തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിലെ അധ്യാപികയും എഴുത്തുകരിയുമായ ഡോ.ജെ.ദേവിക വുമണ്‍ ഇന്‍ സിനിമാ കളക്ടറ്റീവില് ഉയര്‍ന്ന അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തില്‍ ഫെമിനിസത്തിനെതിരായി ഉയരുന്ന ആക്രമങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുകയാണ്. കേരളത്തിലെ സ്ത്രീസമൂഹത്തെക്കുറിച്ചും ലിംഗരാഷ്ട്രീയത്തെക്കുറിച്ചും ധാരാളം പഠനങ്ങള്‍ ജെ.ദേവികയുടേതായി ഉണ്ട്.
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കളക്ടറ്റീവില് (ഡബ്ല്യൂ.സി. സി) നിന്നും സംഘടനയിലെ തന്നെ അംഗമായ വിധു വിന്‍സന്റ് ചില അഭിപ്രായ വ്യത്യാസവുമായി ബന്ധപ്പെട്ട് രാജിവെച്ചതിനു ശേഷം വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണല്ലോ? വനിതാ സംഘടനകളില്‍ നടക്കുന്ന ഇത്തരം ഭിന്നാഭിപ്രായപ്രകടനങ്ങള് ഏറെ ആഘോഷിക്കപ്പെടുന്നതായി കാണുന്നുണ്ട്. എന്ത് കൊണ്ടായിരിക്കാം ഇത്?
മുകളില്‍ നിന്ന് നേതാക്കള്‍ കുറേ കാര്യം പറയുകയും ബാക്കിയുള്ളവര്‍ അത് അക്ഷരം പ്രതി അനുസരിക്കുകയും ചെയ്യുന്ന ഒരു കേഡര്‍ സംവിധാനം ശീലിച്ചു വന്ന പരിചയമാണ് നമുക്കുള്ളത്. രാഷ്ട്രീയ സംഘാടനത്തിനെ കേഡര്‍ സംവിധാനമായി കാണുന്നത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ആരെങ്കിലും വിയോജിപ്പ് അറിയിച്ചാലും, പ്രസ്ഥാനത്തില്‍ നിന്ന് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പുറത്ത് പോയാലും മൊത്തം പ്രസ്ഥാനം തകര്‍ന്നുവെന്ന ധാരണയെല്ലാം ഇതുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതുകൊണ്ടാണ് ‘പിളരുന്തോറും വളരും’ എന്നത് തമാശ പ്രയോഗമായി ഇവിടെ നിലനില്‍ക്കുന്നത്. പിളര്‍ന്നു കഴിഞ്ഞാല്‍ നശിച്ചുവെന്നൊരു ധാരണയാണ് പൊതുവില്‍ ആളുകള്‍ക്കുള്ളത്. ഇതുകൊണ്ട് കൂടിയാണ് ഡബ്ല്യു.സി.സിയില്‍ നിന്ന് വിധു വിന്‍സന്റ് വിട്ട് പോയാല്‍ തീര്‍ന്നു കാര്യം എന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാകുന്നത്.
ഇനി ഒരു പക്ഷേ വിധു വിന്‍സന്റ് ഡബ്ല്യു.സി.സി.യില്‍ നിന്ന് പുറത്തുപോയി മറ്റൊരു സംഘടന ഉണ്ടാക്കിയെന്നു തന്നെ ഇരിക്കട്ടെ, ഇതിലൊന്നും ഇത്ര ആശങ്കപ്പെടാന്‍ ഒന്നുമില്ല. ഇവിടുത്തെ പഴകി ദ്രവിച്ച ഒരു സംസ്കാരത്തില്‍ നിന്നാണ് സ്ത്രീകള്‍ തമ്മില്‍ ഒരിക്കലും ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന ധാരണ വരുന്നത്.
അധികാരശൂന്യരായ മനുഷ്യര്‍ ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അവരില്‍ ആരെങ്കിലും ഒരാള്‍ പുറത്ത് പോകുകയോ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഒന്നിലധികം സംഘടനകളായി പിളരുകയോ ചെയ്താല്‍ അതെന്തോ മോശമാണെന്നും, അല്ലെങ്കില്‍ അത് സ്ത്രീകളുടെ കഴിവുകേടാണ് എന്നും വിലയിരുത്തലുകള്‍ ധാരാളം ഉണ്ടാകും.
ഇത്തരം സംഘടനകളൊന്നും നാളെ അധികാരം പിടിച്ചെടുക്കാമെന്നോ ഭൂരിപക്ഷ വോട്ട് തേടിക്കളയാമെന്നോ വിചാരിച്ച് പ്രവര്‍ത്തിക്കുന്നവരല്ല. വളരെ പതുക്കെയാണെങ്കിലും സമൂഹത്തില്‍ മാറ്റം ഉണ്ടാക്കണം എന്ന് കരുതുന്നവരാണ്. ഒറ്റയടിക്കൊന്നും ഒരു കാര്യവും നടക്കില്ല എന്ന ബോധ്യം അവര്‍ക്കുണ്ട്. ഒരുമാറ്റത്തിന് ചിലപ്പോള്‍ വര്‍ഷങ്ങളെടുത്തേക്കാം, അതല്ലെങ്കില്‍ ദശകങ്ങളോ നൂറ്റാണ്ടുകളോ തന്നെ വേണ്ടി വരും. ഇതെല്ലാം അറിഞ്ഞുകൊണ്ടുള്ള ഒരു ബദല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണിത്. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പിളരുന്നതൊന്നും ഒരു പ്രശ്നമല്ല. വിധു വിന്‍സന്റ് ഒരു സംഘടനയില്‍ നിന്ന് വിട്ടുപോയാല്‍ മറ്റൊരു സംഘടനയുമായി യോജിക്കുമായിരിക്കും, അല്ലെങ്കില്‍ രൂപീകരിക്കുകമായിരിക്കും. അവരുടെ കൂടെ ഇതില്‍ ചേരാത്ത വേറെയും ചിലര്‍ സഹകരിച്ചെന്നും വരും.
കേരളത്തിലെ ഫെമിനസത്തിന്റെ വളര്‍ച്ചയില്‍ ഇത്തരം അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും നിര്‍ണായകമായിരുന്നില്ലേ?
അഭിപ്രായ വ്യത്യാസങ്ങളിലൂടെ തന്നെയാണ് കേരളം പോലൊരു സ്ഥലത്ത് ഫെമിനിസം വളരുന്നതും. എണ്‍പതുകളില്‍ ഇവിടെ ഫെമിനിസത്തിന് വളരാന്‍ ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. ഇവിടുത്തെ സ്ത്രീകള്‍ തൊഴില്‍ സേനയ്ക്ക് പുറത്തായിരുന്നു. അവരുടെ നിലനില്‍പ്പ് തന്നെ കുടുംബം എന്നൊരു സ്ഥാപനത്തെ ആശ്രയിച്ചായിരുന്നു.. ഇത്തരത്തില്‍ ആളുകള്‍ വിട്ടുപോകുകയും കൂടിച്ചേരുകയും ചെയ്യുന്നത് ധാരാളം ഉണ്ടായിട്ടുണ്ട് ഫെമിനിസത്തില്‍.