national news
നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ഏഴ് കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 30, 12:30 pm
Saturday, 30th April 2022, 6:00 pm

ന്യൂദല്‍ഹി: നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ പേരിലുള്ള ഏഴ് കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടി.

നടിയുടെ സുഹൃത്ത് സുകേഷ്  പ്രതിയായ 200 കോടിയുടെ തട്ടിപ്പ് കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.സുകേഷ് തട്ടിയെടുത്ത 200 കോടിയില്‍ 5.71 കോടി രൂപയുടെ സമ്മാനങ്ങള്‍ ജാക്വലിന് നല്‍കിയെന്നാണ് ഇ.ഡി ആരോപിക്കുന്നത്.

ജാക്വിലിനെ സുകേഷ് സാമ്പത്തികമായി സഹായിച്ചിരുന്നു. വിലകൂടിയ സമ്മാനങ്ങള്‍ തുടരെ നടിക്ക് നല്‍കിയിരുന്നു. നടിയുടെ ബന്ധുക്കളെയും സാമ്പത്തികമായി സഹായിച്ചിരുന്നെന്നും ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. ശേഖര്‍ രത്ന വേല എന്ന പേരിലാണ് ജാക്വിലിനെ സുകേഷ് ചന്ദ്രശേഖര്‍ പരിചയപ്പെട്ടത്.

കോടികളുടെ ആഭരണങ്ങള്‍ ജാക്വിലിന് നല്‍കിയെന്ന് സുകേഷ് ഇ.ഡിയോട് പറഞ്ഞു. ഒരു കുതിര, മിനി കൂപ്പര്‍ എന്നിവയും നല്‍കിയതായി ഇയാള്‍ മൊഴിനല്‍കി. ജാക്വിലിന്റെ ബന്ധുക്കളെയും ഇയാള്‍ സഹായിച്ചെന്നും ജാക്വിലിന്റെ അമ്മയ്ക്ക് പോര്‍ഷെ കാര്‍ സമ്മാനമായി നല്‍കിയെന്നും പറയുന്നു.അമേരിക്കയിലുള്ള അനിയത്തിക്ക് BMW X5 ഉം സമ്മാനമായി നല്‍കി. ഓസ്ട്രേലിയയിലെ സഹോദരനും 50000 യു.എസ് ഡോളറിന്റെ സഹായം നല്‍കിയെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു. അതേസമയം മിനി കൂപ്പര്‍ ഉള്‍പ്പെടെ ലഭിച്ച നിരവധി സമ്മാനങ്ങള്‍ താന്‍ തിരികെ നല്‍കിയെന്നാണ് ജാക്വിലിന്‍ വ്യക്തമാക്കിയത്.

ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങിന്റെ കുടുംബത്തില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്ത കേസിലാണ് സുകേഷ് ചന്ദ്രശേഖര്‍ ദല്‍ഹി പൊലീസിന്റെ പിടിയിലായത്. ജയിലിലായിരുന്ന ശിവീന്ദര്‍ സിംഗിന് ജാമ്യം സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ഭാര്യ അദിതി സിംങില്‍ നിന്ന് സുകേഷ് ചന്ദ്രശേഖര്‍ പണം തട്ടുകയായിരുന്നു. ഈ കേസിലെ അന്വേഷണത്തിലാണ് സുകേഷ് നടത്തിയ അനധികൃത പണമിടപാടുകളുടെ വിവരം പുറത്തു വന്നത്.

Content Highlights: Jacqueline Fernandez’s Assets Worth Rs 7.27 Cr Attached By ED In Extortion Case