World News
ജി 7 ഉച്ചകോടിക്ക് തുടക്കമായി; ഹിരോഷിമ പീസ് മെമ്മോറിയല്‍ പാര്‍ക്കില്‍ പുഷ്പചക്രം അര്‍പ്പിച്ച് ലോക നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 19, 12:51 pm
Friday, 19th May 2023, 6:21 pm

ഹിരോഷിമ: അമേരിക്ക അണു ബോംബ് വര്‍ഷിച്ച് ആയിരങ്ങളെ കൊന്നൊടുക്കിയ ഹിരോഷിമയില്‍ വെച്ച്, 78 വര്‍ഷത്തിനിപ്പുറം ലോകരാഷ്ട്രങ്ങള്‍ ജി 7 ഉച്ചകോടിക്കായി ഒത്തുചേരുമ്പാള്‍ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ നരഹത്യയുടെ സ്മാരകമായി ഹിരോഷിമ പീസ് മെമ്മോറിയല്‍ പാര്‍ക്ക് അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. 1,29,000 മനുഷ്യരുടെ ജീവിതവും സ്വപ്‌നങ്ങളും ഞൊടിയിട കൊണ്ട് കത്തിചാമ്പലായതിന്റെ നടുക്കുന്ന ഓര്‍മകള്‍ ലോക നേതാക്കളുടെ കണ്ണുകള്‍ തുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ജപ്പാന്‍ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളെ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ നേരിട്ടെത്തി സ്വീകരിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 1945ലെ ആണവ ബോംബാക്രമണത്തില്‍ മരിച്ചവരുടെ സ്മാരകത്തിന് മുന്നില്‍ നിരവധി ലോകരാഷ്ട്രങ്ങളുടെ നേതാക്കളാണ് പുഷ്പചക്രം അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചത്. ഹിരോഷിമയില്‍ മെയ് 19 മുതല്‍ 21 വരെയാണ് ജി 7 ഉച്ചകോടി നടക്കുക.

പ്രധാനന്ത്രി നരേന്ദ്ര മോദിയും ജപ്പാനിലെത്തിയിട്ടുണ്ട്. ഇടത്തരം രാജ്യങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ വേണ്ടിയാണ്, ജി 7 രാജ്യങ്ങളില്‍ അംഗത്വമില്ലെങ്കിലും ഇന്ത്യ, ദക്ഷിണ കൊറിയ, ബ്രസീല്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ ജപ്പാന്‍ ക്ഷണിച്ചിരിക്കുന്നത്.

അതേസമയം, ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്താന്‍ മോദി ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായും നരേന്ദ്ര മോദി നാളെ കൂടിക്കാഴ്ച നടത്തും.

ഇന്നത്തെ ചര്‍ച്ചകളില്‍ പ്രധാനമായും ഉയര്‍ന്നുവന്നത് ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്നതാണ്. നെതര്‍ലന്‍ഡ്‌സ്, ചിലി എന്നീ രാജ്യങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇതേ ആവശ്യവുമായി ഏഴോളം രാജ്യങ്ങള്‍ സംയുക്തമായി ജി 7 ലോകരാജ്യങ്ങള്‍ക്ക് കത്ത് എഴുതി അയച്ചിരുന്നതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

content highlights: Japan is hosting the G 7 Summit in Hiroshima