‘കാതല്‍ ദി കോര്‍’ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ നടന്ന കാര്യങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ജിയോ ബേബി. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ മമ്മൂട്ടിക്ക് വേണ്ടി സിനിമയില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘മമ്മൂക്കക്ക് വേണ്ടി ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യേണ്ടി വന്നിട്ടില്ല. മമ്മൂക്ക സിനിമക്ക് വേണ്ടി കൂടുതല്‍ എഫേര്‍ട്ട് എടുത്തിട്ടുണ്ട്. ഈ സിനിമക്ക് വേണ്ടി നമ്മളെ പരിഗണിച്ചിട്ടുണ്ട്.
നമ്മള്‍ സ്‌ക്രിപ്റ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ഷൂട്ട് എന്നുപറയുന്നത് പ്രാക്ടിക്കല്‍ ആണല്ലോ. ആ സമയത്താണ് സിനിമ സംഭവിക്കുന്നത്. അത് ഭയങ്കര രസമാണ്.
ഞാന്‍ ഒരു ടെന്‍ഷനും ഇല്ലാതെ സിനിമ എടുക്കുന്ന ആളാണ്. സിനിമയുടെ സമയത്ത് ടെന്‍ഷന്‍ ഉണ്ടാകാറില്ല. പക്ഷെ സിനിമയിലേക്ക് മമ്മൂക്കയും ജ്യോതികയും അഭിനയിക്കാന്‍ വരുന്നു എന്ന് പറയുമ്പോള്‍ ഇത് വളരെ ടെന്‍ഷന്‍ ആയിരുന്നു.
പക്ഷെ മമ്മൂക്ക വരുന്നു, ആദ്യത്തെ ദിവസത്തെ ഷൂട്ട് തുടങ്ങി. റബര്‍ തോട്ടമൊക്കെ ഉള്ള സ്ഥലമാണ് നമുക്ക് വേണ്ടത്. എറണാകുളത്ത് നിന്നും ഇരുപത്തിയഞ്ചു കിലോമീറ്റര്‍ ദൂരമുണ്ട് ആ ലൊക്കേഷനിലേക്ക്.
ആദ്യത്തെ ദിവസം എന്നെ വിളിച്ചിട്ട്, ‘ഞാന്‍ പത്ത് കിലോമീറ്ററിനുള്ളില്‍ ലൊക്കേഷന്‍ കാണിച്ചു തരില്ലേ, ബേബി എന്തിനാണ് ഇവിടെ ലൊക്കേഷന്‍ കണ്ടത്,’ എന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ ഓര്‍ത്ത് എല്ലാം തീര്‍ന്നെന്ന്.
അതിന് ശേഷം മമ്മൂക്ക കാരവാനില്‍ നിന്ന് ഇറങ്ങി ഷൂട്ട് ചെയ്തു. ഞാന്‍ ഒന്നും മിണ്ടിയില്ല. എന്നാല്‍ മമ്മൂക്ക, ‘ആഹ് സ്ഥലവും ലൊക്കേഷനുമൊക്കെ കൊള്ളാം നന്നായിട്ടുണ്ട്,’ എന്ന് പറഞ്ഞു.
അപ്പോഴാണ് എനിക്ക് സമാധാനമായത്. അന്ന് തുടങ്ങിയ സമാധാനം ഷൂട്ടിങ് തീരുന്നത് വരെ ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും ആ സമാധാനമുണ്ടായിരുന്നു.
ഇടക്ക് മമ്മൂക്ക നമ്മളെ അടുത്ത് വിളിച്ചിട്ട് ഫുഡ് ഒക്കെ എങ്ങനെയുണ്ടെന്ന് ചോദിക്കും. ശരിക്കും അതിന്റെ ആവശ്യമൊന്നുമില്ല. അത് നമ്മളെ കെയര്‍ ചെയ്യുന്നുണ്ട് എന്നുള്ളതാണ്. മമ്മൂക്കയെ സംബന്ധിച്ച് പുതിയ ഡി.ഒ.പിയാണ്.
അപ്പോള്‍ ഡി.ഒ.പി എങ്ങനെയുണ്ടെന്ന് മമ്മൂക്ക എന്നോട് ചോദിക്കുന്നുണ്ട്. എന്റെ തീരുമാനത്തില്‍ ഇടപെടുകയല്ല ചെയ്യുന്നത്. താന്‍ ഹാപ്പിയല്ലേ ഓക്കേയല്ലേ എന്ന് ചോദിക്കുകയാണ്,’ ജിയോ ബേബി പറഞ്ഞു.
ജിയോ ബേബി സംവിധാനം ചെയ്ത ഏഴാമത്തെ ചിത്രമാണ് ‘കാതല്‍ ദി കോര്‍’. ‘റോഷാക്’, ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രമാണ് ഇത്.
ചിത്രത്തില്‍ മാത്യു ദേവസി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഓമനയെന്ന കഥാപാത്രമായി ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍.