സ്വന്തം പേരിലുള്ള ഭൂമി ഭാര്യ ഡെയ്‌സി ജേക്കബിന്റെ പേരില്‍ കാണിച്ചുവെന്ന ആരോപണവും ജേക്കബ് തോമസിനെതിരെ ഉണ്ട്
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് നല്‍കിയ വിവരങ്ങള്‍ അപൂര്‍വ്വമാണെന്ന് ആരോപണം. ഭൂമി സംബന്ധമായ വിവരങ്ങള്‍ മറച്ചു വെച്ചതിലൂടെ സര്‍വ്വീസ് ചട്ടങ്ങള്‍ അദ്ദേഹം ലംഘിച്ചുവെന്ന് പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
തമിഴ്‌നാട്ടിലെ വിരുധുനഗര്‍ ജില്ലയിലെ രാജപാളയം താലൂക്കിലെ സേതൂര്‍ ഗ്രാമത്തില്‍ 50 ഏക്കര്‍ സ്ഥലം ജേക്കബ് തോമസിന് ഉണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ ജനുവരി ഒന്നിന് സമര്‍പ്പിച്ച ഇദ്ദേഹം നല്‍കിയ സ്വത്ത് വിവരങ്ങളില്‍ ഈ ഭൂമിയെ പറ്റിയുള്ള വിവരങ്ങള്‍ ഇല്ല. ജേക്കബ് തോമസിന്റേയും കൊച്ചിയിലുള്ള ഒരു ടൂര്‍ ഓപ്പറേറ്ററുടേയും പേരിലാണ് തമിഴ്‌നാട്ടിലെ ഭൂമി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
1968-ലെ സര്‍വ്വീസ് ചട്ടത്തിലെ 16 (2) വകുപ്പ് പ്രകാരം ഉദ്യോഗസ്ഥരുടെ എല്ലാ തരം സ്വത്തുക്കള്‍ സംബന്ധിച്ച വിവരവും സര്‍ക്കാറിന് സമര്‍പ്പിക്കണം. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നടത്തിയത് ഈ ചട്ടത്തിന്റെ ലംഘനമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
40.5 ഏക്കര്‍, 9.83 ഏക്കര്‍ എന്നിങ്ങനെ രണ്ട് ഭാഗമായാണ് തമിഴ്‌നാട്ടിലെ ഭൂമി ജേക്കബ് തോമസ് ഭൂമി വാങ്ങിയിട്ടുള്ളത്. 33 വ്യക്തികളില്‍ നിന്ന് പവര്‍ ഓഫ് അറ്റോര്‍ണി മുഖേനെ വാങ്ങിയ ഈ ഭൂമി 2002-ലും 2003-ലും ജേക്കബ് തോമസ് സ്വത്ത് വിവരങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2001-ലാണ് ഈ ഭൂമി ജേക്കബ് തോമസ് വാങ്ങിയത്.
സ്വന്തം പേരിലുള്ള ഭൂമി ഭാര്യ ഡെയ്‌സി ജേക്കബിന്റെ പേരില്‍ കാണിച്ചുവെന്ന ആരോപണവും ജേക്കബ് തോമസിനെതിരെ ടൈംസ് ഓഫ് ഇന്ത്യ ഉന്നയിക്കുന്നുണ്ട്. സര്‍ക്കാറിന് സമര്‍പ്പിച്ചപ്പോള്‍ ഭാര്യയുടെ പേരിലാണെന്ന് കാണിച്ച ഭൂമി രജിസ്‌ട്രേഷന്‍ രേഖകളില്‍ ജേക്കബ് തോമസിന്റെ പേരിലാണ്. 37.95 കോടി രൂപയുടെ ആകെ സ്വത്തുള്ള ജേക്കബ് തോമസാണ് കേരളത്തിലെ ഏറ്റവും സമ്പന്നനായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍.