പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മമ്മൂട്ടി. വിവിധ ഭാഷകളില്‍ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം തന്റെ എഴുപതുകളിലും ഇന്ത്യന്‍ സിനിമയെ ഞെട്ടിക്കുകയാണ്. നിരവധി സംവിധായകരെ മലയാള സിനിമയിലേക്ക് കൊണ്ടുവന്ന നടന്‍ കൂടിയാണ് മമ്മൂട്ടി. ഒരു താരം എന്നതിലുപരി നല്ലൊരു നടനാകാന്‍ ആഗ്രഹിക്കുന്ന അഭിനേതാവാണ് അദ്ദേഹം. സിനിമയില്‍ വന്ന കാലം മുതല്‍ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ മമ്മൂട്ടി ശ്രദ്ധിച്ചിട്ടുണ്ട്.
മലയാള സിനിമയിലെ മികച്ച ബിസിനസ്മാന്‍ മമ്മൂട്ടിയാണെന്ന് പറയുകയാണ് ജയറാം. മമ്മൂട്ടിയുടെ അടുത്ത് നിന്ന് ഒരു അഭിനേതാവെന്നതിലുപരി ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈകുന്നേരം ഒരു പരിപാടിക്ക് പോകാനുണ്ടെങ്കില്‍ രാവിലെ മുതല്‍ എന്ത് ഡ്രസിടും എങ്ങനെയാണ് അവിടെ പെരുമാറേണ്ടത് എന്നതിനെ കുറിച്ചെല്ലാം മമ്മൂട്ടി ബോധവാനായിരിക്കുമെന്ന് ജയറാം പറഞ്ഞു. ഇപ്പോഴും ആ സ്വഭാവത്തിന് മാറ്റം വന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
സിനിമയില്‍ മമ്മൂട്ടിക്ക് എതിരാളി അല്ലാത്ത ഒരാള്‍ വന്നാല്‍ പോലും അവരുടെ സിനിമയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കുമെന്നും തന്നോട് പലവട്ടം മമ്മൂട്ടി തന്റെ സിനിമയെ കുറിച്ച് ചോദിച്ചിട്ടുണ്ടെന്നും ജയറാം പറഞ്ഞു.
‘മലയാള സിനിമയിലെ ഏറ്റവും നല്ല ബിസിനസ്മാനാണെന്ന് എനിക്ക് തോന്നിയിട്ടുള്ളത് മമ്മൂട്ടിയെയാണ്. മമ്മൂട്ടി നല്ലൊരു ബിസിനസ് മാനാണ്. മമ്മൂക്കയുടെ കയ്യില്‍ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടാകും, ഒരു അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല അത്. ഇന്ന് വൈകുന്നേരം ഒരു പരിപാടിക്ക് പോകണം എന്ന് പറഞ്ഞാല്‍ രാവിലെ മുതല്‍ ഞാന്‍ എങ്ങനെയാണ് പോകേണ്ടത്, എങ്ങനെയാണ് അവിടെ ചെന്ന് ബിഹേവ് ചെയ്യേണ്ടത്, എന്ത് ഡ്രസാണ് ഇടേണ്ടത് എല്ലാത്തിനെ കുറിച്ചും കോണ്‍ഷ്യസാണ്. ഇപ്പോഴും അങ്ങനെത്തന്നെയാണ്.
സിനിമയില്‍ പുള്ളിക്ക് എതിരാളിയല്ലാത്ത ചെറിയൊരു അഭിനേതാവ് വന്നാല്‍ പോലും അവരുടെ സിനിമയുടെ കഥയും ഇറങ്ങുന്ന തീയതിയും എല്ലാം അറിയും. ആ സംവിധായകനെ വിളിച്ചു പോലും ചോദിക്കും. എന്നോടും പലവട്ടം നിന്റെ സിനിമയുടെ കഥ പറയു എന്ന് പറഞ്ഞിട്ടുണ്ട്,’ ജയറാം പറയുന്നു.