വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. ദുലീപ് ട്രോഫിയടക്കമുള്ള ആഭ്യന്തര മത്സരങ്ങള്‍ കളിക്കാന്‍ അവരോട് ആവശ്യപ്പെടുന്നത് വിരാടിന്റെയും രോഹിത്തിന്റെയും വര്‍ക് ലോഡ് വര്‍ധിപ്പിക്കാന്‍ മാത്രമേ കാരണമാകൂ എന്നും ജയ് ഷാ പറഞ്ഞൂ.
ആഭ്യന്തര മത്സരങ്ങളില്‍ കളിക്കുമ്പോള്‍ പരിക്കേല്‍ക്കാനുള്ള സാധ്യതകള്‍ ഉണ്ടെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജയ് ഷാ ഇക്കാര്യം പറഞ്ഞത്.
‘ഇക്കാര്യത്തില്‍ ഞങ്ങള്‍ അല്‍പം സ്ട്രിക്ടായ തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണ്. രവീന്ദ്ര ജഡേജക്ക് പരിക്കേറ്റപ്പോള്‍ ഞാനാണ് അദ്ദേഹത്തോട് ആഭ്യന്തര മത്സരങ്ങള്‍ കളിക്കാന്‍ ആവശ്യപ്പെട്ടത്. പരിക്കേറ്റ് പുറത്തായ ഏതൊരു താരത്തിനും ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുത്ത് ഫിറ്റ്‌നസ് തെളിയിച്ചാല്‍ മാത്രമേ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ സാധിക്കൂ.
എന്നാല്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കാന്‍ ആവശ്യപ്പെട്ട് വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും വര്‍ക് ലോഡ് വര്‍ധിപ്പിക്കണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതകളേറെയാണ്.
നിങ്ങള്‍ ഓസ്‌ട്രേലിയന്‍ ടീമിനെയും ഇംഗ്ലണ്ട് ടീമിനെയും നോക്കൂ, അവരുടെ പ്രധാന താരങ്ങളില്‍ ഒരാള്‍ പോലും ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്നില്ല. നമ്മുടെ താരങ്ങളെ എപ്പോഴും ബഹുമാനത്തോടെ കാണണം, അല്ലാതെ ഒരിക്കലും വേലക്കാരോടെന്ന പോലെ പെരുമാറരുത്,’ ജയ് ഷാ പറഞ്ഞു.
വിരാടും രോഹിത്തും ഒഴികെ ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം തന്നെ ദുലീപ് ട്രോഫിയുടെ ഭാഗമാണ്. കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, സൂര്യകുമാര്‍ യാദവ്, യശസ്വി ജെയ്‌സ്വാള്‍, മുഹമ്മദ് സിറാജ്, അക്‌സര്‍ പട്ടേല്‍ തുടങ്ങി ബി.സി.സി.ഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടിലുള്ള താരങ്ങളെല്ലാം തന്നെ ടൂര്‍ണമെന്റ് കളിക്കുന്നുണ്ട്.
സെപ്റ്റംബര്‍ അഞ്ചിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി, ഇന്ത്യ ഡി എന്നിങ്ങനെ നാല് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്.
റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ഇത്തവണത്തെ മത്സരങ്ങള്‍ നടക്കുക. ഓരോ ടീമിനും മൂന്ന് മത്സരങ്ങള്‍ വീതം കളിക്കാനുണ്ടാകും. ഈ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം ടേബിള്‍ ടോപ്പറായ ടീമിനെ വിജയികളായി പ്രഖ്യാപിക്കും.
Content Highlight: Jay Shah defends Virat Kohli, Rohit Sharma’s absence from Duleep Trophy