനേഷ് പി.എസ്
Thursday, 9th May 2019, 8:25 pm

നെറ്റിപ്പട്ടം കെട്ടിയ ഗജരാജനെ നിങ്ങള്‍ക്കിഷ്ടമായിരിക്കും. അതിന്റെ തുമ്പിക്കയ്യില്‍ തൊടാനും വാലില്‍ പിടിക്കാനും ചാരിനിന്ന് ചിത്രമെടുക്കാനും നിങ്ങള്‍ക്ക് ഇഷ്ടം ആയിരിക്കും. പക്ഷേ ഗജരാജന്‍ സ്പര്‍ശിച്ചവരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ ?

ഞാന്‍ കണ്ടിട്ടുണ്ട്. പരിശോധന നടത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയും നടത്തിയിട്ടുണ്ട്.

സാധാരണ അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പരിക്കുകള്‍ കാണാറ് ട്രെയിന്‍ ഇടിച്ച് പരിക്കേറ്റവരിലാണ്. ആനയുടെ സ്‌നേഹ സ്പര്‍ശം അനുഭവിച്ചാല്‍ പരിക്ക് അതിലും കൂടുതല്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

നിങ്ങളുടെ സുഹൃത്തിന്റെ തല രണ്ട് ചെവിയുടെ ഭാഗത്തുനിന്നും ഏകദേശം ഒരു ആയിരം കിലോ മര്‍ദ്ദം ഏല്‍പ്പിച്ചാല്‍ ഏത് ആകൃതിയില്‍ ആവും ? ദോശക്കല്ല് പോലെ പരന്നിരിക്കും. അങ്ങനെയുള്ള തലകള്‍ കണ്ടിട്ടുണ്ടോ ? അവിടെ പൊട്ടിയ തലയോട്ടിക്ക് ഉള്ളില്‍ നിന്നും ഒലിച്ചിറങ്ങുന്ന തലച്ചോറ് കണ്ടിട്ടുണ്ടോ ?

വാരിയെല്ലുകളും നട്ടെല്ലും പൊടിഞ്ഞ്, ശ്വാസകോശവും ഹൃദയവും കീറി, പതിഞ്ഞ നെഞ്ചിന്‍കൂട് കണ്ടിട്ടുണ്ടോ ? ആമാശയവും കുടലും വൃക്കകളും കരളും പൊട്ടി പിഞ്ചി പോയ വയര്‍ഭാഗം കണ്ടിട്ടുണ്ടോ ?

പൊട്ടിത്തകര്‍ന്ന തുടയെല്ല് കണ്ടിട്ടുണ്ടോ ? അതിനുചുറ്റും ചതഞ്ഞരഞ്ഞ മാംസപേശികള്‍ കണ്ടിട്ടുണ്ടോ?

ചതഞ്ഞരഞ്ഞ ജനനേന്ദ്രിയങ്ങള്‍ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ കാണണം. ഞാന്‍ കണ്ടിട്ടുണ്ട്. പരിശോധന നടത്തി റിപ്പോര്‍ട്ടും അയച്ചിട്ടുണ്ട്.

ഒരിക്കലെങ്കിലും കണ്ടിട്ട് വേണം നിങ്ങള്‍ മറുപടി പറയാന്‍… ഒരു കണ്ണിന് പൂര്‍ണ്ണമായ കാഴ്ച ശക്തിയില്ലാത്ത, മറ്റേ കണ്ണിന് ഭാഗികമായി മാത്രം കാഴ്ചശക്തിയുള്ള, ഇതുവരെ 13 പേരുടെ മരണത്തിന് കാരണക്കാരനായുള്ള, പ്രായാധിക്യം ബാധിച്ച ഒരു ആനയെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ തിങ്ങിനിറഞ്ഞിരിക്കുന്ന തൃശൂര്‍പൂരത്തിന് പങ്കെടുക്കണോ എന്ന് പറയുന്നതിനു മുമ്പ് നിങ്ങള്‍ ഈ കാഴ്ചകള്‍ കൂടി കാണണം.

കാട്ടിലെ ഏറ്റവും അപകടകാരിയായ മൃഗം ഏതാണെന്നാണ് നിങ്ങള്‍ കരുതുന്നത് ? പലര്‍ക്കും പല അഭിപ്രായങ്ങള്‍ ഉണ്ടാകാം. കടുവ, പുലി, സിംഹം, കരടി അങ്ങനെ പല അഭിപ്രായങ്ങളും ഉണ്ടാവാം.

നമ്മുടെ നാട്ടില്‍ എന്റെ അഭിപ്രായത്തില്‍ അത് ആനയാണ്.

കടുവയും പുലിയും സിംഹവും ഒക്കെ ആഹാരത്തിനുവേണ്ടി മാത്രമേ മറ്റു ജീവികളെ കൊല്ലുകയുള്ളൂ. കരടി അല്ലാതെയും ആക്രമിക്കും എന്ന് കേട്ടിട്ടുണ്ട്. കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒരു രോഗിയെ കണ്ടിട്ടുമുണ്ട്. മുഖം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരുന്നു. ഒരു കണ്ണ് താടിയെല്ല് വരെ തൂങ്ങിക്കിടക്കുന്ന അവസ്ഥയില്‍… മെഡിക്കല്‍ കോളേജിലെ ചികിത്സയില്‍ ആള്‍ രക്ഷപ്പെട്ടു എന്നാണ് ഓര്‍മ്മ.

പകരം ആനയുടെ കാര്യം എടുക്കാം. ടണ്‍കണക്കിനു ഭാരമുള്ള ഒരു ജീവിയാണ്. ആ ജീവി പോലും അറിയണമെന്നില്ല, സമീപത്തു നില്‍ക്കുന്ന ഒരാള്‍ക്ക് പരിക്ക് പറ്റാന്‍. ശക്തിയായി ആക്രമിക്കണമെന്നില്ല, തുമ്പിക്കൈകൊണ്ട് ഒരാള്‍ തെറിച്ചു വീഴാന്‍. ആ സാധുമൃഗം ഒന്നു വെട്ടി തിരിയുമ്പോള്‍ നിങ്ങള്‍ക്കു പരിക്കുപറ്റാം. പരിക്കുകള്‍ ഗുരുതരവും ആകാം.

ആന മൂലമുണ്ടാകുന്ന ബഹുഭൂരിപക്ഷം അപകടങ്ങളും കാട്ടില്‍ സ്വച്ഛമായ ജീവിക്കേണ്ട ജീവിയെ പിടിച്ചുകൊണ്ടുവന്ന് ക്രൂരത ചെയ്യിപ്പിക്കുന്നതിനാല്‍ ഉണ്ടാവുന്നതാണ്. ഈ അപകടങ്ങള്‍ ആ ജീവിയുടെ കുറ്റമല്ല. അതിനെ ഉപയോഗിക്കുന്ന വിഡ്ഢികളുടെ, പണക്കൊതിയന്‍മാരുടെ കുറ്റമാണ്.

അതുകൊണ്ട് ഇനിയെങ്കിലും ചിന്തിക്കൂ… ആറ് പാപ്പന്‍മാരെയും നാല് സ്ത്രീകളെയും കുട്ടികളെയും അടക്കം 13 പേരുടെ മരണത്തിന് കാരണക്കാരനായ ഒരു ആനയെ ലക്ഷക്കണക്കിന് പേര്‍ പങ്കെടുക്കുന്ന ആഘോഷത്തിന് നടുവിലേക്ക് ആനയിക്കണോ എന്ന് … തലയോട്ടിക്കുള്ളിലെ തലച്ചോറിന്റെ സ്ഥാനത്ത് ചാണകം അല്ലെങ്കില്‍ ചിന്തിച്ചാല്‍ മതി.

മറ്റൊന്നും പറയാനില്ല.