ഏത് ടീം 250+ അടിച്ചാലും ഞാൻ അവിടെ ഉണ്ടാകും...ചരിത്രത്തിലെ മൂന്ന് അധ്യായങ്ങളുടെയും ദൃക്‌സാക്ഷി
Cricket
ഏത് ടീം 250+ അടിച്ചാലും ഞാൻ അവിടെ ഉണ്ടാകും...ചരിത്രത്തിലെ മൂന്ന് അധ്യായങ്ങളുടെയും ദൃക്‌സാക്ഷി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th March 2024, 12:40 pm

ഐ.പി.എല്‍ കഴിഞ്ഞ ബുധനാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സ് മത്സരം ടി-20 ചരിത്രത്തിലെ പല റെക്കോഡുകളും തിരുത്തിക്കുറിച്ച മത്സരമായിരുന്നു.

മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഹൈദരാബാദ് 277 റണ്‍സ് എന്ന കൂറ്റന്‍ ടോട്ടല്‍ ആണ് പടുത്തുയര്‍ത്തിയത്. ഇതിനു പിന്നാലെ ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന തകര്‍പ്പന്‍ നേട്ടവും ഓറഞ്ച് ആര്‍മി സ്വന്തമാക്കിയിരുന്നു. 2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നേടിയ 263 റണ്‍സ് എന്ന സ്‌കോര്‍ മറികടന്നു കൊണ്ടായിരുന്നു ഹൈദരാബാദ് ചരിത്രം കുറിച്ചത്.

ഹൈദരാബാദ് താരങ്ങളായ ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഹെന്റിച്ച് ക്ലാസന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെയും ഏയ്ഡന്‍ മര്‍ക്രമിന്റെ തകര്‍പ്പന്‍ ഇന്നിങ്സിന്റെയും കരുത്തിലാണ് ഹൈദരാബാദ് കൂറ്റന്‍ ടോട്ടല്‍ മുംബൈയ്ക്ക് മുന്നില്‍ പടുത്തുയര്‍ത്തിയത്.

ഹെഡ് 24 പന്തില്‍ 62 റണ്‍സ് നേടിയപ്പോള്‍ 23 പന്തില്‍ 63 റണ്‍സാണ് അഭിഷേക് ശര്‍മ നേടിയത്. ക്ലാസന്‍ ഏഴ് സിക്സറും നാല് ബൗണ്ടറിയും അടക്കം 34 പന്തില്‍ പുറത്താകാതെ 80 റണ്‍സടിച്ചപ്പോള്‍ 28 പന്തില്‍ പുറത്താകാതെ 42 റണ്‍സാണ് മര്‍ക്രം നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് നേടാനാണ് സാധിച്ചത്. മുംബൈ നിരയില്‍ 34 പന്തില്‍ 64 റണ്‍സ് നേടിയ തിലക് വര്‍മ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് ഫോറുകളും ആറ് സിക്‌സുകളുമാണ് തിലക് നേടിയത്.

22 പന്തില്‍ 42 റണ്‍സ് നേടി ടിം ഡേവിഡും 13 പന്തില്‍ 34 റണ്‍സ് നേടി ഇഷാന്‍ കിഷനും മിന്നും പ്രകടനം നടത്തിയെങ്കിലും മുംബൈക്ക് 31 റണ്‍സ് അകലെ വിജയം നഷ്ടമാവുകയായിരുന്നു.

ഇപ്പോഴിതാ മറ്റൊരു രസകരമായ വസ്തുതയാണ് ഏറെ ശ്രദ്ധേയമാകുന്നത്. ഐ.പി.എല്ലില്‍ ഒരു ടീം നേടുന്ന ഉയര്‍ന്ന സ്‌കോറുകള്‍ നേടിയ ടീമുകളുടെ പട്ടികയില്‍ ആദ്യം മൂന്ന് സ്ഥാനങ്ങളില്‍ ഉള്ള ടീമുകള്‍ ഉയര്‍ന്ന സ്‌കോര്‍ നേടുമ്പോള്‍ ഇന്ത്യന്‍ പേസര്‍ ജയ്‌ദേവ് ഉനദ്കട്ട് ആ ടീമിന്റെ ഭാഗമായിട്ടുണ്ട് എന്നുള്ളതാണ്.

2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-പൂനെ മത്സരത്തില്‍ 263 റണ്‍സാണ് ബെംഗളൂരു നേടിയത്. അന്ന് ബെംഗളൂരു ടീമിന്റെ പേസ് നിരയിലെ പ്രധാനിയായിരുന്നു ഉനദ്കട്ട്.

ആ മത്സരത്തില്‍ നാല് ഓവറില്‍ 37 റണ്‍സ് വിട്ടു നല്‍കി രണ്ടു വിക്കറ്റുകള്‍ ആണ് ജയ്‌ദേവ് നേടിയത്. 163 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പൂനെക്ക് ഇത് ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടാനാണ് സാധിച്ചത്.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലിൽ മൂന്നാം സ്ഥാനത്തുള്ളത്. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് നേടിയ 257 റണ്‍സ് ആണ്. 2023 പഞ്ചാബ് കിങ്‌സിനെതിരെ ആയിരുന്നു ലഖ്നൗ ഈ കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ആ സമയത്ത് ഉനദ്കട്ട് ലഖ്നൗവിന്റെ താരമായിരുന്നു.

ഈ മൂന്ന് ചരിത്രമത്സരങ്ങളുടെ ഭാഗമാവാന്‍ ഉനദ്കട്ടിന് സാധിച്ചത് ഏറെ ശ്രദ്ധേയമാണ്. സണ്‍റൈസസ് ഹൈദരാബാദ് ഉയര്‍ത്തിയ ഈ കൂറ്റന്‍ ടോട്ടല്‍ മറികടക്കാന്‍ ഇനി ഏത് ടീമിന് മറികടക്കാന്‍ സാധിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.

Content Highlight: Jaydev Unadkat was a part of all three matches for the highest team total in an innings in IPL history.