കല്ലെറിഞ്ഞു, വംശീയയാധിക്ഷേപം നടത്തി; മലപ്പുറത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ മര്‍ദനമേറ്റ വിദേശതാരം പരാതി നല്‍കി
Sports News
കല്ലെറിഞ്ഞു, വംശീയയാധിക്ഷേപം നടത്തി; മലപ്പുറത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ മര്‍ദനമേറ്റ വിദേശതാരം പരാതി നല്‍കി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 13th March 2024, 1:25 pm

 

മലപ്പുറം: മലപ്പുറത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ മര്‍ദനമേറ്റ സംഭവത്തില്‍ പരാതിയുമായി വിദേശ താരം. മര്‍ദനമേറ്റ ഐവറികോസ്റ്റ് സ്വദേശി ഹസന്‍ ജൂനിയറാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

കാണികള്‍ വംശീയാധിക്ഷേപം നടത്തിയെന്നും കല്ലെറിഞ്ഞെന്നും ഹസന്‍ പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച എസ്.പി തുടര്‍നടപടികള്‍ക്കായി അരീക്കോട് സ്‌റ്റേഷനിലേക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസമായിരുന്നു അരീക്കോട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഐവറികോസ്റ്റ് താരത്തിന് മര്‍ദനമേറ്റത്. കാണികള്‍ താരത്തെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വാര്‍ത്തയായിരിക്കുന്നത്. ചെമ്രക്കാട്ടൂരില്‍ നടന്ന ഫുട്ബാള്‍ മത്സരത്തിനിടയിലാണ് സംഭവം നടന്നത്.

ഞായറാഴ്ച വൈകീട്ട് നടന്ന കളിക്കിടെ കാണികളോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് വിദേശതാരത്തെ കാണികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്.

മൈതാനത്തില്‍ കാണികളുടെ വലിയൊരു കൂട്ടം ഹസന്‍ ജൂനിയറിനെ ഓടിച്ചിട്ട് തല്ലുകയായിരുന്നു. സംഘാടകര്‍ അടക്കമുള്ള ചിലര്‍ ചേര്‍ന്ന് താരത്തിനെ സുരക്ഷിതനാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ പൊതിരെ തല്ലുന്നതാണ് വീഡിയോയില്‍ കാണുന്നത്.

മത്സരത്തിനിടെ ഒരു ഫൗളിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫൗളിന് പിന്നാലെ താരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ കാണികള്‍ മോശമായി പെരുമാറിയെന്ന് കാണിച്ച് ഹസന്‍ ജൂനിയറും കാണികളോട് കയര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് കാണികള്‍ താരത്തെ വളഞ്ഞിട്ട് തല്ലിയത്.

 

Content highlight: Ivory Coast player complained about being beaten up during a football tournament in Malappuram