കച്ചവടം ചെയ്യാനും ലാഭമുണ്ടാക്കാനും ഒക്കെ കമ്പനികള്‍ക്ക് ഇനിയും സമയമുണ്ട്, ഈ മഹാമാരിയെ ഒന്ന് വരുതിയിലാക്കിയ ശേഷം. അതുവരെ, അതുവരെ എങ്കിലും മനുഷ്യത്വ പൂര്‍ണമായ നിലപാടെടുത്ത് കമ്പനികളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ശ്രമിച്ചു കൂടെ?
ഇപ്പോള്‍ ഓസ്ട്രൈലിയയിലാണ്, മെല്‍ബണില്‍. ഇവിടെ ജനജീവിതം ഏതാണ്ട് സാധാരണ രീതിയില്‍ പോകുന്നു. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് കുറച്ചുനാളായി. കൃത്യമായ നിയന്ത്രണത്തിലൂടെ വരുതിയിലാക്കി എന്നു പറയുകയാവും ശരി. ബസ്, ട്രെയിന്‍, ചില ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ അടക്കം പലസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമല്ല. എങ്കിലും അവിടെയൊക്കെ മാസ്‌ക് ധരിച്ച് മാത്രം പോകുന്ന ധാരാളം പേരെ കാണാം.
വാക്സിനേഷന്‍ സാവകാശം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമാണ്. ആസ്ട്ര സെനക്കയുടെ കൊവിഷീല്‍ഡും ഫൈസര്‍ വാക്സിനും വിതരണം ചെയ്യുന്നുണ്ട്. പ്രായവും മറ്റു രോഗങ്ങളും ഒക്കെ പരിഗണിച്ച് മുന്‍ഗണനാ ക്രമത്തിലാണ് വാക്സിനേഷന്‍. നമ്മുടെ അവസരം വരുമ്പോള്‍ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തി സൗജന്യമായി വാക്സിന്‍ സ്വീകരിച്ചു മടങ്ങാം. സ്വകാര്യ ജി.പി ഡോക്ടര്‍മാരെ കാണണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അങ്ങനെയും ആവാം. മെഡികെയര്‍ കാര്‍ഡ് വേണം എന്ന് മാത്രം. അവിടെയും സൗജന്യമാണ്.
പൗരന്മാര്‍ക്കും പെര്‍മെന്റ് റെസിഡന്‍സി ഉള്ളവര്‍ക്കും മാത്രമല്ല ഈ സൗജന്യ വാക്സിനേഷന്‍. പകരം ഇവിടെയുള്ള എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമാണ്. അമേരിക്കയില്‍ ജനങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി ലഭിക്കുന്നു. യു.കെയില്‍ ഏവര്‍ക്കും സൗജന്യമായി ലഭിക്കുന്നു. യു.എ.ഇയില്‍ വാക്സിന്‍ സൗജന്യമാണ്. യൂറോപ്യന്‍ യൂണിയനിലെ പല രാജ്യങ്ങളില്‍ ജീവിക്കുന്ന സുഹൃത്തുക്കളും പറഞ്ഞത് അവിടെ സൗജന്യമാണ് എന്നാണ്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള സുഹൃത്തുക്കളും അങ്ങനെയാണ് പറഞ്ഞത്.
അവരാരും ജനങ്ങളുടെ പര്‍ച്ചേസിംഗ് കപ്പാസിറ്റി നോക്കിയല്ല വാക്സിന്‍ നല്‍കുന്നത്. പര്‍ച്ചേസിംഗ് കപ്പാസിറ്റി വിലയിരുത്തിയാല്‍ ഇന്ത്യയുമായി താരതമ്യം ചെയ്തു നോക്കിയാല്‍ വാക്സിന്‍ പണം മുടക്കി വാങ്ങാന്‍ ശേഷിയുള്ളവരുടെ ശതമാനം ഈ രാജ്യങ്ങളിലൊക്കെ എത്രയോ ഉയര്‍ന്നതായിരിക്കും! അതൊക്കെ വിലയിരുത്തി കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ അവിടങ്ങളില്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല.
പകരം പരമാവധി വാക്സിന്‍ നല്‍കാനുള്ള ശ്രമങ്ങളാണ് ആ രാജ്യങ്ങളില്‍ നടക്കുന്നത്.
ഇത് പറയുമ്പോള്‍ ജി.ഡി.പിയുടെ കണക്കുമായി ചില മിത്രങ്ങള്‍ വരുന്നത് കാണാം. ഇന്ത്യയെക്കാള്‍ കുറഞ്ഞ ജി.ഡി.പി ഉള്ള എത്രയോ രാജ്യങ്ങളില്‍ വാക്സിന്‍ സൗജന്യമായി നല്‍കുന്നു!
നമ്മുടെ അയല്‍രാജ്യമായ ഭൂട്ടാനില്‍ കൊവിഡ് വാക്സിന്‍ നല്‍കുന്നത് സൗജന്യമായാണ് എന്ന് വായിച്ചിരുന്നു. ബംഗ്ലാദേശിലും വാക്സിന്‍ സ്വീകരിക്കുന്നവരില്‍ നിന്ന് പണം ഈടാക്കിയിട്ടില്ല എന്നാണ് അറിവ്. തെറ്റുണ്ടെങ്കില്‍ തിരുത്തണം. കൂടാതെ ഒരു അഭ്യര്‍ത്ഥന കൂടി, ഈ പോസ്റ്റ് വായിക്കുന്നവര്‍ നിങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന രാജ്യത്ത് വാക്സിന്‍ ലഭിക്കുന്നത് എങ്ങനെ എന്ന് ഒരു കമന്റ് രേഖപ്പെടുത്താമോ ? കൂടുതല്‍ കൃത്യമായി വിവരങ്ങള്‍ ലഭിക്കാന്‍ വേണ്ടിയാണ്.
ഇന്ത്യയെക്കാള്‍ സാമ്പത്തികമായി മോശം അവസ്ഥയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ പോലും ജനങ്ങളെ സഹായിക്കാന്‍ നോക്കുകയാണ്. എങ്ങനെയും പരമാവധി വാക്സിന്‍ ശേഖരിച്ച് വിതരണം ചെയ്ത ഈ മഹാമാരിയെ മറികടക്കാന്‍ ശ്രമിക്കുകയാണ്.
ആ ഇന്ത്യയില്‍ ഇപ്പോള്‍ വാക്സിന്‍ കച്ചവടം നടത്തി അമിതലാഭം ഈടാക്കാന്‍ കമ്പനികള്‍ക്ക് അവസരം നല്‍കുകയാണ്.
കൊവിഡ് വാക്സിന്‍ പ്രതിരോധ നടപടികള്‍ക്കായി 35,000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയ കേന്ദ്രസര്‍ക്കാര്‍ കൈമലര്‍ത്തി കാണിക്കുകയാണ്. ഈ പാന്‍ഡമിക് കാലത്ത് അമിതലാഭം ഈടാക്കാതെ വാക്സിന്‍ വിതരണം നടത്തണം എന്ന നിലപാടുള്ള ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ കൊവിഷീല്‍ഡ് വാക്സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപയ്ക്കും പ്രൈവറ്റ് മേഖലയില്‍ 600 രൂപയ്ക്കും വിറ്റ് അമിത ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഏത്, കേന്ദ്രസര്‍ക്കാരിന് 150 രൂപയ്ക്ക് നല്‍കുന്നതില്‍ സാമ്പത്തികമായി നഷ്ടമില്ല എന്ന് മുന്‍പ് പറഞ്ഞ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ.
ദേശീയത എന്ന വികാരം ഉപയോഗിച്ച മറ്റൊരു കൂട്ടരുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച വാക്സിന്‍ എന്ന ലേബലില്‍ പരസ്യം നേടിയവര്‍. ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന്‍. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസ് ഒന്നിന് 600 രൂപയും സ്വകാര്യമേഖലയില്‍ 1200 രൂപയും ആണ് അവര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വില. മൂന്നാം ഫെയ്സ് ട്രയല്‍ പോലും പൂര്‍ത്തിയാക്കാതെ ഇന്ത്യയിലെ ബൃഹത്തായ കോവിഡ് വാക്സിനേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വാക്സിന്‍ ആണിത്. ഈ ഒരൊറ്റ കാരണം മൂലം മെഡിക്കല്‍/ സയന്റിഫിക് കമ്മ്യൂണിറ്റി പോലും രണ്ട് തട്ടില്‍ ആയി. ദേശീയത കുത്തിനിറച്ച രാഷ്ട്രീയ തീരുമാനം മൂലം ഉണ്ടായ വേര്‍തിരിവ്, തീര്‍ച്ചയായും ഒഴിവാക്കാന്‍ സാധിക്കുമായിരുന്ന ഒന്ന്.
ദേശീയതയും ആത്മനിര്‍ഭറും ഒക്കെ കച്ചവടമായി മാറുന്നു. ഇതിനൊക്കെ കുടപിടിക്കാന്‍ ഒരു കേന്ദ്രസര്‍ക്കാരും. അതിനെയൊക്കെ ന്യായീകരിക്കാന്‍ മറ്റുചില മനുഷ്യത്വ വിരുദ്ധരും…
ഈ കച്ചവട ചിന്താഗതിയും പര്‍ച്ചേസിംഗ് കപ്പാസിറ്റി വാദക്കാരുമൊക്കെ ഇതുപോലെ ഉണ്ടായിരുന്നെങ്കില്‍ ലോകത്തുനിന്ന് വസൂരി തുടച്ചുനീക്കപ്പെടുമായിരുന്നോ? എങ്ങനെയാണ് നമ്മള്‍ പോളിയോ നിര്‍മാര്‍ജനം ചെയ്തത്??? സാര്‍വത്രികമായ സൗജന്യ വാക്സിനേഷന്‍ പദ്ധതികള്‍ ഇല്ലായിരുന്നെങ്കില്‍ ലോകം ഇന്ന് എന്തുമാത്രം പിന്നില്‍ ആയിരുന്നേനെ?
ഈ മഹാമാരി കാലത്ത് സൗജന്യമായി പരമാവധി വാക്സിന്‍ ലഭ്യമാക്കാന്‍ ശ്രമിക്കേണ്ട സമയത്ത്, നിലവിലെ വാക്സിന്‍ പോളിസി ആരോഗ്യകരമായ മത്സരം ഉണ്ടാക്കും എന്നു പറഞ്ഞ് ജനങ്ങളെ നോക്കിച്ചിരിക്കുന്ന മലയാളിയായ ഒരു കേന്ദ്രമന്ത്രി! ക്രൂരതയുടെ പര്യായമാണോ വിഡ്ഢിത്തരത്തിന്റെ പര്യായം ആണോ എന്ന് മാത്രമേ സംശയമുള്ളൂ…
ഒരു മഹാമാരിയെ എങ്ങനെയും നേരിടാന്‍ ലോക രാജ്യങ്ങളും മനുഷ്യരും പാടുപെടുകയാണ്. അവിടെയാണ് യാതൊരു ഐഡിയയും ഇല്ലാത്ത രീതിയില്‍, ജനദ്രോഹ നടപടികള്‍ മാത്രം കൈക്കൊള്ളുന്ന ഒരു സര്‍ക്കാര്‍. കച്ചവടം ചെയ്യാനും ലാഭമുണ്ടാക്കാനും ഒക്കെ കമ്പനികള്‍ക്ക് ഇനിയും സമയമുണ്ട്, ഈ മഹാമാരിയെ ഒന്ന് വരുതിയിലാക്കിയ ശേഷം. അതുവരെ, അതുവരെ എങ്കിലും മനുഷ്യത്വ പൂര്‍ണമായ നിലപാടെടുത്ത് കമ്പനികളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ശ്രമിച്ചു കൂടെ?
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക