ന്യൂദല്‍ഹി: മണിപ്പൂരില്‍ രാഹുല്‍ ഗാന്ധിയെ തടഞ്ഞതില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി. രാഹുല്‍ ഗാന്ധിയെ തടഞ്ഞുവെച്ചത് തെറ്റായ പ്രവണതായെന്ന് ആം ആദ്മി പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രമസമാധാന നിലയുടെ പൂര്‍ണ പരാജയത്തെയാണ് ഇത് കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു.
‘ഈ രീതിയില്‍ രാഹുല്‍ ഗാന്ധിയെ തടഞ്ഞത് തെറ്റായ പ്രവണതയാണ്. നിങ്ങള്‍ക്ക് ഇന്റര്‍നെറ്റും വാര്‍ത്താ ചാനലും കാണുന്നത് തടയാന്‍ സാധിക്കുമായിരിക്കും. എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടിക്കെതിരെ പ്രതിഷേധിക്കുന്നവരെ ലാത്തി ഉപയോഗിച്ച് തടയാന്‍ സാധിക്കില്ല,’ ആം ആദ്മി ദേശീയ വക്താവും ദല്‍ഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.
‘രാജ്യത്തെ ഏതെങ്കിലും സ്ഥലത്ത് ഒരു സാധാരണ പൗരന് യാത്ര ചെയ്യാന്‍ സാധിക്കുന്നില്ല എന്നത് ക്രമസമാധാന നില തകരുന്നുവെന്നതിന്റെ സൂചനയാണ്. ദല്‍ഹിയിലായാലും മണിപ്പൂരിലാണെങ്കിലും ബി.ജെ.പിക്ക് ക്രമസമാധാനം നിലനിര്‍ത്താന്‍ സാധിക്കുന്നില്ല,’ ആം ആദ്മി നേതാവ് പ്രിയങ്ക കാക്കര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മണിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധിയെ ചുരാന്ദ്പൂരില്‍ വെച്ച് പൊലീസ് തടഞ്ഞത്. റോഡില്‍ വെച്ചിരുന്ന ബാരിക്കേഡ് മാറ്റിക്കൊടുക്കാനും പൊലീസ് തയ്യാറായിരുന്നില്ല. ചുരാചന്ദ്പൂരില്‍ നിന്നും 33 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു പൊലീസിന്റെ നടപടി. മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും ജനങ്ങള്‍ ആയുധങ്ങളുമായി അക്രമാസക്തരായി നില്‍ക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് രാഹുലിന്റെ വാഹനവ്യൂഹം തടഞ്ഞത്.
തുടര്‍ന്ന് ഹെലികോപ്റ്റര്‍ വഴിയാണ് രാഹുല്‍ ഗാന്ധി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സന്ദര്‍ശനം നടത്തിയത്.
ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന് പിന്നാലെ എല്ലാവരും അക്രമത്തിന്റെ പാത ഉപേക്ഷിക്കണംമെന്നും എല്ലാ ജനവിഭാഗങ്ങളും സമാധാന ചര്‍ച്ചകള്‍ക്കായി മുന്നോട്ട് വരണമെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
‘എല്ലാവരും അക്രമത്തിന്റെ പാത ഉപേക്ഷിക്കണം. അക്രമം ആര്‍ക്കും ഒന്നും നേടിത്തരില്ല. ശാന്തിയുടെ മാര്‍ഗമാണ് മുന്നോട്ടേക്ക് വേണ്ടത്. എല്ലാ ജനവിഭാഗങ്ങളും സമാധാന ചര്‍ച്ചകള്‍ക്കായി മുന്നോട്ട് വരണം.
മണിപ്പൂരില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും സമാധാനം ആവശ്യമുണ്ട്. അതിനായി സര്‍ക്കാരുകളുമായി എന്ത് സഹകരണത്തിനും ഞാന്‍ തയ്യാറാണ്. മണിപ്പൂരിലെ എല്ലാ ജനങ്ങളേയും എനിക്ക് ഇഷ്ടമാണ്. മണിപ്പൂരിലുണ്ടായിരിക്കുന്നത് അതിഭീകരമായൊരു ദുരന്തമാണ്. നമ്മളെല്ലാവരും ഇവിടെ സമാധാനം കൊണ്ടുവരാന്‍ ഒന്നിക്കണം.
മണിപ്പൂരിലെ ക്യാമ്പുകളില്‍ ഞാന്‍ പോയി. എല്ലാ കമ്മ്യൂണിറ്റിയിലേയും ജനങ്ങളുമായി ഞാന്‍ ചര്‍ച്ച നടത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. കൃത്യമായി ഭക്ഷണവും മരുന്നും ലഭിക്കുന്നില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
content highlights: It was not right to block Rahul Gandhi in Manipur: Aam Aadmi