'ഞാന്‍ ചോദ്യ പുസ്തകം മടക്കി ഫുട്ബോള്‍ ഗ്യാലറിയിലെ കാഴ്ചക്കാരനായി; പിന്നെ ഗോള്‍വല നിറച്ചത് വിനായകനാണ്'; വിനായകനുമായി അഭിമുഖം നടത്തിയ ജിമ്മി ജെയിംസ് പറയുന്നു
Kerala
'ഞാന്‍ ചോദ്യ പുസ്തകം മടക്കി ഫുട്ബോള്‍ ഗ്യാലറിയിലെ കാഴ്ചക്കാരനായി; പിന്നെ ഗോള്‍വല നിറച്ചത് വിനായകനാണ്'; വിനായകനുമായി അഭിമുഖം നടത്തിയ ജിമ്മി ജെയിംസ് പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th March 2017, 10:04 pm

കോഴിക്കോട്: “പാലം വന്നപ്പോള്‍ ഞങ്ങള്‍ നാട്ടുകാര്‍, പാലത്തിനടിയിലെ ആള്‍ക്കാരായി, വീടിരിക്കുന്നിടം ഇരുട്ടിലായി, അധോലോകമായി”. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകന്‍ ഏഷ്യാനെറ്റ് ന്യൂസിലെ പോയന്റ് ബ്ലാങ്ക് എന്ന അഭിമുഖ പരിപാടിയില്‍ പറഞ്ഞ കാര്യമാണ് ഇത്. സെലിബ്രിറ്റികളെ ചോദ്യശരങ്ങളുടെ പോയന്റ് ബ്ലാങ്കില്‍ ഇരുത്തുന്ന ജിമ്മി ജെയിംസായിരുന്നു ഈ അഭിമുഖം നടത്തിയത്. തന്റെ ആവനാഴിയില്‍ വേണ്ടത്ര അസ്ത്രങ്ങളുമായി അഭിമുഖത്തിനെത്തിയ ജിമ്മി ജെയിംസിനെ കൊണ്ട് മുന്നേ തയ്യാറാക്കിയ തന്റെ ചോദ്യ പുസ്തകം അടച്ച് വെപ്പിച്ചത് വിനായകന്റെ ഈ വാചകങ്ങളാണ്.

വിനായകനുമായുള്ള അഭിമുഖത്തില്‍ താന്‍ വെറും കാഴ്ചക്കാരനായി മാറിയെന്നും വല നിറയെ ഗോളടിച്ചത് വിനായകനായിരുന്നുവെന്നുമാണ് ജിമ്മി ജെയിംസ് പറയുന്നത്. മയക്കുവെടി, വാരിക്കുഴി, എലിക്കെണി തുടങ്ങിയ തന്റെ പതിവ് ടൂളുകളുമായി തന്നെയാണ് വിനായകനെയും കാണാന്‍ പോയത്. ബുദ്ധിജീവി കൂടിയാണല്ലോ മുന്നില്‍ ഇരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് താന്‍ അഭിമുഖം ആരംഭിച്ചത് എന്നും ജിമ്മി ഓര്‍മ്മിക്കുന്നു.


Don”t Miss: ലിംഗവിവേചനത്തിന്റെ നേര്‍ച്ചിത്രമായി ബനാറസ് ഹിന്ദു സര്‍വ്വകലാശാല; ഇന്റര്‍നെറ്റും മൊബൈല്‍ഫോണ്‍ ഉപയോഗവും ആണ്‍കുട്ടികള്‍ക്ക് മാത്രം; പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കാനും പെണ്‍കുട്ടികള്‍ക്ക് വിലക്ക്

ആദ്യ രണ്ട് മിനുറ്റുകള്‍ പ്രതീക്ഷിച്ച പോലെയായിരുന്നുവെങ്കിലും പിന്നീട് “കുട്ടികള്‍ക്ക് അറിയാം അവര്‍ ജീവിക്കേണ്ടത് സന്തോഷത്തിന് വേണ്ടിയാണെന്ന്. പഴയ തലമുറയ്ക്ക് അത് അറിയില്ലായിരിക്കാം.” എന്ന് വിനായകന്‍ പറഞ്ഞത് തീര്‍ത്തും അപ്രതീക്ഷിതമായായിരുന്നു. അതിനാല്‍ തന്നെ തന്റെ ഉപചോദ്യം വൈകിയെന്നും ജിമ്മി പറയുന്നു.

വിനായകന്റെ വാക്കുകള്‍ പിന്നീട് ശക്തമായ ബിംബങ്ങളായി. “പാലം വന്നപ്പോള്‍ ഞങ്ങള്‍ നാട്ടുകാര്‍, പാലത്തിനടിയിലെ ആള്‍ക്കാരായി, വീടിരിക്കുന്നിടം ഇരുട്ടിലായി, അധോലോകമായി.” എന്ന് വിനായകന്‍ പറഞ്ഞതോടെ താന്‍ ചോദ്യ പുസ്തകം മടക്കിയെന്നും പിന്നെ തന്റെ സ്ഥാനം ഗ്യാലറിയിലായെന്നും ജിമ്മി പറയുന്നു. ഗോള്‍വല നിറച്ചുകൊണ്ടിരുന്ന വിനായകനുള്ള പ്രോത്സാഹനം മാത്രമായിരുന്നു പിന്നീടുള്ള ചോദ്യങ്ങള്‍ എന്നും ജിമ്മി ജെയിംസ് പറഞ്ഞു.

“അഭിമുഖത്തിന്റെ ലക്ഷ്യം സത്യം മാത്രമാണ്. ഒരു ജീവിതം അനാവരണം ചെയ്യുമ്പോള്‍ അഭിമുഖകാരന്റെ സത്യവും അതിഥിയുടെ സത്യവും രണ്ടാവാം. അഭിമുഖകാരന്റെ താല്‍പര്യങ്ങളില്‍ നിന്ന് ഉയരുന്ന ചോദ്യങ്ങളില്‍ നിന്ന് കുതറി മാറി അതിഥി തന്റെ വഴിയേ പോയാല്‍ എന്ത് ചെയ്യും? രണ്ട് വഴിയേ ഉള്ളു. ചക്രവ്യൂഹത്തില്‍, ചോദ്യശരങ്ങളാല്‍ അതിഥിയെ തളയ്ക്കാം. അപ്പോള്‍ എല്ലാത്തിനും സംശയ നിവാരണം ഉണ്ടാകും. അവ്യക്തതകള്‍ നീങ്ങും. അഭിമുഖകാരനും പ്രേക്ഷകരും സംതൃപ്തരാകും. അല്ലെങ്കില്‍ ചക്രവ്യൂഹം പിരിച്ചുവിട്ട് അയാള്‍ക്ക് പിന്നാലെ പോകാം. ചിലപ്പോള്‍ അത് എത്തുക അപരിചിതമായ ഒരു അത്ഭുത ദ്വീപിലായിരിക്കും. ആരും ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരിടത്ത്. ചിലപ്പോള്‍, എവിടെയും എത്തിയില്ലെന്നും വരും. രണ്ടായാലുംഅതിഥി സംതൃപ്തനായിരിക്കും.” -ജിമ്മി ജെയിംസ് പറയുന്നു.

പോയിന്റ്ബ്ലാങ്കില്‍ കേട്ടത് വിനായകന്റെ മാത്രം സത്യമാണെന്നും ജിമ്മി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേക്ഷണം ചെയ്ത വിനായകനുമായുള്ള പോയന്റ് ബ്ലാങ്ക് യൂട്യൂബില്‍ എത്തിയപ്പോള്‍ ഇന്ത്യയിലെ ട്രെന്‍ഡിംഗ് പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു.

വിനായകനുമായി ജിമ്മി ജെയിംസ് നടത്തിയ അഭിമുഖം കാണാം: