Advertisement
Kerala News
ബി.ജെ.പിക്കാരുമായി സംസാരിക്കാമെന്നത് ആലങ്കാരിക പ്രയോഗം, അത് കുറ്റകൃത്യമാണോ ?; വിശദീകരണവുമായി പി.എം.എ. സലാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 19, 01:53 pm
Wednesday, 19th January 2022, 7:23 pm

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് വാങ്ങാമെന്ന ശബ്ദരേഖയില്‍ വിശദീകരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. ബി.ജെ.പി വോട്ട് വാങ്ങാമെന്നത് ആലങ്കാരിക പ്രയോഗം മാത്രമാണെന്നും ബി.ജെ.പിക്കാരെ കണ്ടെന്നോ സംസാരിച്ചെന്നോ എവിടെയും പറയുന്നില്ലെന്നും സലാം പറഞ്ഞു.

ഏത് വോട്ടറോടും വോട്ട് ചോദിക്കുമെന്നാണ് ഉദ്ദേശിച്ചത്. അത് കുറ്റകൃത്യമാണോ ?, ആണെങ്കില്‍ എല്ലാ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും കുറ്റം ചെയ്തവരാണെന്നും പി.എം.എ. സലാം പറഞ്ഞു.

സംഭാഷണത്തിന്റെ പൂര്‍ണരൂപം പുറത്ത് വിടണം. നടപടി വരുമ്പോള്‍ അസസ്ഥതയുണ്ടാകുമെന്നും സലാം പറഞ്ഞു. മുസ്‌ലിം ലീഗിന് ബി.ജെ.പിയുടെ വോട്ടും ആവശ്യമാണെന്നായിരുന്നു പുറത്തുവന്ന ശബ്ദരേഖയില്‍ പറഞ്ഞത്. കൈരളി ന്യൂസ് ആണ് ശബ്ദരേഖ പുറത്ത് വിട്ടത്.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് വാങ്ങുമെന്നും ഇതിന് വേണ്ടി ബി.ജെ.പിക്കാരെ നേരിട്ട് പോയിക്കാണാന്‍ തയാറാണെന്നും പി.എം.എ. സലാം പറയുന്നതായിട്ടാണ് ഓഡിയോയിലുള്ളത്.

ഇതിന് പിന്നാലെ ബി.ജെ.പി- ലീഗ് വോട്ടു കച്ചവടം നടന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ പറഞ്ഞിരുന്നു. പ്രമുഖ ചാരിറ്റി മാഫിയാ തലവന് പതിനായിരം വോട്ടുകള്‍ ബി.ജെ.പി വിറ്റത് ലീഗിന്റെ സമുന്നത നേതാവ് ഇടനിലക്കാരനായി നിന്നാണെന്നും ഇതിന്റെ ഓഡിയോ ക്ലിപ്പ് ഉടന്‍ പുറത്തുവരുമെന്നും കെ.ടി ജലീല്‍ പറഞ്ഞിരുന്നു.

തന്നെ തോല്‍പ്പിക്കാന്‍ ലീഗും ജമാഅത്തെ ഇസ്ലാമിയും കോണ്‍ഗ്രസും കൂട്ടുപിടിച്ചത് തവനൂരുകാര്‍ക്കറിയുന്ന പരസ്യമായ രഹസ്യമാണ്. ചതിക്കുഴികള്‍ കുഴിച്ചിട്ടും കോഴിക്കോട് സൗത്തിലും തവനൂരിലും എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ലീഗിനോ കോണ്‍ഗ്രസിനോ കഴിഞ്ഞില്ല. ഇനിയൊട്ട് കഴിയുകയുമില്ലെന്നും ജലീല്‍ പറഞ്ഞിരുന്നു.