ഇന്റര്‍വ്യൂവില്‍ ചളി പറഞ്ഞു ഞാന്‍ മടുത്തു, ഒടുവില്‍ എന്റേതായ രീതിയില്‍ പറഞ്ഞോട്ടെ പ്ലീസ് എന്ന് പറയേണ്ടി വന്നു: ജയസൂര്യ
Film News
ഇന്റര്‍വ്യൂവില്‍ ചളി പറഞ്ഞു ഞാന്‍ മടുത്തു, ഒടുവില്‍ എന്റേതായ രീതിയില്‍ പറഞ്ഞോട്ടെ പ്ലീസ് എന്ന് പറയേണ്ടി വന്നു: ജയസൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th May 2022, 9:34 am

ആദ്യ കാലത്ത് കോമഡി റോളുകളിലൂടെ പ്രേക്ഷക മനസുകള്‍ കീഴടക്കിയ താരമാണ് ജയസൂര്യ. പിന്നീട് സീരിയസ് റോളുകളിലേക്കും കളം മാറ്റിയ ജയസൂര്യ ഇന്ന് മലയാളത്തില്‍ ഏറ്റവുമധികം ഡെഡിക്കേഷനുള്ള നടന്മാരിലൊരാളാണ്. ഒരു കഥാപാത്രമാവാന്‍ അത്രത്തോളം പരിശ്രമവും കഠിനാധ്വാനവും ജയസൂര്യയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്.

നടനെന്ന പോലെ തുറന്ന മനസോടെ ആളുകളോട് ഇടപഴകുന്ന വ്യക്തിയാണ് ജയസൂര്യ. എന്നാല്‍ ആദ്യകാലത്ത് അഭിമുഖങ്ങളില്‍ താന്‍ തന്നെയായി ഇരിക്കാന്‍ സാധിച്ചിട്ടില്ല എന്ന് പറയുകയാണ് ജയസൂര്യ. അഭിമുഖങ്ങളില്‍ കോമഡി പറയാനാണ് പ്രൊഡ്യൂസര്‍മാര്‍ ആവശ്യപ്പെടാറുള്ളതെന്നും ഒടുവില്‍ ചളി പറഞ്ഞ് താന്‍ തന്നെ മടുത്തെന്നും വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞു.

‘വ്യക്തിയില്‍ കളവില്ലാതാവുമ്പോഴാണ് ഞാന്‍ കുറച്ച് കൂടി പ്യൂര്‍ ആകുന്നത്, കുറച്ച് കൂടി ഓപ്പണ്‍ ആവുന്നത്. എന്തു ചോദ്യത്തിനും സത്യസന്ധമായി മറുപടി പറയാന്‍ പറ്റും. എന്തു പറഞ്ഞാലാണ് എന്റെ ഇമേജ് നന്നാവുക എന്നൊന്നുമില്ല.

നേരത്തേയും ഞാന്‍ ഇങ്ങനെ തന്നെയാണ്. പക്ഷേ മുമ്പ് അഭിമുഖങ്ങള്‍ക്ക് പോയി ഇരിക്കുമ്പോള്‍ തന്നെ അവിടുത്തെ പ്രോഗ്രാം പ്രൊഡ്യൂസര്‍, അല്ലെങ്കില്‍ കോര്‍ഡിനേറ്റര്‍ പറയും, ചേട്ടാ കോമഡി ഇന്‍ര്‍വ്യൂ ആണേ, തമാശ ഇന്‍ര്‍വ്യൂ ആണ് വേണ്ടതേ, എന്നാലേ റേറ്റിങ്ങ് വരൂ, ചേട്ടനറിയാല്ലോ. ആ കാലഘട്ടത്തില്‍ തൊട്ട് ഈ ഇമേജില്‍ നമ്മള്‍ കുടുങ്ങി പോവും. കാരണം നമ്മള്‍ എവിടെ പോയാലും കോമഡി പറയണമെന്നുള്ളത് ഒരു ബാധ്യതയാവുകയാണ്.

എന്തെങ്കിലും സീരിയസ് ആയി പോകുമ്പോള്‍ പ്രൊഡ്യൂസര്‍ കട്ട് പറയും, ചേട്ടാ ടോക്ക് സീരിയസായി പോകുന്നേ എന്ന് പറയും. അവരുടെ വിചാരം സീരിയസ് ആയി കഴിഞ്ഞാല്‍ ആളുകള്‍ കാണില്ല എന്നതാണ്. ആ കാലം ഇപ്പോള്‍ മാറി. അന്നും ഇങ്ങനെ സംസാരിക്കാന്‍ നമ്മള്‍ റെഡിയാണ്. പക്ഷേ അവര്‍ക്ക് അങ്ങനെ വേണ്ട എന്ന് പറയും. അങ്ങനെ വരുമ്പോള്‍ റേഡിയോയിലായാലും എവിടെയായാലും നമ്മള്‍ ചളിയടിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് തന്നെ മടുത്തു. കുറച്ച് കഴിഞ്ഞപ്പോള്‍ എന്റേതായ രീതിയില്‍ പറഞ്ഞോട്ടെ പ്ലീസ് എന്ന് പറയാന്‍ തുടങ്ങി.

ഇപ്പോള്‍ എന്നോട് ആരുമൊന്നും പറയാറില്ല. അതുകൊണ്ട് ആത്മാര്‍ത്ഥമായി കുറെ കാര്യങ്ങള്‍ പറയാന്‍ പറ്റുന്നു. ഇപ്പോഴുള്ള മോഹന്‍ലാലിന്റെയാണെങ്കിലും മമ്മൂട്ടിയുടേതാണെങ്കിലും രാജുവിന്റേതാണെങ്കിലും വരുന്ന അഭിമുഖങ്ങളില്‍ നിന്നും എന്തെങ്കിലും കാര്യങ്ങള്‍ പഠിക്കാനുണ്ടാവും. അനുഭവത്തില്‍ നിന്നും കിട്ടുന്ന കാര്യങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞാല്‍ പോലും കിട്ടില്ല,’ ജയസൂര്യ പറഞ്ഞു.

മേരി ആവാസ് സുനോയാണ് ഒടുവില്‍ റിലീസ് ചെയ്ത ജയസൂര്യയുടെ ചിത്രം. മഞ്ജു വാര്യര്‍, ശിവദ എന്നിവര്‍ നായികമാരായെത്തിയ ചിത്രം പ്രജേഷ്‌സെന്നാണ് സംവിധാനം ചെയ്തത്. അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ജോണ്‍ ലൂഥറാണ് ഇനി പുറത്തിറങ്ങാനുള്ള താരത്തിന്റെ ചിത്രം. മെയ് 27ന് ജോണ്‍ ലൂഥര്‍ റിലീസ് ചെയ്യും.

Content Highlight: Jayasurya says that in interviews, producers ask her to tell comedy and in the end she is tired of being silly