നാട്ടിക: നാട്ടിക ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സി.സി മുകുന്ദന്‍ മരിച്ചതായി വാര്‍ത്ത നല്‍കി ജന്മഭൂമി. സി.പി.ഐ നേതാവ് സി.സി മുകുന്ദന്റെ മരണവാര്‍ത്തയാണ് ജന്മഭൂമിയുടെ ചരമക്കോളത്തില്‍ വന്നത്.
സി.സി മുകുന്ദനെതിരെ ഇത്തരത്തില്‍ വാര്‍ത്ത നല്‍കി അപമാനിച്ച ജന്മഭൂമിക്കെതിരെ പ്രതിഷേധിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഇടതുമുന്നണിയെ അപമാനിക്കാനായി ബി.ജെ.പി നടത്തിയ നീക്കമാണിതെന്നും പോസ്റ്റുകളില്‍ പറയുന്നു.
മുകുന്ദന്റെ ചിത്രം സഹിതമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ചരമക്കോളത്തില്‍ നല്‍കിയ വാര്‍ത്തയില്‍ സി.സി മുകുന്ദനെ കുറിച്ചുള്ള മിക്ക വിവിരങ്ങളും നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ അബദ്ധമായി കണക്കാകാനാകില്ലെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.
ജന്മഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്. അന്ധമായ രാഷ്ട്രീയ വൈരാഗ്യം ഒരു മാധ്യമത്തെ എത്രമാത്രം അധ:പതിപ്പിക്കും എന്നതിന്റെ ഉദാഹരണമായി ജന്മഭൂമിയും സംഘപരിവാര്‍ മാധ്യമങ്ങളും ഈ നാട്ടില്‍ ഏറെക്കാലമായി നിലനിക്കുകയാണെന്നാണ് നാട്ടിക സി.പി.ഐ ലോക്കല്‍ കമ്മിറ്റി പ്രതികരിച്ചത്.
ജന്മഭൂമിയും ബി.ജെ.പി സംസ്ഥാന നേതൃത്വവും സഖാവ് സി.സി മുകുന്ദനോട് മാപ്പു പറയാനുള്ള മര്യാദ കാണിക്കണം. കറുത്തവരേയും ഹിന്ദുത്വത്തിന്റെ ജാതി ശ്രേണിയിലെ താഴ്ന്നവരേയും കാണുമ്പോള്‍ ജന്മഭൂമിക്കുണ്ടാകുന്ന വെറിക്ക് ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി പറയുമെന്നും നാട്ടിക സി.പി.ഐ ലോക്കല്‍ കമ്മിറ്റി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
നിലവിലെ എം.എല്‍.എയായ ഗീത ഗോപിയെ മാറ്റിയാണ് നാട്ടികയില്‍ സി.സി മുകുന്ദനെ സി.പി.ഐ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നത്. 25 മണ്ഡലങ്ങളിലാണ് സി.പി.ഐ മത്സരിക്കുന്നത്.