ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അജ്ഞാതമായ ഏടുകളില്‍ രക്ത ശോഭയോടെ ജ്വാലിച്ചു നില്‍ക്കുന്ന നാമം! കമ്മ്യൂണ്‍ കാലം മുതലുള്ള കമ്മ്യൂണിസത്തിന്റെ സമര പോരാട്ട ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച ജേക്കബ് ഫിലിപ്പ് എന്ന ജെ.പി
ക്രിസ്തു മതം പഠിക്കാനും അതിന്റെ പ്രചാരകനാവാനും തറവാട്ടുവീട്ടില്‍ നിന്നും നിയോഗം ലഭിച്ച ജേക്കബ് ഫിലിപ്പ് സെമിനാരി പഠനം കഴിഞ്ഞ് പുറത്തുവന്നത് സമത്വത്തിന്റെ ആധുനിക ക്രിസ്തു ദര്‍ശനമായ കമ്മ്യൂണിസവുമായാണ്.
ഇയാളുടെ മട്ടും ഭാവവും കണ്ട് ജേക്കബിനെ വൈദികനാവാന്‍ കൊള്ളില്ലെന്ന് വിധിച്ചത് തിരുവനന്തപുരം ഗോസ്പ്പല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അച്ചന്‍ തന്നെയാണ്. സ്‌പെയിനിലെ ഫ്രാങ്കോ കാലത്ത് ഫാഷിസം എന്തെന്ന് സ്വന്തം ജീവിതം കൊണ്ട് തന്നെ അറിഞ്ഞ ആ അച്ചന്റെ ഉപദേശം ജെ.പിയുടെ ഉള്ളില്‍ മുഴങ്ങുകയായിരുന്നു.
സെമിനാരി വിട്ട ജെ.പി തന്റെ പൗരോഹിത്യത്തിന്റെ പഠന സമ്പന്നത പങ്കുവെച്ചത് കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ക്കൊത്താണ്. ഇ.എം.എസിന്റെയും എ.കെ.ജിയുടെയും കൃഷ്ണപ്പിള്ളയുടെയും ഉറ്റ തോഴനായിരുന്നു ജേക്കബ് ഫിലിപ്പെന്നത് അധികമാര്‍ക്കും അറിയില്ല.
ജേക്കബ് ഫിലിപ്പ്
തോളില്‍ തൂക്കിയ ക്യാമറ, തത്വചിന്തയിലും, അര്‍ത്ഥ ശാസ്ത്രത്തിലും ജേക്കബ് ഫിലിപ്പ് കടന്നു പോയിട്ടുണ്ടായിരുന്ന അറിവിന്റെ ഭൂതകാലത്തിന് ഒളിയിടമായി മാറി. ക്യാമറയോടുള്ള ഈ കമ്പം സെമിനാരി പഠനകാലത്ത് തന്നെ ആ വൈദിക വിദ്യാര്‍ത്ഥിക്കൊപ്പം നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്നു.
അത് കണ്ടെത്തിയതും ഫോട്ടോഗ്രാഫിയിലും തല്‍പ്പരനായിരുന്ന ഗോസ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അച്ചന്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന സൂപ്പര്‍ ഐക്കോണ്ട ക്യാമറ ജേക്കബ് ഫിലിപ്പിന് സമ്മാനിക്കുകയും ചെയ്തു.
ഫോട്ടോഗ്രാഫര്‍ എന്ന നിലയിലുള്ള ആ പ്രയാണം അന്ന് തുടങ്ങി. നാല് പതിറ്റാണ്ടു കാലത്തെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമര പോരാട്ടങ്ങളുടെ അത്യപൂര്‍വ്വമായ രേഖകളാണ് ജെ.പി തന്റെ ക്യാമറയില്‍ പകര്‍ത്തിയത്.
ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിന്റെ ചുമരില്‍ തൂങ്ങുന്ന പല ഛായാപടങ്ങളും ജേക്കബ് ഫിലിപ്പിന്റെ ക്യാമറയുടെ വെളിച്ചം തീണ്ടിയതാണ്.
പുന്നപ്ര വയലാറില്‍ വെടിയേറ്റ് മരിച്ച സമര പോരാളികളുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ടതിന്റെ അപൂര്‍വ്വ ചരിത്രരേഖ ഛായാപടമായി നമുക്ക് കിട്ടിയത് ജേക്കബിന്റെ അതിസാഹസികതയില്‍ നിന്നാണ്.
1946 ല്‍ കോട്ടയത്തെ പാര്‍ട്ടി പരിപാടിയ്ക്കിടെ വി.എസ് അച്യുതാനന്ദന്‍ മുദ്രാവാക്യം വിളിക്കുന്ന ചിത്രം/ ജേക്കബ് ഫിലിപ്പ് എടുത്ത ഫോട്ടോ
ഇംഗ്ലീഷുകാരന്റെ ഭാഷയും വേഷവും ധരിച്ച്, ഒട്ടും മലയാളം അറിയാത്ത ഒരു സായിപ്പായി അഭിനയിച്ച്, സംഭവം നടന്ന് തൊട്ടടുത്ത നാളുകളില്‍ തന്നെ, സൈന്യത്തിനു മുമ്പില്‍ ഹാജരായി ബ്ലിറ്റ്‌സിന്റെ ഫോട്ടോഗ്രാഫറാണെന്ന് സ്വയം പരിചയപ്പെടുത്തി, സ്വയം നിര്‍മ്മിച്ച തിരിച്ചറിയല്‍ കാര്‍ഡ് നീട്ടി പട്ടാളത്തെ പറ്റിച്ച്, സന്ദര്‍ശനത്തിന് അനുമതി വാങ്ങിയ ജേക്കബ് ഫിലിപ്പ് ഇന്ത്യന്‍ ഫോട്ടോഗ്രഫിക്ക് പുതിയ മാനം തീര്‍ക്കുകയായിരുന്നു.
മൃതദേഹങ്ങള്‍ മണ്ണ് മൂടിയിട്ട ചിത്രവും വെടിയേറ്റ തെങ്ങിന്റെ ചിത്രവും കൊണ്ട് പുന്നപ്ര വയലാറിന്റെ നരവംശ ചരിത്രം പറഞ്ഞ ഫോട്ടോഗ്രാഫിയുടെ അപൂര്‍വ്വമായ ഏട്!
കെ. ദാമോദരന്റെയും പി. കൃഷണപ്പിള്ളയുടെയും ഇ.എം.എസിന്റെയും എ.കെ.ജിയുടെയും കെ.പി ആറിന്റെയും ടി.വി തോമസിന്റെയും കെ. ആര്‍ ഗൗരിയമ്മയുടെയും ആര്‍. സുഗതന്റെയും ആദ്യകാല ഛായാപടങ്ങള്‍ ഏറെയും ഇന്ന് നമ്മുടെ ആര്‍ക്കൈവിലുള്ളത് ജേക്കബ് ഫിലിപ്പ് എടുത്ത ചിത്രങ്ങളാണെന്ന് അധികമാര്‍ക്കും അറിയില്ല.
1942ല്‍ ദേശാഭിമാനി രൂപം കൊള്ളുമ്പോള്‍ അതിന്റെ പത്രാധിപ സമിതിയില്‍ അക്കാലത്തെ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ക്കൊപ്പം ജേക്കബ് ഫിലിപ്പും അംഗമായിരുന്നു. വിക്ഷുബ്ധമായ നാല്പ്പതുകള്‍.
കയ്യൂരും കരിവെള്ളൂരും മുനയന്‍ കുന്നും പുന്നപ്രയും വയലാറും അടങ്ങിയ കമ്മ്യൂണിസ്റ്റ് സെല്ലുകളുടെ കര്‍ഷക ഫര്‍ക്കകളും തൊഴിലാളി യൂണിയനുകളും തീര്‍ത്ത പ്രക്ഷോഭങ്ങളുടെ സ്പന്ദമാപിനികളായിതീര്‍ന്നു ജേക്കബ് ഫിലിപ്പിന്റെ ഫോട്ടോഗ്രഫി.
പില്‍ക്കാലത്ത് നമ്പീശനും പുനലൂര്‍ രാജനും ആ വഴിയേ നടന്നു.
കമ്മ്യൂണിസ്റ്റ് ഒളിവിടങ്ങളുടെയും സമര പോരാട്ടങ്ങളുടെയും ഫോട്ടോഗ്രാഫുകളിലൂടെ സുനില്‍ ജനയ്ക്കും ജേക്കബ് ഫിലിപ്പിനും ഇന്ത്യന്‍ രാഷ്ട്രീയ ഫോട്ടോഗ്രഫിയുടെ ചരിത്രത്തില്‍ നിസ്തുലമായ സ്ഥാനമുണ്ട്. എന്നാല്‍ ഫോട്ടോഗ്രാഫറെന്ന നിലയിലുള്ള ജേക്കബ് ആ മഹാ വ്യക്തിത്വത്തിന്റെ ഒരു വശം മാത്രമാണ്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സംഘടിപ്പിക്കുന്നതില്‍ അതിന്റെ ആദ്യകാല നേതാക്കളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച മഹാ മനീഷിയായ മനുഷ്യ സ്‌നേഹിയായിരുന്നു അദ്ദേഹമെന്നത് അജ്ഞാതമായ ഒരു ചരിത്രമാണ്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ മാതൃസംഘത്തില്‍ തന്നെ നിലകൊണ്ട ജേക്കബ് ഫിലിപ്പ് ഒരു പക്ഷേ മുഖ്യധാരയുടെ മുഖ കണ്ണാടിയില്‍ നിന്ന് മാഞ്ഞുപോയതാവും.
കമ്മ്യൂണ്‍ കാലം തൊട്ട് സ്വന്തം പാരമ്പര്യങ്ങളെ പ്രതിനിധികരിച്ചുകൊണ്ട് തന്നെ ജെ.പിയും മുന്‍ നിരയില്‍ ഉണ്ടായിരുന്നു. ദേശാഭിമാനിയുടെ ആദ്യകാലങ്ങള്‍ ചരിത്രനിമിഷമാക്കിയ മനീഷിമാരിലൊരാള്‍ അദ്ദേഹമായിരുന്നു.
പില്‍ക്കാലത്ത് കൂത്താട്ടുകുളത്ത് കേന്ദ്രീകരിച്ച ജേക്കബ് ഫിലിപ്പ് ആ നാടിനെ മധ്യകേരളത്തിന്റെ സോവിയറ്റ് നാടാക്കി മാറ്റി. കലയുടെയും സംസ്‌ക്കാരത്തിന്റെയും നാടക പ്രസ്ഥാനത്തിന്റെയും ഗ്രന്ഥശാലകളുടെയും നട്ടെല്ലായ് തീര്‍ന്ന് പ്രദേശത്തിന്റെ സാംസ്‌ക്കരിക സമ്പന്നതകളെ അഗാധമായി സ്വാധീനിച്ചു.
കൂത്താട്ടുകുളത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസിനു സമീപത്തെ ജെ.പി സ്റ്റുഡിയോ അക്കാലത്തെ കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രവര്‍ത്തനങ്ങളുടെ ചരിത്ര സാക്ഷിയായി നിലകൊണ്ടു. അക്കാലത്ത് അവിടെയെത്തി ജെ.പിയുമായി സന്ധിക്കാത്ത രാഷ്ട്രീയ നേതാക്കളോ സാംസ്‌ക്കാരിക പ്രമുഖരോ എഴുത്തുകാരോ നാടക ആചാര്യന്മാരോ ഇല്ലായിരുന്നു.
വൈക്കം ചന്ദ്രശേഖരന്‍ നായരും സി.ജെ തോമസും ചേര്‍ന്നുള്ള നിരവധി നാടകങ്ങളിലൂടെ അഭിനേതാവായി അരങ്ങത്ത് എത്തുകയും ചെയ്തു. സി.ജെയുമൊത്തുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ട് മലയാള നാടക വേദിയുടെ തന്നെ സുവര്‍ണ്ണ അദ്ധ്യായങ്ങളില്‍ ഒന്നായിരുന്നു.
ജേക്കബ് ഫിലിപ്പിനെ പോലെ മലയാള അക്ഷരങ്ങള്‍ക്ക് രൂപ സൗന്ദര്യം കൊടുത്ത മറ്റൊരാളില്ല. അദ്ദേഹം മലയാള പുസ്തകങ്ങളുടെ മുഖസൗന്ദര്യം മാറ്റി കുറിച്ച വ്യക്തിയാണെന്നാണ് സി.ജെ.തോമസ് പറഞ്ഞത്. ആദ്യക്കാല മലയാള പുസ്തകങ്ങള്‍ മുഖചിത്രങ്ങള്‍ ഇല്ലാതെയായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. അതിന് രൂപസൗന്ദര്യം കൊടുത്തത് ജേക്കബ് ഫിലിപ്പാണ്.
ലിപികള്‍ ലിഖിതപ്പെടുത്തേണ്ട സകല സ്ഥലങ്ങളിലും അച്ചടി, പരസ്യമെഴുത്ത്, സിനിമാ സ്ലൈഡ്, മാസിക, ലഘുലേഖ എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളിലും ജെ.പിയുടെ വിരലുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിടെ നിന്നെല്ലാം സംഭരിച്ച വൈദഗ്ദ്ധ്യം അദ്ദേഹം പുസ്തക ചട്ടയുടെ നിര്‍മ്മാണത്തിലേക്ക് കൊണ്ടുവന്നു.
ആ കലയില്‍ അദ്ദേഹത്തിനുള്ള വൈദഗ്ദ്ധ്യം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഈ വിഷയത്തില്‍ താത്പ്പര്യമുള്ള യാതൊരാള്‍ക്കും ജെ.പിയുടെ സൃഷ്ടികളെ തിരിച്ചറിയാം. അവിടെയെല്ലാം ഉത്തുംഗമായ ആ വ്യക്തിമുദ്രയുണ്ട്.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പ്രസിദ്ധമായ അരയന്നങ്ങളുടെ ലോഗോ ഉള്‍പ്പെടെയുള്ള നിര്‍മ്മിതികളിലും ജേക്കബ് ഫിലിപ്പ് തന്റെ സൂക്ഷമ പാടവം കാണിച്ചു.
സമ്പന്നമായ കുടുംബത്തിലെ അംഗമായിരുന്നിട്ടും ഏക്കറുകള്‍ കുടുംബാവകാശമായി ഉണ്ടായിരുന്നിട്ടും തന്റെ ജീവിതകാലത്ത് അതിലേക്കൊന്നും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിട്ടില്ല. കൂത്താട്ടുകുളത്തെ ചെളയ്ക്കപ്പടിയില്‍ ജേക്കബ് ഫിലിപ്പിന്റെ പേരിലുള്ള ഗവ: ആയുര്‍വ്വദ ആശുപത്രിക്ക് കുടുംബ സ്വത്തില്‍ നിന്ന് സ്ഥലം വിട്ടു നല്‍കി.
ചെളയ്ക്കപ്പടിയില്‍ മഹിളാ സംഘത്തിനും അംഗന്‍വാടിക്കും ജേക്കബ് ഫിലിപ്പ് തന്റെ കുടുംബ സ്വത്ത് സമ്മാനിച്ചു.
കൂത്താട്ടുകുളത്തെ ജേക്കബ് ഫിലിപ്പിന്റെ പ്രവര്‍ത്തനം ദീര്‍ഘവും ഇടവേളയില്ലാത്തതും ജനങ്ങളുടെ സങ്കീര്‍ണ്ണമായ ജീവിത പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപ്പെടുന്നതും ആയിരുന്നു. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് തുണയായും ചുമട്ട് തൊഴിലാളികളെ സംഘടിപ്പിച്ചും ബീഡി തൊഴിലാളികള്‍ക്കിടയില്‍ പാര്‍ട്ടി കെട്ടിപ്പടുത്തും അസംഘടിത മേഖലകളില്‍ തൊഴിലാളി സംഘങ്ങള്‍ രൂപീകരിച്ചും ആയിരുന്നു ആ പ്രവര്‍ത്തനങ്ങള്‍.
തൊഴിലാളികള്‍ക്കെതിരായ പൊലീസ് അതിക്രമങ്ങളെയും ഗുണ്ടാ ആക്രമണങ്ങളെയും ചെറുക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാനും ജനങ്ങളുടെ ജീവിതത്തിനും സ്വത്തിനും സുരക്ഷക്കും കാവല്‍ നില്‍ക്കാനും അദ്ദേഹത്തിനായി.
അടിയന്തിരാവസ്ഥാ കാലത്താണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലേറെയും ഏര്‍പ്പെട്ടത്.
ജ്ഞാനിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ തോഴനും കലാ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളുടെ രക്ഷാധികാരിയും ഭാഷാ പരിജ്ഞാനത്തിന്റെയും സാമൂഹിക അറിവിന്റെയും നിറകുടവും യോഗി തുല്യനുമായ ഒരാളാണ് ജനജീവിതത്തിന്റെ സങ്കീര്‍ണ്ണ സൂക്ഷ്മതകളിലേക്ക് ഇറങ്ങി ചെന്നത് എന്ന കാര്യം അതിശയകരമാണ്.
1978 ജൂണ്‍ 2 ജേക്കബ് ഫിലിപ്പ് ചരമദിനം
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Jacob Philip Communist Photographer Punnapra Vayalar