ഡോ. എ.കെ ജയശ്രീ
പേരന്‍പ് എന്ന തമിഴ് സിനിമ മലയാളികള്‍ സ്വീകരിച്ചതായാണ് അറിയാന്‍ കഴിയുന്നത്. മനോഹരമായ ചിത്രീകരണം കൊണ്ട് മാത്രമല്ല, വ്യത്യസ്തമായ പ്രമേയം കൊണ്ട് കൂടിയാണ് ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടത്. അമ്മ ഉപേക്ഷിച്ച് പോയ ഭിന്ന ശേഷിക്കാരിയായ, ” മകളോടുള്ള അച്ഛന്റെ കരുതലും സമൂഹത്തില്‍ നിന്നുള്ള അവരുടെ ഒറ്റപ്പെടലും അതിജീവനത്തിനായുള്ള സഹനങ്ങളും ഒക്കെയാണ് കേന്ദ്രപ്രമേയമായി വരുന്നത്. ഇത് സാധാരണമാണെങ്കിലും, പശ്ചാത്തലമായി അവതരിപ്പിക്കപ്പെടുന്ന പ്രകൃതിയും അതിന്റെ വൈരുദ്ധ്യമാര്‍ന്ന ഭാവങ്ങളും അതിനേക്കാളുപരി അടി മുടി മാറ്റിയെഴുതുന്ന കുടുംബ ബന്ധങ്ങളും സദാചാര സങ്കല്‍പ്പങ്ങളും ഇത് വ്യത്യസ്തമായ സിനിമാനുഭവമാക്കി മാറ്റുന്നു.
പേര് സൂചിപ്പിക്കുന്നത് പോലെ ഇത് സ്‌നേഹത്തിന്റെ ചിത്രമാണ്. സ്‌നേഹത്തിന്റെ വേദനയുടെയും. സ്‌നേഹത്തിന്റെ പതിവ് ധാരണകളെ വേദനിച്ച് കൊണ്ട് തന്നെ മറി കടന്ന് അമുദവന്‍ എന്ന അച്ഛന്‍, “”അമ്മസ്‌നേഹ””ത്തിന്റെ നാഥത്വം ഏറ്റെടുക്കുകയാണ്. സാധാരണ പുരുഷന്മാരെ പോലെ പുറത്ത് ജോലി ചെയ്ത് ജീവിക്കുകയും മകളുടെ പരിചരണം അമ്മക്ക് വിട്ടു കൊടുക്കുകയും ചെയ്തിരുന്ന അമുദവന് ഇത് ഒട്ടും എളുപ്പമായിരുന്നില്ല. തീരെ വശമില്ലാതിരുന്നിട്ടും അനുതാപത്തിന്റെ പാരമ്യത്തില്‍ പടി പടിയായി കൊണ്ടും കൊടുത്തും എല്ലാം വശമാക്കുകയാണയാള്‍ ചെയ്യുന്നത്.
അമ്മയെ പോലെ അച്ഛനും , കലവറയില്ലാത്ത തീവ്രസ്‌നേഹത്തിലൂടെ മകളെ കരുതുകയാണ്; പരിചരിക്കുകയാണ്. ഇത് അമ്മക്ക് പറഞ്ഞു വച്ചിട്ടുള്ളതാണ്. അച്ഛന്‍ അതേറ്റെടുക്കുമ്പോള്‍ ധാര്‍മ്മികത അകവും പുറവും വെടിഞ്ഞ് അതിരില്ലാതെ വളരുന്നു. ഇത് അച്ഛന് കൈമോശം വന്നതാണ്. മനുഷ്യന്റെ ധാര്‍മ്മികത ഉറ്റവരോടുള്ള ഉത്തരവാദിത്വവും കരുതലുമാണ്. അമുദവന്‍ അത് വീണ്ടെടുക്കുന്നത് വഴി ഒരേ സമയം അമ്മയും അച്ഛനും മനുഷ്യനുമാകുകയാണ്. പുറമെ നിന്ന് ഏല്‍പ്പിക്കുന്ന നിയമങ്ങളിലൂടെ ഈ സ്‌നേഹം പകരാന്‍ കഴിയില്ലെന്ന് ദയാശൂന്യമായ വളര്‍ത്തു കേന്ദ്രങ്ങളും ഉപേക്ഷിച്ച് പോയ അമ്മയും ഓര്‍മ്മപ്പെടുത്തുന്നു.
ലൈംഗിക സേവനം തൊഴിലാക്കിയ ട്രാന്‍സ് ജെന്റര്‍ യുവതിയോടുള്ള അമുദവന്റെ സമീപനം തുടക്കത്തില്‍ ഏതൊരു “”മാന്യ”” പുരുഷന്റേതും പോലെ അനുകമ്പയും അറപ്പും കലര്‍ന്നതായിരുന്നു. അതില്‍ നിന്നും അവരെ ജീവിത പങ്കാളിയാക്കി മാറ്റുന്നതിനിടക്ക് അയാള്‍ക്കുണ്ടാകുന്ന പരിവര്‍ത്തനം ചരിത്രപരവും സാമൂഹ്യവുമായ ഒരു മാറ്റത്തെ കൂടിയാണ് അടയാളപ്പെടുത്തുന്നത്.
സിനിമയെ പറ്റിയുള്ള ഒരു വിശകലനമല്ല ഈ കുറിപ്പ് ഉദ്ദേശിച്ചിട്ടുള്ളത്. അത് മുന്നോട്ടു കൊണ്ട് പോയ ആശയങ്ങള്‍ സിനിമ ആസ്വദിക്കുന്നതിനപ്പുറം ഉള്‍ക്കൊള്ളാന്‍ നമ്മുടെ സമൂഹം തയാറുണ്ടോ എന്ന ചോദ്യം ഉയര്‍ത്താനാണ്. അവയുടെ ഇന്നത്തെ സാമൂഹ്യമായ പ്രസക്തിയും ചിന്തിക്കേണ്ടതാണ്. മകളെ ഉപേക്ഷിച്ച് വീട്ടില്‍ നിന്നിറങ്ങി പോയി കാമുകന്റെ കൂടെ ജീവിക്കുന്ന ഭാര്യയെ കുറ്റപ്പെടുത്താന്‍ അമുദവന്‍ തയാറല്ല എന്നിടത്ത് തുടങ്ങുന്നു ഇതിലെ വ്യാകരണമാറ്റം. ഇറങ്ങി പോകുന്നവള്‍ (ഞങ്ങളുടെ നാട്ടില്‍ മുമ്പ് ഇതിന് കയറിപ്പോക്ക് എന്ന് പറഞ്ഞിരുന്നു.) നമ്മുടെ നാട്ടില്‍ ഇപ്പോഴും മാപ്പര്‍ഹിക്കാത്ത കുറ്റവാളിയാണ്!
വീടിനുള്ളിലെ കരുതലും സാമൂഹ്യനീതിയും ലിംഗവിഭജനത്തെ അടിസ്ഥാനപ്പെടുത്തിയാണുള്ളതെന്നത് ഫെമിനിസ്റ്റ് ചിന്തകര്‍ ഉയര്‍ത്തിയിട്ടുള്ള വിമര്ശനമാണ്. രാഷ്ട്രീയത്തില്‍ വിരാജിക്കുന്ന പുരുഷന്മാര്‍ക്ക് സാമൂഹ്യനീതിയില്‍ ഉത്തരവാദിത്വം ഏറുമ്പോള്‍ കുടുംബത്തിനുള്ളിലെ സ്‌നേഹപരിചരണങ്ങള്‍ സ്ത്രീകളുടെ കടമയാണ് . ഇതിന് പ്രത്യേകിച്ച് മൂല്യമൊന്നുമില്ല താനും. ഫെമിനിസ്റ്റ് ചിന്തകര്‍ അതിന്റെ മൂല്യം കണ്ടെത്തിയെങ്കില്‍ ലെവിനാസിനെ പോലെയുള്ള തത്വചിന്തകര്‍ ലിംഗഭേദത്തിനതീതമായി, അടുത്ത് നില്‍ക്കുന്നവരോടുള്ള അനുകമ്പയും കരുതലും മനുഷ്യരുടെ ഉത്തരവാദിത്വമെന്ന് പറയുന്നു.
അനിവാര്യമായും ഈ ഉത്തരവാദിത്വം എടുക്കാന്‍ സ്വാഭാവികമായും പ്രതിബദ്ധരാവുകയെന്നതാണ് മനുഷ്യപ്രകൃതി എന്നാണ് ലെവിനാസ് പറയുന്നത്. അത് സ്ത്രീത്വഗുണമായും പുരുഷന്മാരും ആര്‍ജ്ജിക്കേണ്ട ഗുണവിശേഷമായും അദ്ദേഹം കരുതുന്നു. എന്നാല്‍, അത് സ്ത്രീയുടെ കഴിവും കടമയുമായി വാഴ്ത്തുന്നത് വഴി സ്ത്രീകള്‍ അതില്‍ തളക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നത് അറിയാതെ പോകുന്നത് ശരിയല്ലെന്ന് ഫെമിനിസ്റ്റുകള്‍ പറയുകയും ചെയ്തു. പുരുഷന്മാരും പരിചരണങ്ങള്‍ ഏറ്റെടുക്കുന്നത് പോലെ സ്ത്രീകള്‍ സാമൂഹ്യനീതിയില്‍ പങ്കെടുക്കുകയും വേണം. സ്ത്രീകളുടെ “അപഥ” സഞ്ചാരങ്ങള്‍ ഇതും സൂചിപ്പിക്കുന്നുണ്ട്. ഉറ്റവര്‍ക്ക് നല്‍കുന്ന പരിചരണമാണോ എല്ലാവരെയും കണക്കിലെടുത്ത് കൊണ്ടുള്ള സാമൂഹ്യനീതിയാണോ ഉയര്‍ന്ന ധാര്‍മ്മികത പുലര്‍ത്തുന്നതെന്നതും തര്‍ക്കവിഷയമാണ്. ഇവ തമ്മില്‍ വൈരുദ്ധ്യമില്ലെന്നും മുന്നില്‍ കരുണയര്‍ഹിച്ച് നില്‍ക്കുന്നവര്‍ക്ക് നല്‍കുന്ന പരിഗണന തന്നെയാണ് സാമൂഹ്യനീതിയുടെ ഇഴകളാകുന്നതെന്നും, അനേകരായ അപരങ്ങളെ കരുതി കൊണ്ടല്ലാതെ അടുത്തവരോട് കരുണ കാട്ടാന്‍ കഴിയുകയില്ലെന്നും ഇത് തമ്മില്‍ പൊരുത്തപ്പെടുത്തി കൊണ്ട് ചിന്തകര്‍ പറയുന്നു.
നിരുപാധികമായ സ്വാതന്ത്ര്യം എന്ന പുരുഷ സങ്കല്‍പ്പം യാഥാര്‍ത്ഥമാണോ എന്ന ചോദ്യവും ഇവിടെ ഉയരുന്നു. ഈ സ്വാതന്ത്ര്യം സ്ത്രീകള്‍ക്കും മറ്റു നിരാകരിക്കപ്പെട്ടവര്‍ക്കും നിരന്തരമായ അസ്വാതന്ത്ര്യം നല്‍കുന്നുണ്ടോ? അവരവരിലേക്ക് എല്ലാവരും ഒരു ഒളിനോട്ടം നടത്തേണ്ടതുണ്ട്. പേരന്പില്‍, വീട്ടില്‍ നിന്ന് പുറപ്പെട്ടു പോകുന്ന സ്ത്രീയും വെളിയില്‍ പണിയെടുക്കുകയും വീട്ടില്‍ മേല്‍ നോട്ടം നടത്തുകയും ചെയ്യുന്നിടത്ത് നിന്ന് വീട്ടിലെ കര്‍മ്മങ്ങളിലേക്ക് തിരിച്ചെത്തുന്ന പുരുഷനും ഒരു നിമിഷം സ്വയം വെളിച്ചപ്പെടുകയാണ്. സമകാലീന ധാര്‍മ്മികത അതാവശ്യപ്പെടുന്നുണ്ട്. വേറാരും സഹായമില്ലാതെ മകളുടെ ദാരുണ ജീവിതത്തിന് മുഖാമുഖം നില്‍ക്കുന്ന അമുദവന്‍ പുതിയൊരു സ്വത്വബോധം ആര്‍ജ്ജിക്കുകയാണ്. അത് നിരുപാധികമായി വീടിന് പുറത്ത് വിഹരിക്കുന്ന പുരുഷന്റെ സ്വാതന്ത്ര്യത്തില്‍ നിന്ന് ഭിന്നമായി മകളുടെ പരിചരണത്തിലൂടെ കിട്ടുന്ന അറിവും അര്‍പ്പണബോധവും നയിക്കുന്നതാണ്. മറ്റൊരാളെ പകരം വക്കാന്‍ കഴിയാത്ത വിധം ബന്ധനസ്ഥവും ലൗകികവുമാണത്. സാധാരണ സ്ത്രീകള്‍ സ്വതവേ ഏറ്റെടുക്കുന്നതാണത്. ഉത്തമപുരുഷനായ സന്യാസിയുടെ അമൂര്‍ത്തമായ പ്രപഞ്ചപ്രേമമല്ല അത്.
ഈ വിഷയങ്ങള്‍ നമ്മുടെ നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. അതിന് ഈ സിനിമ നിമിത്തമാകട്ടെ. ധാര്‍മികതയുടെയും കരുതലിന്റെയും ലോകത്തില്‍ വിവിധ ലിംഗ വിഭജനങ്ങളില്‍ തളക്കപ്പെടുന്ന സംസ്‌കാരത്തിന്റെ പുനരാലോചനയാണൊന്ന്.
അതോടൊപ്പം ഈ സിനിമയില്‍ കൊണ്ട് വന്ന മറ്റൊരു വിഷയമാണ് കുമാരിയായി വളരുന്ന, ഭിന്നശേഷിക്കാരിയായ മകളുടെ ലൈംഗികത. കുട്ടികളുടെ ലൈംഗികത അച്ഛനമ്മമാര്‍ക്കും അദ്ധ്യാപകര്‍ക്കും മറ്റുള്ളവര്‍ക്കും നേരിടാന്‍ ഭയമുള്ള വിഷയമാണ്. കുട്ടികളുടെ ലൈംഗികത എന്നാല്‍ നമുക്ക് പീഡനങ്ങള്‍ക്ക് വിധേയപ്പെടല്‍ മാത്രമാണ്. അവരുടെ ലൈംഗിക കര്‍തൃത്വം ചിന്തിക്കാന്‍ കൂടിക്കഴിയുന്നില്ല. അവിടെയാണ് ധൈര്യപൂര്‍വ്വം ഭിന്നശേഷിക്കാരിയായ പാപ്പയുടെ വളരുന്ന ലൈംഗിക അഭിലാഷങ്ങള്‍ അവതരിപ്പിക്കുന്നത്.
ആദ്യമാദ്യം ഇത് അമുദവനെ വിഷമിപ്പിക്കുകയും ദ്വേഷ്യം പിടിപ്പിക്കുകയും ചെയ്തിരുന്നു. പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. എങ്കിലും ക്രമേണ അദ്ദേഹം അവളുടെ താത്പര്യങ്ങള്‍ അനുതാപത്തോടെ തിരിച്ചറിയുന്നു. നിസ്സഹായതയുടെ നിമിഷങ്ങളിലൂടെ കടന്ന് ലൈംഗികത്തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയിലെത്തി അവള്‍ക്ക് വേണ്ടി ഒരു പുരുഷ ലൈംഗിക തൊഴിലാളിക്കായി യാചിക്കുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു. അനുതാപത്തിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയാണിത്.
വിരോധാഭാസമെന്ന പോലെ, എന്നാല്‍ നമ്മുടെ യഥാര്‍ത്ഥ അവസ്ഥ തുറന്നു കാട്ടുന്നതാണ് സംഘടന നടത്തുന്ന സ്ത്രീ അമുദവനോട് കാട്ടുന്ന അമര്‍ഷവും പുച്ഛവും. കുട്ടികള്‍ വളരുമ്പോള്‍ അമ്മയച്ഛന്മാര്‍ മൂല്യസംഘര്ഷങ്ങള്ക്കടിപ്പെടാറുണ്ട്. പ്രത്യേകിച്ചും അവര്‍ വ്യത്യസ്ത പാതയിലൂടെയാണെങ്കില്‍. തുല്യതയെ മാനിച്ച് കൊണ്ട് അവരുടെ മൂല്യങ്ങളുമായി സമരസപ്പെടുകയെന്നത് മാതാപിതാക്കള്‍ നേരിടുന്ന പ്രതിസന്ധിയാണ്. ഇവിടെ ഒരു പടി കൂടി കടന്ന് അമുദവന്‍ മകളോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ സ്വയം പരിവര്‍ത്തനത്തിന് വിധേയപ്പെടുകയാണ്.
ട്രാന്‍സ് ജെന്റര്‍ ആയ മീരയെ ആപത്തില്‍ നിന്ന് രക്ഷപെടുത്തുമെങ്കിലും അവര്‍ ലൈംഗിക തൊഴില്‍ ചെയ്യുന്നതിനാല്‍ ഒരകലത്തില്‍ നിന്ന് മാത്രമാണ് അമുദന് അവരെ കാണാന്‍ കഴിഞ്ഞിരുന്നത്. മകള്‍ക്ക് അവര്‍ നല്‍കിയ സ്‌നേഹത്തെയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഓരോ വിഷമസന്ദര്ഭങ്ങളിലൂടെയും കടന്ന് പോയത് അയാള്‍ക്ക് നല്‍കിയ ഉള്‍ക്കാഴ്ചകള്‍ ബന്ധങ്ങളെ ഉള്‍ക്കൊള്ളാനും വളര്‍ത്താനും സഹായിക്കുന്നു. തികച്ചും മറ്റൊരു മനുഷ്യനായി അയാള്‍ രൂപാന്തരപ്പെടുന്നു.
അമുദവന്‍ കടന്നു പോകുന്ന മനം മാറ്റത്തിന്റെ വഴികളിലൂടെ ഓരോ മലയാളിയും സഞ്ചരിക്കേണ്ടതുണ്ട്. കരുതലും പരിചരണവും അച്ഛന്മാര്‍ കൂടി ഏറ്റെടുക്കുന്ന കാലത്ത് സാമൂഹ്യനീതി, അനുകമ്പയുടെ വികാസമായി മാറുന്നു. അത് വീട്ടിലൊതുങ്ങുന്നതല്ല. വീട്ടിലുള്ളവരില്‍ നിന്ന് തുടങ്ങി എല്ലാവരിലുമെത്തേണ്ടതാണ്. പുരുഷന്മാര്‍ മാത്രമല്ല, പുരുഷേതരരും അതില്‍ തുല്യ പങ്കാളികളാകും. സമൂഹത്തോട് കണക്ക് ബോധിപ്പിക്കേണ്ടതാണ്. പക്ഷെ, കണക്ക് കരുണയോടെയാകും.
പാഠഭേദം മാര്‍ച്ച് 2019