മരണപ്പെട്ടത് റീല്‍സ് ചിത്രീകരണത്തിനിടെ എന്നത് മലയാളികളുടെ പരിഹാസത്തിനായി മാധ്യമങ്ങള്‍ ചൂണ്ടയില്‍ കോര്‍ത്ത ഇര
FB Notification
മരണപ്പെട്ടത് റീല്‍സ് ചിത്രീകരണത്തിനിടെ എന്നത് മലയാളികളുടെ പരിഹാസത്തിനായി മാധ്യമങ്ങള്‍ ചൂണ്ടയില്‍ കോര്‍ത്ത ഇര
ജംഷിദ് പള്ളിപ്രം
Wednesday, 11th December 2024, 9:17 am

രണ്ട് വര്‍ഷം മുമ്പ് കിഡ്‌നി ഓപ്പറേഷന്‍ കഴിഞ്ഞ ചെറുപ്പക്കാരന്‍. ആറ് മാസങ്ങള്‍ കൂടുമ്പോള്‍ മെഡിക്കല്‍ ചെക്കപ്പ് ചെയ്യണം. അതിനായി വിദേശത്ത് നിന്ന് നാട്ടിലെത്തും.

ഭാരമുള്ള ജോലികളൊന്നും ചെയ്യാന്‍ സാധിക്കില്ല. വീഡിയോഗ്രാഫറായ ആല്‍വിന്‍ നാട്ടിലെത്തിയപ്പോള്‍ ഒരു കമ്പനിയുടെ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നു. പരസ്യ ചിത്രീകരണത്തിനിടെ അപകടം സംഭവിച്ച് മരണപ്പെടുന്നു.

ആ വാര്‍ത്തയക്ക് മാധ്യമങ്ങളുടെ തലക്കെട്ട് നോക്കണം. റീല്‍ ചിത്രീകരണത്തിനിടെ അപകടം. യുവാവ് മരണപ്പെട്ടു.

മലയാളികളുടെ പരിഹാസത്തിന് ചൂണ്ടയില്‍ കോര്‍ത്ത ഇരയാണ് ആ തലക്കെട്ടെന്ന് ഈ മാധ്യമങ്ങളുടെ തന്നെ ലിങ്ക് തുറന്നാല്‍ മനസ്സിലാവും.

പരസ്യം ഷൂട്ട് ചെയ്യലാണ് ആല്‍വിന്റെ ജോലി. പരസ്യ ചിത്രീകരണത്തിനിടെ അപകടമെന്ന് നല്‍കാവുന്ന ഒരു തലകെട്ട് കേവലം റീലാക്കുന്ന ബുദ്ധി മാധ്യമങ്ങളുടെ ഡെസ്‌കില്‍ നിന്നും വരുന്നത് അത്തരം വാര്‍ത്തകള്‍ കൊത്തിതിന്നാന്‍ വരുന്ന മലയാളി തന്തമാരെ മുന്നില്‍ കണ്ടാണ്.

നിമിഷ നേരങ്ങള്‍ കൊണ്ട് കമന്റ് ബോക്‌സില്‍ പരിഹാസങ്ങള്‍ കുന്നുകൂടുന്നു. ആക്ഷേപങ്ങള്‍ നിറയുന്നു. അട്ടഹസിക്കുന്നു.

ആല്‍വിന്റെ പ്രായം വെറും ഇരുപത്തിയൊന്ന് വയസ്സാണ്. ചെറിയ പ്രായത്തില്‍ തന്നെ തൊഴില്‍ ചെയ്തു ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്‍. തൊഴിലിടത്ത് വെച്ച് നടന്ന അപകടത്തില്‍ മരണപ്പെടുന്നു. ആ മരണത്തെയാണ് ആള്‍ക്കൂട്ടം പരിഹസിക്കുന്നത്. ലിഞ്ചിങ് ചെയ്യുന്നത്.

വീഡിയോ പ്രമോഷനും കണ്ടന്റ് ക്രിയേഷനും തൊഴിലാണെന്നും ആ തൊഴിലിലൂടെ പുതിയ തലമുറ വരുമാനം കണ്ടെത്തുന്നുണ്ടെന്നും ഈ വിവരദോഷികളെ പറഞ്ഞു മനസ്സിലാക്കുക അത്ര എളുപ്പുമുള്ള കാര്യമല്ല.

സഹോദരാ, നിന്റെ മരണ വാര്‍ത്തയുടെ ചുറ്റും നിന്ന് ചിരിക്കുന്ന സമൂഹത്തില്‍ നിന്നും മാറിനിന്ന് കൊണ്ട് സ്‌നേഹത്തോടെ യാത്ര പറയുന്നു.

ആദരാഞ്ജലികള്‍

 

Content highlight: Jamshid Pallipram criticized the media on Alvin’s death