Advertisement
National
സ്റ്റെര്‍ലൈറ്റിനു വീണ്ടും പിന്തുണ: വ്യവസായങ്ങളെ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയരാക്കുന്നത് ആത്മഹത്യാപരമെന്ന് ആത്മീയഗുരു ജഗ്ഗി വാസുദേവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 28, 05:45 am
Thursday, 28th June 2018, 11:15 am

ന്യൂദല്‍ഹി: രാംദേവിനു പിന്നാലെ സ്റ്റെര്‍ലൈറ്റ് ഉടമസ്ഥരായ വേദാന്തയെ പിന്തുണച്ചുകൊണ്ട് ആത്മീയ ഗുരുവായ ജഗ്ഗി വാസുദേവും. വലിയ വ്യവസായങ്ങളെ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയരാക്കുന്നത് “സാമ്പത്തിക ആത്മഹത്യ”യ്ക്കു തുല്യമാണെന്നാണ് ജഗ്ഗി വാസുദേവിന്റെ പ്രസ്താവന.

പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള ലംഘനങ്ങള്‍ നിയമപരമായി കൈകാര്യം ചെയ്യാമെന്നും, രാജ്യത്ത് ഇത്തരം വ്യവസായങ്ങളില്ലെങ്കില്‍ മറ്റിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലെത്തുമെന്നും വാസുദേവ് പറയുന്നുണ്ട്.


Also Read: ആക്രമിക്കപ്പെട്ട നടിയുടെ അവസരം നഷ്ടപ്പെടുത്തിയിട്ടില്ല; പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടല്ലെന്നും ദിലീപ്


“ചെമ്പു ശുദ്ധീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഞാന്‍ വിദഗ്ധനൊന്നുമല്ല. എങ്കിലും, ഇന്ത്യയില്‍ ചെമ്പിന് വളരെയധികം ഉപയോഗമുണ്ടെന്ന് എനിക്കറിയാം. നമുക്കു സ്വയം ഉല്‍പാദിപ്പിക്കാനായില്ലെങ്കില്‍, ചൈനയില്‍ നിന്നും വാങ്ങേണ്ടതായി വരും. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നിയമപരമായി നേരിടാം. ഇത്തരം വലിയ വ്യവസായങ്ങളെ ആള്‍ക്കൂട്ട ആക്രമണത്തിനിരയാക്കുന്നത് “സാമ്പത്തിക ആത്മഹത്യ”യാണ്.” ജഗ്ഗു വാസുദേവ് ട്വിറ്ററില്‍ കുറിച്ചു.

സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ നടന്ന പ്രക്ഷോഭറാലിയിലേക്കുണ്ടായ പൊലീസ് വെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തിപ്പെടുകയും തമിഴ്‌നാട് സര്‍ക്കാര്‍ ഇടപെട്ട് പ്ലാന്റ് പൂട്ടിക്കുകയും ചെയ്തിരുന്നു.

വേദാന്തയുടെ എക്‌സിക്യുട്ടിവ് ചെയര്‍മാന്‍ അനില്‍ അഗര്‍വാളിനും ഭാര്യയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം പ്രശംസാവാചകങ്ങളും ചേര്‍ത്ത് രാംദേവ് ട്വിറ്ററില്‍ പങ്കുവെച്ചതിനു തൊട്ടു പിന്നാലെയാണ് വാസുദേവിന്റെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.


Also Read: ജവാന്‍മാരുടെ ജീവന്‍ നഷ്ടപ്പെടുത്തി മോദി നേടുന്നത് വോട്ടുകള്‍; സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്


“ലണ്ടന്‍ സന്ദര്‍ശനത്തിനിടെ അനില്‍ അഗര്‍വാള്‍ ജിയെ കണ്ടുമുട്ടി. ലക്ഷക്കണക്കിന് ജോലി സാധ്യതകള്‍ സൃഷ്ടിക്കുകയും സാമ്പത്തിക അഭിവൃദ്ധി കൊണ്ടുവരികയും ചെയ്ത് രാഷ്ട്രനിര്‍മാണ പ്രവൃത്തികളിലേക്ക് അദ്ദേഹം നടത്തുന്ന സംഭാവനകളെ ഞാന്‍ അഭിനന്ദിക്കുന്നു” എന്നായിരുന്നു രാംദേവിന്റെ ട്വീറ്റ്.

പ്രതിഷേധക്കാരിലൂടെ പ്രവര്‍ത്തിച്ചത് രാജ്യാന്തര ഗൂഢാലോചനാസംഘമാണെന്നായിരുന്നു രാംദേവിന്റെ പക്ഷം.