പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമായിരുന്നു മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം. 2013ല്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്.
ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങിയപ്പോഴേക്കും ലോകം കൊവിഡിന്റെ പിടിയിലായി. തുടര്‍ന്ന് ചിത്രം ഒ.ടി.ടിയില്‍ പ്രദര്‍ശനത്തിനെത്തി. തിയേറ്ററുകളില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ച ചിത്രമായിരുന്നു ഒ.ടി.ടിയില്‍ റിലീസ് ചെയ്യേണ്ടി വന്നത്.
2021 ലാണ് ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് ചെയ്തത്. തുടര്‍ന്ന് 2022 ല്‍ മോഹന്‍ലാലിനെ തന്നെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ 12ത്ത് മാനും ഒ.ടി.ടിയില്‍ തന്നെയായിരുന്നു റിലീസ് ചെയ്തത്.
ഏറെ നാളുകള്‍ക്ക് ശേഷം ജീത്തു ജോസഫിന്റേതായി തിയേറ്ററിലെത്തുന്ന ചിത്രമാണ് കൂമന്‍. ആസിഫ് അലിയെ നായകനാക്കിയാണ് ജീത്തു ജോസഫ് ചിത്രം ഒരുക്കിയിരിക്കുന്നത്.
തന്റെ സിനിമകള്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യേണ്ടി വന്നതിനെ കുറിച്ചും തിയേറ്റര്‍ റിലീസിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജീത്തു. കുറച്ചുനാള്‍ തനിക്ക് ഒ.ടി.ടിയില്‍ കിടന്ന് കളിക്കേണ്ടി വന്നെന്നും അത് ഗതികേട് കൊണ്ടാണെന്നുമാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് പറയുന്നത്. കൂമന്‍ തിയേറ്ററില്‍ തന്നെ കാണേണ്ട ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
‘കൂമന്‍ നല്ലൊരു സിനിമയാണെന്ന കോണ്‍ഫിഡന്‍സ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ട്. ബോക്‌സ് ഓഫീസ് കളക്ഷനില്‍ കോടി ക്ലബ്ബില്‍ കയറുമോ എന്നൊന്നും അറിയില്ല. നല്ലൊരു സിനിമയാണ്. നിങ്ങള്‍ തിയേറ്ററില്‍ വന്നാല്‍ എന്‍ജോയ് ചെയ്യാന്‍ പറ്റുന്ന സിനിമയാണ്. അതില്‍ ഒരു ആത്മവിശ്വാസം എനിക്കുണ്ട്. സിനിമ കുറച്ച് പേരെ കാണിച്ചപ്പോള്‍ അവര്‍ നന്നായിട്ടുണ്ടെന്ന് പറഞ്ഞതിന്റെ ആത്മവിശ്വാസമുണ്ട്,’ ജീത്തു ജോസഫ് പറഞ്ഞു.
അവകാശവാദങ്ങള്‍ ഒന്നുമില്ലേ എന്ന ചോദ്യത്തിന് തനിക്ക് ഏത് പടത്തിലാണ് അവകാശവാദം ഉണ്ടായിരുന്നത് എന്നായിരുന്നു ജീത്തു ജോസഫിന്റെ മറുപടി. ‘ഞാന്‍ ഒരു പടത്തിലും പ്രത്യേകിച്ച് അവകാശവാദമൊന്നും വെച്ചിട്ടില്ല. കാരണം അങ്ങനെ പറയാന്‍ നമ്മള്‍ ആളല്ല. ഞാന്‍ ഇഷ്ടപ്പെടുന്ന പടം വേറൊരാള്‍ക്ക് ഇഷ്ടപ്പെടാതെ വരും. ഈ സിനിമ എന്‍ജോയ് ചെയ്യണമെങ്കില്‍ തിയേറ്ററില്‍ ഇരുന്ന് കാണണം. സൗണ്ടും കാര്യങ്ങളുമെല്ലാം അങ്ങനെ ആണ്,’ ജീത്തു പറഞ്ഞു.
അതുകൊണ്ടാണോ ഒ.ടി.ടിക്ക് കൊടുക്കുന്നതിനെ കുറിച്ച് ആലോചിക്കാതിരുന്നത് എന്ന ചോദ്യത്തിന് പറഞ്ഞെന്നേയുള്ളൂവെന്നും അല്ലായിരുന്നെങ്കില്‍ ഒ.ടി.ടിക്ക് വേണ്ടി വെയ്റ്റ് ചെയ്യാമായിരുന്നല്ലോ എന്നുമായിരുന്നു ജീത്തുവിന്റെ മറുപടി. അത് ചെയ്യാതിരുന്നത് തിയേറ്ററില്‍ തന്നെ ആളുകള്‍ വന്ന് കാണണം എന്നതുകൊണ്ടാണെന്നും ജീത്തു പറഞ്ഞു.
Content Highlight: Jeethu joseph about OTT Streaming and Kooman Movie