40 ലോക്‌സഭ സീറ്റുകള്‍ ബി.ജെ.പിക്ക് നഷ്ടമാകും, അതാണ് ഞങ്ങളുടെ ലക്ഷ്യം; ജെ.ഡി.യു അധ്യക്ഷന്‍ ലാലന്‍ സിങ്
national news
40 ലോക്‌സഭ സീറ്റുകള്‍ ബി.ജെ.പിക്ക് നഷ്ടമാകും, അതാണ് ഞങ്ങളുടെ ലക്ഷ്യം; ജെ.ഡി.യു അധ്യക്ഷന്‍ ലാലന്‍ സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th August 2022, 2:46 pm

പട്‌ന: വരാനിരിക്കുന്ന 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പുറത്താക്കുമെന്ന വെല്ലുവിളിയുമായി ജെ.ഡി.യു. മൂന്ന് സംസ്ഥാനങ്ങളിലെ 40 ലോക്‌സഭ സീറ്റുകള്‍ ബി.ജെ.പിക്ക് നഷ്ടമാകുമെന്നും ജെ.ഡി.യു ദേശീയ അധ്യക്ഷന്‍ ലാലന്‍ സിങ് പറഞ്ഞു.

2019ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ആകെ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 47 സീറ്റുകള്‍ നേടിയിരുന്നു. ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് 47 സീറ്റുകള്‍ ബി.ജെ.പി നേടിയത്.

അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവില്‍ നിന്നും അനുഗ്രഹം വാങ്ങിയതായും ലാലന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

303 സീറ്റുകള്‍ നേടിയ ബി.ജെ.പിയുടെ 40 സീറ്റുകള്‍ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നും മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം ഇത്തരത്തില്‍ കുറവ് ഉണ്ടാക്കുമെന്നും ലാലന്‍ സിങ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നിതീഷ് കുമാറും സംഘവും എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ചത്. ഇതിന് പിന്നാലെ ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെക്കുകയായിരുന്നു.

ഇതിന് ശേഷം മഹാസഖ്യത്തില്‍ ചേരുകയും മുഖ്യമന്ത്രിയായി വീണ്ടും അധികാരമേല്‍ക്കുകയും ചെയ്തിരുന്നു. തേജസ്വി യാദവാണ് ഉപമുഖ്യമന്ത്രി.

Content Highlight: JDU national president says that bjp will lose 40 seats in 2024 election