തിരുവനന്തപുരം: ജിജി തോംസണ്‍ അടുത്ത ചീഫ് സെക്രട്ടറിയാവും. പാമോലിന്‍ കേസില്‍ പ്രതിയെന്നത് അതിനൊരു പ്രശ്‌നമല്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എട്ടരക്കോടി ലാഭമുണ്ടാക്കിയതാണു പാമൊലിന്‍ ഇറക്കുമതിയെന്നും കേസ് വെറും സാങ്കേതികത്വത്തിന്റെ പേരിലാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രി പാമൊലിന്‍ കേസ് പിന്‍വലിക്കാനെടുത്ത തീരുമാനത്തെ വാര്‍ത്താ സമ്മേളനത്തില്‍ ന്യായീകരിക്കുകയും ചെയ്തു.
“പാമോയില്‍ സംസ്ഥാനത്തിന് ലാഭമുണ്ടായ കച്ചവടമാണ്. 8.5 കോടി രൂപയുടെ ലാഭം. വേറൊരുവിധത്തില്‍ തീരുമാനിച്ചിരുന്നെങ്കില്‍ 15 കോടി ലാഭമുണ്ടാകുമായിരുന്നു എന്നതാണ് കേസ്. പലരും കരുതുന്നതുപോലെ ഇതൊരു നഷ്ടക്കച്ചവടത്തിന്റെ ഇടപാടല്ല. ഇതില്‍ പങ്കില്ലാത്ത ശ്രീ. ജിജി തോംസണ്‍ ചീഫ് സെക്രട്ടറി ആകുന്നതില്‍ ഒരു കുഴപ്പവുമില്ല. പാമൊലിന്‍ ഇടപാടിനെ എതിര്‍ക്കുന്ന പ്രതിപക്ഷനേതാവ് ശ്രീ. വി.എസ്. അച്യുതാനന്ദന്‍ ഈ കേസിലെ മറ്റൊരു പ്രതി ശ്രീ. പി.ജെ. തോമസിനെ ചീഫ് സെക്രട്ടറിയായി വച്ചില്ലേ?” മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.
അതേസമയം എന്‍ജിനീയിറിങ് പ്രവേശന പട്ടികയിലുള്‍പ്പെടണമെങ്കില്‍ മിനിമം മാര്‍ക്ക് വേണ്ടെന്നുവെച്ച തീരുമാനം മന്ത്രിസഭ പിന്‍വലിച്ചു. മന്ത്രിസഭ യോഗത്തിലുണ്ടായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ മാറ്റം. ഇതോടെ കുറഞ്ഞത് പത്തു മാര്‍ക്ക് വേണമെന്ന വ്യവസ്ഥ പുനഃസ്ഥാപിച്ചു. അതേ സമയം യോഗ്യത പരീക്ഷയിലെ 45 ശതമാനം മാര്‍ക്ക് മതിയെന്ന പരിഷ്‌കാരത്തില്‍ മാറ്റമില്ല.
കണ്ണൂര്‍ നഗരസഭയെ കോര്‍പ്പറേഷനാക്കാനും 28 നഗരസഭകളും 66 പഞ്ചായത്തുകളും പുതുതായി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കാസര്‍ക്കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും പുതിയ നഗരസഭകളുണ്ട്.